ശാസ്തമംഗലത്ത് പിടിയിലായവരുടെ കോൾ, അക്കൗണ്ട് വിവരങ്ങൾ പിന്തുടർന്നെത്തിയത് കഞ്ചാവിന്റെ മൊത്തക്കച്ചവടക്കാരിലേക്ക്
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ കഞ്ചാവിന്റെ മൊത്തവിൽപന നടത്തിയിരുന്ന രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. പൂജപ്പുര ,അമ്മു ഭവനില്‍ അരുണ്‍ ബാബു (36), മഞ്ചാടി സ്വദേശിയായ മകം വീട്ടിൽ പാർത്ഥിപൻ (29) എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ കഞ്ചാവുമായി പിടിയിലായവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് ഇവരെ കുടുക്കിയത്.
ഈ മാസം ആദ്യം തിരുവനന്തപുരം ശാസ്തമംഗലത്ത് വെച്ച് ആറുകിലോ കഞ്ചാവുമായി രണ്ടുപേരെ മ്യൂസിയം പോലീസ് പിടികൂടി. പേരൂർക്കട സ്വദേശിയായ അനന്തു (22), കൊടുങ്ങാനൂർ സ്വദേശി വിനീഷ് (22) എന്നിവരെയാണ് അന്ന് പിടികൂടിയത്. ഇരുവരെയും പൊലീസ് പിന്നീട് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുകയും ഇവരുടെ ഫോൺ കോളുകൾ, ബാങ്ക് സ്റ്റേറ്റ്മെന്റ് തുടങ്ങിയവ പരിശോധിക്കുകയും ചെയ്തു. ഇതിൽ നിന്നാണ് പാർഥിപൻ, അരുൺ ബാബു എന്നിവർ കൂടി ലഹരിക്കടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു പൊലീസിന് മനസിലായത്.
ശാസ്തമംഗലത്തു വെച്ച് പിടിയിലാവുമ്പോൾ കൈയിലുണ്ടായിരുന്ന ആറ് കിലോ കഞ്ചാവ് പാർഥിപൻ പറഞ്ഞിട്ട് കൊണ്ട് വന്നതാണെന്ന് അനന്തുവും, വിനീഷും പോലീസിനോട് പറഞ്ഞു. തിരുവനതപുരം നഗരത്തിലും ജില്ലയുടെ വിവിധ സ്ഥലങ്ങളിലേളും കഞ്ചാവും മയക്കുമരുന്നു എത്തിക്കുന്നതിൽ പ്രധാനികളാണ് അരുണും, പാർഥിപനും എന്നാണ് വിശദമായ ചോദ്യം ചെയ്യ്തതിലൂടെ പൊലീസ് മനസിലാക്കിയത്.
ആംസ് ആക്ട്, നരഹത്യ കേസ്, അടിപിടി, അബ്കാരി കേസ് തുടങ്ങിയ 15 ഓളം കേസുകളിൽ പ്രതിയാണ് അരുൺ ബാബു. അടിപിടി, അടിപിടി, ലഹരിക്കടത്ത്, പിടിച്ചുപറി തുടങ്ങിയ 10 ഓളം കേസ് കളിൽ പ്രതിയാണ് പാർഥിപൻ. കന്റോൺമെന്റ്റ് അസി. കമ്മീഷണർ സ്റ്റുവർട്ട് കീലർ, മ്യൂസിയം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ എസ് വിമൽ, സബ്ബ് ഇൻസ്പെക്ടർമാരായ വിപിൻ, ഷിജു ,ഷെഫീന്‍, സി.പി.ഒ മാരായ രഞ്ജിത്ത്, അസീന, രാജേഷ്, ശരത്ത് ചന്ദ്രന്‍, ശോഭന്‍ പ്രസാദ്, സുല്‍ഫിക്കര്‍, വിജിന്‍, രാജേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.