ശ്ശോ, എന്തൊരു സത്യസന്ധത, ടാക്സി ഡ്രൈവർ നഷ്ടപ്പെട്ട ഫോൺ തിരികെയെത്തിച്ചത് ഇങ്ങനെ, പോസ്റ്റ്
ടാക്സിയിൽ മറന്നുവച്ച ഫോൺ എങ്ങനെയാണ് കാബ് ഡ്രൈവർ തനിക്ക് തിരികെ നൽകിയതെന്ന ഹൃദയസ്പർശിയായ പോസ്റ്റ് പങ്കുവച്ച് റെഡ്ഡിറ്റ് യൂസർ. സത്യസന്ധനായ കാബ് ഡ്രൈവർ നഷ്ടപ്പെട്ട ഫോൺ തിരികെ നൽകി എന്ന കാപ്ഷനോടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
ബെംഗളൂരുവിലെ ഹെബ്ബാളിൽ നിന്നാണ് യുവാവ് കാറിൽ ഫോൺ മറന്നു വച്ചത്. രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. ആ സമയത്ത് ആപ്പ് വഴി ടാക്സി ബുക്ക് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. മാത്രമല്ല, ഫോണിലെ ചാർജ്ജും തീരാറായിരുന്നു. അങ്ങനെ ഒരു കാർ അവിടെ പാർക്ക് ചെയ്തിരിക്കുന്നത് കണ്ടപ്പോൾ ഡ്രൈവറോട് തന്നെ ഇന്ന സ്ഥലത്ത് ആക്കാമോ എന്ന് യുവാവ് ചോദിച്ചു. ചെറിയ ദൂരമായതിനാൽ പണം പോലും വാങ്ങാൻ അയാൾ സമ്മതിച്ചിരുന്നില്ല.
അയാൾക്ക് പണം നൽകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ ദൂരം കുറവായതുകൊണ്ടാകാം അയാൾ പണം സ്വീകരിക്കാൻ സമ്മതിക്കാതിരുന്നത് എന്ന് യുവാവ് പറയുന്നു. കാറിൽ നിന്നിറങ്ങിയപ്പോഴാണ് ഫോൺ നഷ്ടപ്പെട്ട കാര്യം മനസിലാവുന്നത്. താൻ പരിഭ്രാന്തനായി ബാക്ക്പാക്കിലും തിരഞ്ഞു. പക്ഷേ അതിലും ഉണ്ടായിരുന്നില്ല. അപ്പോഴേക്കും ക്യാബ് അവിടെ നിന്നും പോയിരുന്നു. ആപ്പിൽ അല്ല കാബ് ബുക്ക് ചെയ്തത് എന്നതുകൊണ്ട് തന്നെ തന്റെ കയ്യിൽ വാഹനത്തിന്റെ ഒരു വിവരവും ഇല്ലായിരുന്നു.
ഫോണിലേക്ക് വിളിച്ചെങ്കിലും അത് സ്വിച്ച്ഡ് ഓഫ് ആയിരുന്നു. സാംസങ് ട്രാക്കിംഗ് സർവീസ് ഉപയോഗിച്ച് നോക്കി. എന്നാൽ, ഫോൺ ഓഫായത് കൊണ്ട് കാര്യമില്ലായിരുന്നു. എന്നാൽ, 15 മണിക്കൂർ കഴിഞ്ഞപ്പോൾ ഫോൺ ഓണായതായി സാംസങ്ങിൽ നിന്നും മെയിൽ വന്നു. വിളിച്ച് നോക്കിയപ്പോൾ ഡ്രൈവർ ഫോൺ എടുത്തു. അയാൾ അത് ചാർജ്ജ് ചെയ്തിരുന്നു. താൻ ഒരു യാത്രയിലാണ് എന്നും ഫോൺ തിരികെ കൊണ്ടുവന്നു തരാം എന്ന് അറിയിച്ചു.
Lost phone returned by Honest Cab Driver
byu/coldabhishek inBengaluru
അങ്ങനെ അയാൾ മൈസൂരിൽ നിന്നും ബസ് പിടിച്ച് തിരികെ ഫോൺ കൊണ്ടുവന്നു തന്നു എന്നാണ് യുവാവ് പറയുന്നത്. അയാളുടെ സത്യസന്ധതയ്ക്ക് താൻ ഒരു 1000 രൂപ നൽകി. അയാളത് വാങ്ങാൻ തയ്യാറായില്ല. എങ്കിലും താൻ നിർബന്ധിച്ചു എന്നും പോസ്റ്റിൽ പറയുന്നു.