പിടികൂടാൻ ശ്രമിച്ച് പരിക്കേറ്റത് നിരവധി പൊലീസുകാർ, വിമാനത്തിലെത്തി മോഷണം, വെടിവച്ച് വീഴ്ത്തി തമിഴ്നാട് പൊലീസ്

ചെന്നൈ: മുംബൈയിലെ കുപ്രസിദ്ധ മാല മോഷ്ടാവിനെ വെടിവച്ചു കൊന്ന് തമിഴ്നാട് പൊലീസ്. ബുധനാഴ്ചയാണ് ചെന്നൈ പൊലീസ് ജാഫർ ഇറാനിയെന്ന  28കാരനെ വെടിവച്ച് കൊന്നത്. പൊലീസുകാർക്കെതിരെ വെടിയുതിർത്തതോടെയാണ് ഇയാളെ വെടിവച്ച് വീഴ്ത്തിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. താനെയിലെ അംബിവാലിയുടെ പ്രാന്ത പ്രദേശമായ ഇറാനി ബസ്തി സ്വദേശിയാണ് ഇയാൾ. 

19ാം നൂറ്റാണ്ടിൽ ഇറാനിൽ നിന്നെത്തിയ നാടോടി സംഘം താവളമാക്കിയതിന് പിന്നാലെയാണ് ഈ മേഖല ഇറാനി ബസ്തിയെന്ന പേരിൽ അറിയപ്പെടുന്നത്. എട്ട് പൊലീസ് കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ആറ് മാസം മുൻപാണ് ഇയാൾ മറ്റൊരു മോഷണ കേസിൽ ജയിലിൽ നിന്ന് ഇറങ്ങിയത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. 

ഇറാനി ബസ്തിയിലും പരിസരത്തും പൊലീസ് നിരീക്ഷണം ശക്തമായതോടെയാണ് മേഖലയിലെ മോഷണ സംഘങ്ങൾ രാജ്യത്തിന്റെ പലമേഖലയിലേക്ക് മോഷണത്തിനെത്താൻ തുടങ്ങിയത്. വിമാനമാർഗം പ്രമുഖ നഗരങ്ങളിൽ എത്തിയാണ് ഇവർ മോഷണം നടത്തിയിരുന്നത്. ആറോളം യുവതികളുടെ മാലകൾ ചെന്നൈയിൽ മാത്രം ജാഫർ ഇറാനിയുടെ സംഘം മോഷ്ടിച്ചതായാണ് പൊലീസ് വിശദമാക്കുന്നത്. മോട്ടോർ സൈക്കിളിൽ എത്തി മാല പൊട്ടിച്ച് മുങ്ങുന്ന സംഘത്തെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് വെടിവയ്പുണ്ടായത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

By admin