പ്രണയമില്ലാതെയാവുന്ന നാള്‍, പ്രവിത അനില്‍കുമാര്‍ എഴുതിയ കവിത

പ്രണയമില്ലാതെയാവുന്ന നാള്‍, പ്രവിത അനില്‍കുമാര്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

പ്രണയമില്ലാതെയാവുന്ന നാള്‍, പ്രവിത അനില്‍കുമാര്‍ എഴുതിയ കവിത

 പ്രണയമില്ലാതെയാവുന്ന നാള്‍

പ്രണയമില്ലാതെയാവുന്ന നാളെന്‍
നിഴലുകളെന്നെ വേര്‍പെട്ടപോല്‍
ഞാനൊരു നിരാനന്ദ നിശ്വാസമായ്
വിദൂരം പുകമറക്കുള്ളിലൊളിപ്പൂ

കണ്ണീര്‍ മഴയിലാകെ നനഞ്ഞിട്ടും
ഉള്‍പ്പിടച്ചിലുകളെന്നെ നീറ്റുന്നപോല്‍
മകരവും മഞ്ഞും കുളിരും വേര്‍പെട്ടു
ചുടുനെടുവീര്‍പ്പിലുലയുന്നു ഹിതം

ശുഭരാഗം തേടി സാരംഗി മീട്ടവേ
സ്വരങ്ങളെന്നില്‍ നിശ്ചലമായ പോല്‍
അനന്യമാം നേര്‍ത്ത നിലാവിന്റെ ഗീതം
നിഷ്പതിക്കും ഉയിരിന്‍ ദീനസ്വരം

പ്രാണനില്‍ പലവുരു പാതിചേര്‍ത്തൊരാ
അലിവും ആശയും ആശ്ളേഷങ്ങളും
വിങ്ങി നിറഞ്ഞിടുന്നുള്ളില്‍ തേങ്ങലായ്

വിധുരഗതി അനസ്യൂതം നീളുന്നു പിന്നെയും
വെറുതെയാണെങ്കിലും നിന്നോര്‍മയെന്നില്‍
കാത്തിരിപ്പിന്‍ പ്രതീക്ഷ നിറക്കുന്നു

നെഞ്ചിടിപ്പിന്‍ വേഗമേറ്റുന്നു
മൂകമായ് നിന്നെയുറക്കെ വിളിക്കുന്നു

പെയ്തുതോര്‍ന്ന രാത്രിമഴയ്ക്കൊടുവിലെ
വേര്‍പ്പുതുള്ളികള്‍ ചിത്രം മെനഞ്ഞതും
നമ്മളെ ചേര്‍ത്തണച്ച പാതിരാ കാറ്റിന്റെ
സ്‌നേഹസുഗന്ധം തിരഞ്ഞുനടന്നതും

കാലങ്ങളാച്ചിത്രം മായ്ക്കും വരേയ്ക്കും
പ്രണയമില്ലാതെയാവില്ലൊരിക്കലും

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍…

By admin