ഐപിഎല്‍: പട നയിച്ച് പാട്ടീദാര്‍, ചെന്നൈക്കെതിരെ ആര്‍ സി ബിക്ക് മികച്ച സ്കോര്‍

ചെന്നൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 197 റണ്‍സ് വിജയലക്ഷ്യം. അര്‍ധസെഞ്ചുറിയുമായി മുന്നില്‍ നിന്ന് നയിച്ച നായകന്‍ രജത് പാട്ടീദാറിന്‍റെയും അവസാന ഓവറില്‍ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ടിം ഡേവിഡിന്‍റെയും ബാറ്റിംഗ് കരുത്തിൽ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സടിച്ചു. 32 പന്തില്‍ 51 റണ്‍സെടുത്ത പാട്ടീദാറാണ് ആര്‍സിബിയുടെ ടോപ് സ്കോറര്‍. വിരാട് കോലി 30 പന്തിൽ 31 റണ്‍സടിച്ചപ്പോള്‍ ഫില്‍ സാള്‍ട്ട് 16 പന്തില്‍ 32 റണ്‍സെടുത്തു. സാം കറനെറിഞ്ഞ അവസാന ഓവറില്‍ മൂന്ന് സിക്സ് അടക്കം 8 പന്തില്‍ 22 റണ്‍സടിച്ച ടിം ഡേവിഡാണ് ആര്‍സിബിയെ 196 റണ്‍സിലെത്തിച്ചത്. ചെന്നൈക്കായി നൂര്‍ അഹമ്മദ് മൂന്ന് വിക്കറ്റുമായി രണ്ടാം മത്സരത്തിലും തിളങ്ങിയപ്പോള്‍ മതീഷ പതിരാന രണ്ട് വിക്കറ്റെടുത്തു.

ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ആര്‍സിബിക്ക് സാള്‍ട്ട് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. ഖലീല്‍ അഹമ്മദ് എറിഞ്ഞ പവര്‍പ്ലേയിലെ ആദ്യ ഓവറില്‍ രണ്ട് ബൗണ്ടറിയടക്കം സാള്‍ട്ട്  ഒമ്പത് റണ്‍സടിച്ചു. അശ്വിന്‍ എറിഞ്ഞ രണ്ടാം ഓവറില്‍ വെടിക്കെട്ട് തുടര്‍ന്ന സാള്‍ട്ട് രണ്ട് ഫോറും ഒരു സിക്സും അടക്കം 16 റണ്‍സടിച്ച് തുടക്കം ഗംഭീരമാക്കി. പവര്‍ പ്ലേയിൽ വിരാട് കോലി ടൈമിംഗ് കണ്ടെത്താന്‍ പാടുപെട്ടപ്പോള്‍ പവര്‍പ്ലേയില്‍ ആര്‍സിബി 54 റണ്‍സിലൊതുങ്ങി. അഞ്ചാം ഓവറിലെ അവസാന പന്തില്‍ സാള്‍ട്ടിനെ(16 പന്തില്‍ 32) വീഴ്ത്തിയ നൂര്‍ അഹമ്മദാണ് ആര്‍സിബിയുടെ കുതിപ്പിന് കടിഞ്ഞാണിട്ടത്. മൂന്നാം നമ്പറിലിറങ്ങിയ ദേവ്ദത്ത് പടിക്കല്‍ തകര്‍ത്തടിച്ചാണ് തുടങ്ങിയത്. 14 പന്തില്‍ 27 റണ്‍സടിച്ച ദേവ്ദത്തിനെ റുതുരാജ് ഗെയ്ക്‌വാദ് പറന്നു പിടിച്ചപ്പോള്‍ ആര്‍സിബി വീണ്ടും കിതച്ചു.

ഐപിഎല്‍: തകര്‍ത്തടിച്ച സാള്‍ട്ടിനെ മടക്കിയ ധോണി മാജിക്ക്, ചെന്നൈക്കെതിരെ ആര്‍സിബിക്ക് ഭേദപ്പെട്ട തുടക്കം

വിരാട് കോലി താളം കണ്ടെത്താന്‍ പാടുപെട്ടപ്പോള്‍ രജത് പാട്ടീദാറാണ് ആര്‍സിബിയെ മുന്നോട്ടു നയിച്ചത്. രണ്ട് ബൗണ്ടറിയും ഒരു സിക്സും പറത്തി 30 പന്തില്‍ 31 റണ്‍സെടുത്ത കോലിയെ നൂര്‍ അഹമ്മദ് മടക്കുമ്പോള്‍ ആര്‍സിബി സ്കോര്‍ 13-ാം ഓവറില്‍ 117ല്‍ എത്തിയിരുന്നു. ലിയാം ലിവിംഗ്‌സ്റ്റണും(9 പന്തില്‍ 10), ജിതേഷ് ശര്‍മയും(6 പന്തില്‍ 12) കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയപ്പോള്‍ അവസാന ഓവറുകളില്‍ പാട്ടീദാറിനെയും ക്രുനാലിനെയും വീഴ്ത്തിയ പതിരാന ആര്‍സിബിയെ റണ്‍സിലൊതുക്കി. പത്തൊമ്പതാം ഓവര്‍ എറിഞ്ഞ പതിരാന ഒരു റണ്‍സ് മാത്രം വിട്ടുകൊടുത്ത് രജത് പാടീദാറിനെയും ക്രുനാല്‍ പാണ്ഡ്യയെയും വീഴ്ത്തിയെങ്കിലും സാം കറനെറിഞ്ഞ അവസാന ഓവരില്‍ 19 റൺസടിച്ച ടിം ഡേവിഡ് ആര്‍സിബിയെ 196ല്‍ എത്തിച്ചു. ചെന്നൈക്കായി നൂര്‍ അഹമ്മദ് 36 റൺസിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മതീഷ പതിരാന രണ്ടും അശ്വിനും ഖലീല്‍ അഹമ്മദും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

‘ചെന്നൈ ടീം അംഗങ്ങള്‍ അത് പരസ്യമായി പറയില്ല, പക്ഷെ രഹസ്യമായി സമ്മതിക്കും’, തുറന്നു പറഞ്ഞ് അംബാട്ടി റായുഡു

നേരത്തെ  ടോസ് നേടിയ ചെന്നൈ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മുംബൈ ഇന്ത്യൻസിനെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്നിറങ്ങിയത്. കഴിഞ്ഞ മത്സരം കളിച്ച നഥാന്‍ എല്ലിസിന് പകരം മതീഷ പതിരാന ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആദ്യ മത്സരം ജയിച്ച ടീമില്‍ ആര്‍സിബിയും ഒരു മാറ്റം വരുത്തിയിരുന്നു. റാസിക് സലാമിന് പകരം പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ആര്‍സിബിയുടെ പ്ലേയിംഗ് ഇലവനിലെത്തി.  2008നുശേഷം ചെപ്പോക്കില്‍ ആദ്യ വിജയമാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു തേടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin