കെയ്റോ: ഈജിപ്തിന്റെ കിഴക്കൻ മേഖലയിൽ ചെങ്കടലിൽ പവിഴപ്പുറ്റുകൾ കാണാൻ പോയ അന്തർവാഹിനിയായ സിൻബാദ് തകർന്നു. ആറ് റഷ്യക്കാർക്ക് ദാരുണാന്ത്യം. വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ 50 പേരുമായി കടലിന് അടിയിലേക്ക് യാത്ര തിരിച്ച അന്തർവാഹിനിയാണ് അപകടത്തിൽപ്പെട്ടത്. റഷ്യ, ഇന്ത്യ, നോർവെ, സ്വീഡൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 45 വിദേശ വിനോദ സഞ്ചാരികളും 5 ക്രൂ അംഗങ്ങളുമായിരുന്നു സിൻബാദ് എന്ന അന്തർവാഹിനിയിലുണ്ടായിരുന്നത്. ഇതിൽ 39 പേരെ കടലിൽ നിന്ന് രക്ഷിക്കാനായെന്നാണ് അധികൃതർ വിശദമാക്കുന്നത്.
പരിക്കേറ്റ യാത്രക്കാരിൽ ഏറെയും ചികിത്സ ലഭ്യമാക്കി ഇവർ താമസിച്ചിരുന്ന ഹോട്ടലുകളിലും ആശുപത്രികളിലുമായി താമസിപ്പിച്ചിരിക്കുന്നതായാണ് ഹുർഗദയിലെ റഷ്യൻ കോൺസുലേറ്റ് വിശദമാക്കുന്നത്. ചെങ്കടലിലെ കടലിനടിയിലെ പവിഴപ്പുറ്റുകളും മത്സ്യ സമ്പത്തും കാണാനുള്ള അവസരം നോക്കി നിരവധി വിനോദ സഞ്ചാരികളാണ് മേഖലയിലേക്ക് എത്തുന്നത്. കടലിനടിയിൽ 25 മീറ്റർ ആഴത്തിലേക്ക് പോവാൻ സജ്ജമായതാണ് നിലവിൽ തകർന്ന സിൻബാദ് എന്ന അന്തർവാഹിനിയെന്നാണ് ലഭ്യമാകുന്ന വിവരം. ആളുകൾ അന്തർവാഹിനിയിലേക്ക് കയറുമ്പോൾ തന്നെ സിൻബാദ് മുങ്ങാൻ ആരംഭിച്ചതായും തുറന്ന് കിടന്ന വാതിലിലൂടെ കടൽ വെള്ളം അന്തർവാഹിനിയിലേക്ക് ഇരച്ച് കയറിയെന്നുമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ വിശദമാക്കുന്നത്. പവിഴപ്പുറ്റിൽ ഇടിച്ച് പ്രഷർ സംവിധാനം തകർന്നതാണ് അപകത്തിന് പിന്നിലെന്നും റിപ്പോർട്ടുകൾ പരാമർശിക്കുന്നുണ്ട്. 2023 ജൂൺ മാസത്തിൽ അറ്റ്ലാൻറിക് സമുദ്രത്തിൽ തകർന്ന ടൈറ്റന് സമാനമായ രീതിയിലാണ് സിൻബാദും തകർന്നതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നിരവധി സമാനതകളാണ് ഇരു അപകടങ്ങളിലും ഉള്ളത്. കടലിന് അടിയിലെ വിസ്മയങ്ങൾ തേടിയെത്തിയ സഞ്ചാരികളാണ് രണ്ട് സംഭവത്തിലും കൊല്ലപ്പെട്ടത്. കടലിന് അടിയിൽ 72 അടിയോളം താഴ്ചയിലാണ് സിൻബാദ് തകർന്നത്. മാതാപിതാക്കൾക്കൊപ്പം പവിഴപ്പുറ്റുകൾ കാണാനെത്തിയ മക്കളും ടൈറ്റന് സമാനമായി സിൻബാദിലും ഉണ്ടായിരുന്നു. മൂന്ന് മണിക്കൂർ നീളുന്ന സന്ദർശനത്തിന് മുതിർന്നവർക്ക് 68 യൂറോ(7,521രൂപ)യും കുട്ടികൾക്ക് 35 യൂറോ(3,871)യുമാണ് സിൻബാദ് ഈടാക്കിയിരുന്നത്. നിരവധി വർഷങ്ങളായി മേഖലയിൽ മറ്റ് അപകടങ്ങളൊന്നും കൂടാതെ ഉല്ലാസയാത്ര നടത്തിയിരുന്ന അന്തർവാഹിനിയാണ് തകർന്നത്. ലോകത്തിലെ തന്നെ ഉല്ലാസ യാത്രക്കായുള്ള 14 അന്തർവാഹിനികളിൽ രണ്ട് എണ്ണം സിൻബാദിന്റെ ഉടമകളുടേതാണ്.
ഈജിപ്തിലെ വിനോദസഞ്ചാര മേഖലയിൽ ഏറെ പ്രാധാന്യമുള്ളതാണ് ഈ മേഖല. സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ല് എന്ന് വിളിക്കപ്പെടുന്നതും ഈ മേഖലയിലെ വിനോദസഞ്ചാരത്തിൽ നിന്നുള്ള വരുമാനമാണ്. റഷ്യൻ സഞ്ചാരികളാണ് ഈജിപ്തിലേക്ക് എത്തുന്നവരിൽ ഏറിയ പങ്കും. അന്തർവാഹിനി മുങ്ങിപ്പോയതിന്റെ കാരണം കണ്ടെത്താനുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. മേഖലയിൽ വിനോദ സഞ്ചാര ബോട്ടുകൾ അടുത്ത കാലത്ത് പതിവായി അപകടത്തിൽപ്പെടുന്നുണ്ട്. ജൂൺ മാസത്തിൽ വിനോദ സഞ്ചാര ബോട്ട് മുങ്ങിയെങ്കിലും ആളപായം നേരിട്ടിരുന്നില്ല. നവംബറിൽ 31 യാത്രക്കാരും 13 ജീവനക്കാരുമായി പോയ കപ്പൽ മുങ്ങി 11 പേർ കൊല്ലപ്പെട്ടിരുന്നു.