പവര്‍ പ്ലേയില്‍ അടിതെറ്റി ചെന്നൈ, 4 വിക്കറ്റ് നഷ്ടം, ചെപ്പോക്കില്‍ ആദ്യ ജയം സ്വപ്നം കണ്ട് ആര്‍സിബി

ചെന്നൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 197 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന് മോശം തുടക്കം. ആര്‍സിബിക്കെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ചെന്നൈ 8.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സെന്ന നിലയിലാണ്. 26 റണ്‍സോടെ രച്ചിന്‍ രവീന്ദ്ര ക്രീസില്‍. രാഹുല്‍ ത്രിപാഠി(5), നായകന്‍ റുതുരാജ് ഗെയ്ക്‌വാദ്(0), ദീപക് ഹൂഡ(4), സാം കറന്‍(8) എന്നിവരുടെ വിക്കറ്റുകളാണ് ചെന്നൈക്ക് നഷ്ടമായത്. ആര്‍സിബിക്കായി ജോഷ് ഹേസല്‍വുഡ് രണ്ടും ഭുവനേശ്വര്‍ കുമാര്‍, ലിയാം ലിവിംഗ്‌സ്റ്റണ്‍ എന്നിവര്‍ ഒരോ വിക്കറ്റുമെടുത്തു.

197 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ചെന്നൈക്ക് രണ്ടാം ഓവറില്‍ തന്നെ ഹേസല്‍വുഡ് ആദ്യ പ്രഹരമേല്‍പ്പിച്ചു. ഓപ്പണര്‍ രാഹുല്‍ ത്രിപാഠിയെ(5) ഫില്‍ സാള്‍ട്ടിന്‍റെ കൈകളിലെത്തിച്ച ഹേസല്‍വുഡ് പിന്നാലെ നായകന്‍ റുതുരാജ് ഗെയ്ക്‌വാദിനെ(0) പൂജ്യനായി മടക്കി ചെന്നൈയെ ഞെട്ടിച്ചു. നാലാം നമ്പറില്‍ ക്രീസിലിറങ്ങിയ ദീപക് ഹൂഡയെ(4) ഭുവിയും മടക്കിയതോടെ പവര്‍ പ്ലേയില്‍ ചെന്നൈ 40-3ലേക്ക് ഒതുങ്ങി. പവര്‍ പ്ലേക്ക് പിന്നാലെ ലിവിംഗ്സ്റ്റണ്‍ സാം കറനെ വീഴ്ത്തി ചെന്നൈയെ കൂട്ടത്തകര്‍ച്ചയിലാക്കി.

43-ാം വയസിലും അമ്പരപ്പിച്ച് ധോണിയുടെ മിന്നല്‍ സ്റ്റംപിംഗ്, ഇത്തവണ വീണത് ഫില്‍ സാള്‍ട്ട്

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ആര്‍സിബി അര്‍ധസെഞ്ചുറിയുമായി മുന്നില്‍ നിന്ന് നയിച്ച നായകന്‍ രജത് പാട്ടീദാറിന്‍റെയും അവസാന ഓവറില്‍ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ടിം ഡേവിഡിന്‍റെയും ബാറ്റിംഗ് കരുത്തിൽ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സടിച്ചത്. 32 പന്തില്‍ 51 റണ്‍സെടുത്ത പാട്ടീദാറാണ് ആര്‍സിബിയുടെ ടോപ് സ്കോറര്‍. 

വിരാട് കോലി 30 പന്തിൽ 31 റണ്‍സടിച്ചപ്പോള്‍ ഫില്‍ സാള്‍ട്ട് 16 പന്തില്‍ 32 റണ്‍സെടുത്തു. സാം കറനെറിഞ്ഞ അവസാന ഓവറില്‍ മൂന്ന് സിക്സ് അടക്കം 8 പന്തില്‍ 22 റണ്‍സടിച്ച ടിം ഡേവിഡാണ് ആര്‍സിബിയെ 196 റണ്‍സിലെത്തിച്ചത്. ചെന്നൈക്കായി നൂര്‍ അഹമ്മദ് മൂന്ന് വിക്കറ്റുമായി രണ്ടാം മത്സരത്തിലും തിളങ്ങിയപ്പോള്‍ മതീഷ പതിരാന രണ്ട് വിക്കറ്റെടുത്തു.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin