കൊല്ലത്ത് ചാരായവേട്ട; 15 ലിറ്റർ ചാരായവും, 50 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു
കൊല്ലം: കൊല്ലം മൺറോ തുരുത്തിൽ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. തുമ്പുമുഖ ഭാഗത്ത് താമസിക്കുന്ന റാവുകുട്ടൻ (55 വയസ്) എന്നയാളെയാണ് 15 ലിറ്റർ ചാരായവും, 50 ലിറ്റർ കോടയും, വാറ്റുപകരണങ്ങളുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി.ശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വിനോദ് ആർ.ജി, ശ്രീകുമാർ ജി, പ്രിവന്റീവ് ഓഫീസർമാരായ ജ്യോതി ടി.ആർ, അനീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സാലിം, ആസിഫ് അഹമ്മദ്, വനിത സിവിൽ എക്സൈസ് ഓഫീസർ പ്രിയങ്ക എന്നിവർ പങ്കെടുത്തു.
മറ്റൊരു സംഭവത്തിൽ കഴിഞ്ഞ ദിവസം കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ നടന്ന വാഹന പരിശോധനയിൽ അനധികൃതമായി കടത്തിക്കൊണ്ട് വന്ന 150 തിരകൾ കണ്ടെടുത്തു. കർണ്ണാടകത്തിലെ വിരാജ് പേട്ടയിൽ നിന്നും കൂട്ടുപുഴ വഴി കണ്ണൂർ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസിലാണ് തിരകൾ കണ്ടെടുത്തത്.
ഉടമസ്ഥനാരെന്ന് തിരിച്ചറിയാത്ത ഷോൾഡർ ബാഗിനുളളിൽ ഭദ്രമായി പൊതിഞ്ഞുവെച്ച നിലയിലായിരുന്നു ഇവ. കസ്റ്റഡിയിലെടുത്ത തൊണ്ടി മുതലുകളും കേസ് രേഖകളും എക്സൈസുകാർ തുടർന്ന് ഇരിട്ടി പൊലീസിന് കൈമാറി. എക്സൈസ് ഇൻസ്പെക്ടർ രാജീവ്.വി.ആറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.