എടുത്തു കൊണ്ടു പോയ ഫോണ്‍ തിരികെച്ചോദിച്ചത് ചൊടിപ്പിച്ചു, ചുറ്റിക കൊണ്ട് തലക്കടിച്ചു; പ്രതി റിമാന്റിൽ

തൃശൂർ: ചുറ്റിക കൊണ്ട് തലക്കടിച്ച് പരുക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടി റിമാന്റ് ചെയ്തു. ഗണേശമംഗലം  തിരുവണ്ണാൻപറമ്പിൽ  അജീഷിനെ ആക്രമിച്ച കേസിലെ പ്രതി മതിലകം തപ്പിള്ളി വീട്ടിൽ നസ്മൽ(23) ആണ് റിമാൻഡിലായത്. 2024  ആഗസ്റ്റ് 18 ന് വൈകീട്ട് 05.30 നാണ് കേസിനാസ്പദമായ സംഭവം.   

അജീഷിന്റെ ബന്ധുവിന്റെ മൊബൈൽ ഫോൺ നസ്മലിന്റെ സുഹൃത്ത് എടുത്ത് കൊണ്ട് പോയത് തിരികെ ചോദിച്ചതിന്റെ വിരോധത്തിൽ  ഗണേശമംഗലത്ത് വെച്ച് അജീഷിനെ തടഞ്ഞ് നിർത്തി ഇരുമ്പ് ചുറ്റിക കൊണ്ട് ഇടത് കവിളിന് മുകളിലും വലത് കാൽ മുട്ടിലും ഇടത് കാൽ മസിലിലും അടിച്ച് പരിക്കേല്പിക്കുകയായിരുന്നു. ഒളിവിൽ പോയ നസ്മൽ തൃപ്രയാർ വന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന്  വാടാനപ്പള്ളി പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കുകയായിരുന്നു.

നസ്മലിന് 2023 ൽ അടിപിടിക്കേസും 2024 ൽ കവർച്ചക്കേസും തട്ടിപ്പു കേസും അടിപിടിക്കേസും അടക്കം 4 കേസുകളുണ്ട്. വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ എസ്.ഐ. ശ്രീലക്ഷ്മി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാജ്കുമാർ, ജിനേഷ്, സിവിൽ പൊലീസ് ഓഫീസർ അലി എന്നിവരാണ് പ്രതിയെ പിടികൂടിയ പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

By admin