ദുഃശീലങ്ങള്‍ മറച്ചുവച്ച് പോളിസി എടുത്താല്‍ അഞ്ചുപൈസ കിട്ടില്ല, വ്യക്തമായ വിധി നല്‍കി സുപ്രീംകോടതി

രോഗ്യ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ മദ്യം, സിഗരറ്റ് അല്ലെങ്കില്‍ പുകയില ശീലങ്ങള്‍ ഉള്ളത് മറച്ചുവെച്ചാല്‍ കിട്ടുക വമ്പന്‍ പണി. ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ പോളിസി ഉടമ തന്‍റെ മദ്യപാന ശീലം മറച്ചുവെച്ചതിനാല്‍ അയാളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിം നിരസിച്ചത് സുപ്രീം കോടതി ശരിവച്ചിരിക്കുകയാണ്. എല്‍ഐസിയുടെ ജീവന്‍ ആരോഗ്യ പദ്ധതിയുമായി ബന്ധപ്പെട്ട കേസിലാണ് വിധി. പോളിസി ഉടമയുടെ മരണശേഷം, ഭാര്യ ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം തേടിയെങ്കിലും ഇന്‍ഷുറന്‍സ് എടുക്കുന്ന സമയത്ത് പോളിസി ഉടമ തന്‍റെ മദ്യപാന ശീലം മറച്ചുവെച്ചിരുന്നുവെന്ന് പറഞ്ഞ് എല്‍ഐസി ക്ലെയിം നിരസിച്ചു.  പോളിസി അപേക്ഷാ ഫോമില്‍ ഇന്‍ഷ്വര്‍ ചെയ്തയാള്‍ മദ്യം, സിഗരറ്റ്, ബീഡി അല്ലെങ്കില്‍ പുകയില ഉപയോഗിക്കുന്നുണ്ടോ എന്ന് വ്യക്തമായ ചോദ്യമുണ്ടെന്ന് കോടതി പറഞ്ഞു, എന്നാല്‍ പോളിസി ഉടമ അതിന് കൃത്യമായി ഉത്തരം നല്‍കിയില്ലെന്ന് കാണിച്ചായിരുന്നു കോടതി വിധി

കേസിന്‍റെ ചരിത്രം

പോളിസി ഉടമയെ കഠിനമായ വയറുവേദനയെ തുടര്‍ന്ന് ഹരിയാനയിലെ ജജ്ജാറില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഏകദേശം ഒരു മാസത്തോളം ചികിത്സയില്‍ തുടര്‍ന്നു, ഒടുവില്‍ ഹൃദയാഘാതം മൂലം പോളിസി ഉടമ മരിച്ചു. പോളിസി ഉടമയുടെ ഭാര്യ,  ആശുപത്രി ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിച്ചെങ്കിലും എല്‍ഐസി ചികിത്സാ ചെലവുകള്‍ നല്‍കാന്‍ വിസമ്മതിച്ചു.  ‘സ്വയം വരുത്തിവച്ച അവസ്ഥയും’ ‘മദ്യത്തിന്‍റെ ദുരുപയോഗത്തില്‍ നിന്ന് ഉണ്ടായ സങ്കീര്‍ണതയും’ കാരണം കവറേജ് നിഷേധിക്കുന്നുവെന്നായിരുന്നു എല്‍ഐസിയുടെ വിശദീകരണം. തുടര്‍ന്ന് പോളിസി ഉടമയുടെ ഭാര്യ ജില്ലാ ഉപഭോക്തൃ ഫോറത്തെ സമീപിച്ചതോടെ  ചെലവുകള്‍ക്കൊപ്പം എല്‍ഐസി 5.21 ലക്ഷം നല്‍കാന്‍ ഫോറം നിര്‍ദ്ദേശിച്ചു. പോളിസി ഉടമയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ പ്രമേഹവും വിട്ടുമാറാത്ത കരള്‍ രോഗവും ബാധിച്ചിരുന്നെങ്കിലും, അദ്ദേഹത്തിന്‍റെ മരണം ഹൃദയാഘാതം മൂലമായിരുന്നുവെന്നും അത് മുമ്പുണ്ടായിരുന്ന രോഗങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നില്ലെന്നുമുള്ള വാദം ഉന്നയിച്ച് സംസ്ഥാന ഉപഭോക്തൃ കമ്മീഷനും ദേശീയ ഉപഭോക്തൃ കമ്മീഷനും ഈ തീരുമാനം ശരിവച്ചു.തുടര്‍ന്ന് അഭിഭാഷകന്‍ ആര്‍ ചന്ദ്രചൂഡ് മുഖേന എല്‍ഐസി സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് എല്‍ഐസിക്ക് അനുകൂലമായ വിധി ലഭിച്ചത്. എല്‍ഐസി ഇന്‍ഷുറന്‍സിന്‍റെ ക്ലോസ് 7(11) ഉദ്ധരിക്കുകയുംമദ്യം അല്ലെങ്കില്‍ മയക്കുമരുന്ന് ദുരുപയോഗം മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ക്ക് പരിരക്ഷ ലഭിക്കില്ലെന്ന് അതില്‍ പറയുന്നുണ്ടെന്നും കോടതിക്ക് ബോധ്യമായി. പോളിസി ഉടമയുടെ മദ്യപാന ചരിത്രം മെഡിക്കല്‍ രേഖകളില്‍ ഉണ്ടെന്നും അദ്ദേഹം ഈ വിവരം മനഃപൂര്‍വ്വം മറച്ചുവെച്ചിരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.

By admin