നോമ്പുതുറക്കാൻ വൈകുമെന്ന് കരുതി അമിതവേഗം വേണ്ട; വണ്ടിയിലിരുന്നാൽ ഇഫ്താർ പാക്കറ്റ് കയ്യിലെത്തും

ദുബൈ: ദുബൈയില്‍ റമദാന്‍ മാസത്തിന്‍റെ തുടക്കം മുതല്‍ വാഹന യാത്രക്കാര്‍ക്കായി വിതരണം ചെയ്തത് മൂന്ന് ലക്ഷത്തിലേറെ ഇഫ്താര്‍ പാക്കറ്റുകള്‍. റമദാന്‍റെ 25-ാം ദിവസം വരെ  325,250 ഇഫ്താര്‍ പാക്കറ്റുകളാണ് ദുബൈ പൊലീസ് വിതരണം ചെയ്തത്. റമദാന്‍ വാഹനാപകടങ്ങള്‍ ഇല്ലാതാക്കുക എന്ന ക്യാമ്പയിനിന്‍റെ ഭാഗമായാണിത്. കൃത്യസമയത്ത് നോമ്പുതുറക്കാനായി തിരക്കിട്ട് വാഹനം ഓടിക്കുമ്പോള്‍ പലപ്പോഴും അമിതവേഗം മൂലവും അശ്രദ്ധ മൂലവും അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത് പരിഗണിച്ചാണ് റമദാന്‍ വിതൗട്ട് ആക്സിഡന്‍റ്സ് എന്ന ക്യാമ്പയിന്‍ തുടങ്ങിയത്. 

സുരക്ഷിതമായി വാഹനമോടിക്കേണ്ടത് സംബന്ധിച്ച അവബോധം വര്‍ധിപ്പിക്കാനാണ് ക്യാമ്പയിന്‍ ലക്ഷ്യമിടുന്നത്. നോമ്പുതുറക്കായി തിരക്കിട്ട് പോകുമ്പോള്‍ ഉണ്ടാകുന്ന വാഹനാപകടങ്ങള്‍ കുറയ്ക്കാനായി സിഗ്നലുകളില്‍ വാഹനം നിര്‍ത്തിയിടുമ്പോള്‍ യാത്രക്കാര്‍ക്ക് ഇഫ്താര്‍ പാക്കറ്റുകള്‍ വിതരണം ചെയ്യുകയാണ് ദുബൈ പൊലീസ്. അബുദാബി ഉൾപ്പെടെ യുഎഇയിലെ വിവിധ എമിറേറ്റുകളിലെ പൊലീസും ഇത് തുടരുന്നുണ്ട്. നോമ്പുതുറക്കാന്‍ വൈകുമെന്ന് കരുതി അമിതവേഗം വേണ്ട പൊലീസ് വിതരണം ചെയ്യുന്ന ഇഫ്താര്‍ പാക്കറ്റുകളിലെ വെള്ളം കുടിച്ചും ഭക്ഷണം കഴിച്ചും കൃത്യസമയത്ത് തന്നെ നോമ്പുതുറക്കാനാകും. 

Read Also – ഒമാനിൽ ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ നിർദ്ദേശം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin