ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ലഭിക്കുന്ന പിന്തുണ യഥാര്‍ത്ഥത്തില്‍ ടീമിന് ലഭിക്കുന്ന പിന്തുണയല്ലെന്ന് മുന്‍ ചെന്നൈ താരം അംബാട്ടി റായുഡു. അത് ചെന്നൈ മുന്‍ നായകന്‍ എം എസ് ധോണിക്ക് ലഭിക്കുന്ന പിന്തുണയാണെന്നും ചെന്നൈ താരങ്ങളാരും ഇക്കാര്യം പരസ്യമായി പറയില്ലെങ്കിലും രഹസ്യമായി സമ്മതിക്കുമെന്നും അംബാട്ടി റായുഡു ക്രിക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ചെപ്പോക്കിലെ ആരാധകര്‍ക്ക് ധോണിയാണ് എല്ലാം. പക്ഷെ അത് ചെന്നൈ ടീമിന് എത്രമാത്രം ഗുണകരമാണെന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. ഒരു പുതുമുഖ താരമായി ചെന്നൈയില്‍ കളിക്കാനിറങ്ങിയാല്‍ അവിടെ ധോണിക്ക് ലഭിക്കുന്ന പിന്തുണ കണ്ട് നിങ്ങൾ അമ്പരക്കും. അത്രയും ഉച്ചത്തിലാണ് അവിടെ ധോണി….ധോണി വിളികള്‍ മുഴങ്ങുക. അത് അസാധാരണ അനുഭവമാണ്. പക്ഷെ പിന്നീടാണ് നിങ്ങള്‍ തിരിച്ചറിയുക, അതൊന്നും ചെന്നൈ ടീമിന് ലഭിക്കുന്ന പിന്തുണയല്ല, ധോണിയെന്ന വ്യക്തിക്ക് മാത്രം പിന്തുണ ആണെന്ന്.
അതുകൊണ്ട് ടീമിന് എന്തെങ്കിലും ഗുണമുണ്ടോ എന്നതാണ് ചോദ്യം. പക്ഷെ അതെന്തായാലും അങ്ങനെയാണ് ചെന്നൈ ടീം കെട്ടിപ്പടുത്തിരിക്കുന്നത്. അതുകൊണ്ടാണ് ചെന്നൈ ആരാധകര്‍ ധോണിയെ തലയെന്ന് വിളിക്കുന്നത്. ചെന്നൈ കുപ്പായത്തില്‍ അദ്ദേഹത്തിന്‍റെ നേട്ടങ്ങളെ അവര്‍ ഭ്രാന്തമായി ആരാധിക്കുന്നു. ധോണിയില്ലാതെ ആരാധകരെ ആകര്‍ഷിക്കുകയെന്ന കാര്യം ചെന്നൈ ടീമിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. പ്രത്യേകിച്ച് സാധാരണ ദിവങ്ങളിലെ കളികളില്‍. ഐപിഎല്ലിലെ ഏതെങ്കിലും ഒരു കളിക്കാരന് അത്തരത്തില്‍ സ്റ്റേഡിയത്തില്‍ ആരാധകരെ നിറക്കാനാകുമോ എന്ന് സംശയമാണ്. അതുകൊണ്ട് തന്നെ ധോണിയില്ലാതെ എങ്ങനെ ആരാധകരെ കൊണ്ടുവരാന്‍ കഴിയുമെന്ന് ചെന്നൈ ആലോചിക്കേണ്ട കാര്യമാണെന്നും അംബാട്ടി റായുഡു പറഞ്ഞു.