ഇതാണ് ദുബൈയിലെ ആ വീട്, റമദാനിൽ ഏറ്റവും ഭം​ഗിയായി അലങ്കരിക്കപ്പെട്ട വീടിന്റെ വിജയികളെ പ്രഖ്യാപിച്ചു

ഇതാണ് ദുബൈയിലെ ആ വീട്, റമദാനിൽ ഏറ്റവും ഭം​ഗിയായി അലങ്കരിക്കപ്പെട്ട വീടിന്റെ വിജയികളെ പ്രഖ്യാപിച്ചു

ദുബൈ: റമദാൻ അവസാനിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ദുബൈ എമിറേറ്റിലെ ഏറ്റവും ഭം​ഗിയായി അലങ്കരിക്കപ്പെട്ട വീടിന്റെ വിജയികളെ പ്രഖ്യാപിച്ചു. മുഹൈസിനയിലുള്ള അസ്മ അൽ യാസി എന്ന യുവതിയാണ് മത്സരത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. ഒരു ലക്ഷം ദിർഹം ക്യാഷ് പ്രൈസും ഉംറ ടിക്കറ്റുകളുമാണ് സമ്മാനമായി ലഭിച്ചത്. റമദാൻ ആഘോഷങ്ങളോടനുബന്ധിച്ച് ബ്രാൻഡ് ദുബൈയും ഫർജാൻ ദുബൈയും സംയുക്തമായാണ് സ്വന്തം വീടുകൾ അലങ്കരിച്ച് ഭം​ഗിയാക്കി സമ്മാനങ്ങൾ നേടാൻ കഴിയുന്ന ഈ വേറിട്ട മത്സരം സംഘടിപ്പിച്ചത്. 

മത്സരം അവസാനിക്കാൻ അഞ്ച് ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് അസ്മ അൽ യാസി മത്സരത്തിൽ പങ്കാളിയായത്. അഞ്ച് ദിവസം കൊണ്ടാണ് വീടിന്റെ അലങ്കാരപ്പണികൾ മുഴുവനും പൂർത്തിയാക്കിയതെന്നും അവസാന ദിവസത്തിലാണ് മത്സരത്തിനുള്ള അപേക്ഷ സമർപ്പിച്ചതെന്നും ഇവർ  ഖലീജ് ടൈംസിനോട് പറഞ്ഞു. അതിശയകരമായാണ് വീട് അലങ്കരിച്ചിരിക്കുന്നത്. ആറ് മീറ്ററോളം നീളമുള്ള ചന്ദ്രക്കല സ്ഥാപിച്ചിരിക്കുന്നതാണ് അലങ്കാരത്തിൽ ഏറ്റവും ആകർഷണീയം. കൂടാതെ വീടിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള പരമ്പരാ​ഗതമായ പീരങ്കിയും അലങ്കാരങ്ങൾക്ക് പ്രത്യേകമായ മാറ്റ് കൂട്ടുന്നവയാണ്. ബ്രാൻഡ് ദുബൈ, ഫർജാൻ ദുബൈ എന്നീ ഹാഷ്ടാ​ഗുകൾ ലൈറ്റുകൾ ഉപയോ​ഗിച്ച് പ്രദർശിപ്പിച്ചിരിക്കുന്നത് അതിമനോഹരമായ കാഴ്ചയാണ്. മറ്റുള്ളവർ ഇത്തരം ആശയങ്ങൾ വീട് അലങ്കരിക്കുന്നതിൽ ഉൾപ്പെടുത്താത്തതിനാൽ ഞാൻ അവരിൽ നിന്നും വേറിട്ടുനിന്നു. ഇതോടെയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എങ്കിലും ഇടം പിടിക്കാൻ കഴിയുമെന്ന വിശ്വാസം നൽകിയതെന്ന് അസ്മ പറയുന്നു. 

അൽ വർഖ 3ൽ നിന്നുള്ള മൻസൂർ മുഹമ്മദ്, അബ്ബാസ് അൽ ഖജ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്. ഇരുവരും അയൽവാസികളാണെന്നുള്ളത് മത്സരത്തിൽ സമൂഹ മനസ്കതയുടെ മറ്റൊരു ആശയം കൂടി കൊണ്ടുവന്നു. വർഷങ്ങളായി അബ്ബാസ് റമദാനോടനുബന്ധിച്ച് വീട് അലങ്കരിക്കുമായിരുന്നു. അബ്ബാസിന്റെ ഈ പ്രയത്നത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അയൽവാസിയായ മൻസൂറും ഇത്തവണ വീട് അലങ്കരിച്ചത്. കുട്ടികളാണ് ഈ മത്സരത്തെപ്പറ്റി പറഞ്ഞതെന്നും അതോടെയാണ് മത്സരത്തിൽ പങ്കെടുക്കാമെന്ന് തീരുമാനിച്ചതെന്നും മൻസൂർ പറയുന്നു. രണ്ടാം സ്ഥാനത്തെത്തിയ മൻസൂർ മുഹമ്മദ് 60,000 ദിർഹവും മൂന്നാം സ്ഥാനത്തെത്തിയ അബ്ബാസ് അൽ ഖജ 40,000 ദിർഹവും സ്വന്തമാക്കി. അലങ്കാരപ്പണികൾ നടത്തുന്നത് തനിക്ക് ഒരു ഹോബിയാണെന്നും ഇത് സമ്മാനത്തിന് വേണ്ടി ചെയ്തതല്ലെന്നും അൽ ഖജ പറയുന്നു. കുടുംബക്കാരും കൂട്ടുകാരും പറഞ്ഞതോടെയാണ് മത്സരത്തിൽ പങ്കാളിയാകാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇതാണ് ദുബൈയിലെ ആ വീട്, റമദാനിൽ ഏറ്റവും ഭം​ഗിയായി അലങ്കരിക്കപ്പെട്ട വീടിന്റെ വിജയികളെ പ്രഖ്യാപിച്ചു

read more: അറബിക് കാലി​ഗ്രഫിയിൽ രൂപകൽപ്പന, യുഎഇ ദിർഹത്തിന് ഇനി പുതിയ ലോ​ഗോ 

മത്സരത്തിന്റെ തുടക്കത്തിൽ ആദ്യ മൂന്ന് വിജയികൾക്ക് സമ്മാനങ്ങളും ഏഴ് ഉംറ ടിക്കറ്റുകളുമാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പിന്നീട് കൂടുതൽ പേർക്ക് സമ്മാനം നൽകാൻ തീരുമാനിക്കുകയായിരുന്നു എന്ന് റമദാൻ ഇൻ ദുബൈ കാമ്പയിൻ അം​ഗം സാറ മെർദാസ് പറഞ്ഞു. ഇയർ ഓഫ് കമ്യൂണിറ്റിയുടെ ഭാ​ഗമായി നടത്തുന്ന ഈ മത്സരം രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം ശക്തിപ്പെടുത്തുകയും സമൂഹത്തിനുള്ളിൽ ആഴത്തിലുള്ള ബന്ധങ്ങൾ വളർത്തുകയും സമ്പന്നമായ പാരമ്പര്യം നിലവിലെയും ഭാവിയിലെയും തലമുറകൾക്കായി സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

By admin