തറയിലും ഭിത്തിയിലും രക്തക്കറ, മുടിയുടെ അവശിഷ്ടങ്ങളും കണ്ടെത്തി; തൊടുപുഴ ബിജു വധക്കേസിൽ തെളിവെടുപ്പ് തുടരുന്നു
ഇടുക്കി: ഇടുക്കി തൊടുപുഴ ബിജു വധക്കേസില്‍ ഒന്നാം പ്രതി ജോമോൻ്റെ വീട്ടിൽ നിന്ന് രക്തക്കറ കണ്ടെത്തി. ജോമോൻ്റെ വീട്ടിലെ തറയിലും ഭിത്തിയിലുമാണ് രക്തക്കറ കണ്ടെത്തിയത്. മുടിയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. വീട്ടിലെ മുറിക്കുള്ളിലാണ് ബിജുവിനെ കിടത്തിയതെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു.
പ്രതികളായ ജോമോനും മുഹമ്മദ് അസ്ലമും ആഷിഖും ചേർന്നാണ് ബിജുവിനെ വീട്ടിലെത്തിച്ചത്. മരിച്ചെന്നുറപ്പായപ്പോൾ ജോമിനെയും വിളിച്ച് വരുത്തി. നാല് പേരും ചേർന്നാണ് ബിജുവിൻ്റെ മൃതദേഹം ഗോഡൗണിലേക്ക് മാറ്റിയത്. കുറ്റകൃത്യത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കൃറ്റകൃത്യം നടന്ന സ്ഥലത്ത് ഫോറൻസിക്, വിരലടയാള വിദഗ്ധരും പരിശോധന നടത്തുന്നു. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്.
കേസിൽ മുഖ്യപ്രതിയായ ജോമോന്‍ കൊല്ലപ്പെട്ട ബിജുവിന്റെ മുൻ ബിസിനസ് പങ്കാളിയാണ്. ഇരുവരും തമ്മിലുള്ള ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് മോജമോനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നാല് പ്രതികളാണ് കേസിലുള്ളത്. ജോമോൻ ബിജുവിനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തതാണെന്നാണ് മൊഴി.