‘അമേരിക്കയുമായി ഇനി പഴയ ബന്ധമില്ല, പരമാവധി ആഘാതമേൽപ്പിക്കും’; തുറന്നടിച്ച് മാർക്ക് കാർണി

ഒട്ടാവ: താരിഫ് യുദ്ധത്തിൽ ഡോണൾഡ് ട്രംപിന് കനത്ത മറുപടിയുമായി കാനഡ. അമേരിക്കയുമായുള്ള പഴയ ബന്ധം പൂർണമായി അവസാനിച്ചെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു. സാമ്പത്തികമായും സൈനികമായും ഇനി അമേരിക്കയുമായി യാതൊരു സഹകരണവുമില്ല. അമേരിക്കൻ സാമ്പത്തിക വ്യവസ്ഥയ്ക്ക് പരമാവധി ആഘാതമേൽപിക്കും വിധം എതിർ താരിഫുകൾ ചുമത്തുമെന്നും കാർണി അറിയിച്ചു. കാനഡയും അമേരിക്കയും തമ്മിലുള്ള ആഴത്തിലുള്ള സാമ്പത്തിക, സുരക്ഷാ, സൈനിക ബന്ധങ്ങളുടെ യുഗം അവസാനിച്ചുവെന്നായിരുന്നു കാർണിയുടെ വാക്കുകൾ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാഹനങ്ങൾക്ക് ഉയർന്ന താരിഫ് പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു കാർണിയുടെ പ്രസ്താവന.

അമേരിക്കയിലേക്കുള്ള വാഹന ഇറക്കുമതിക്ക് ട്രംപ് 25 ശതമാനം ലെവി ഏർപ്പെടുത്തിയത് അടുത്ത ആഴ്ച മുതൽ പ്രാബല്യത്തിൽ വരും. കനേഡിയൻ ഓട്ടോ മേഖലക്ക് കനത്ത തിരിച്ചടിയാകുന്നതാണ് ട്രംപിന്റെ തീരുമാനം. ട്രംപിന്റെ പ്രഖ്യാപനത്തിനുശേഷം, ഏപ്രിൽ 28 ന് കാനഡയിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി കാർണി തന്റെ പ്രചാരണം താൽക്കാലികമായി നിർത്തിവച്ച. അമേരിക്കയുമായുള്ള വ്യാപാര പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി കാബിനറ്റ് അംഗങ്ങളുടെ യോഗത്തിനായി ഒട്ടാവയിലേക്ക് മടങ്ങി.

ട്രംപിന്റെ വാഹന താരിഫുകൾ ന്യായീകരിക്കാനാവാത്തതാണെന്നും രാജ്യങ്ങൾ തമ്മിലുള്ള നിലവിലുള്ള വ്യാപാര കരാറുകളുടെ ലംഘനമാണെന്നും കാർണി പറഞ്ഞു. അമേരിക്കയുമായുള്ള ബന്ധം ട്രംപ് ശാശ്വതമായി മാറ്റിമറിച്ചെന്നും ഭാവിയിൽ എന്തെങ്കിലും വ്യാപാര കരാറുകൾ ഉണ്ടായാലും പിന്നോട്ടുപോകില്ലെന്നും അദ്ദേഹം പറഞ്ഞു.  

By admin