രാജസ്ഥാന്‍റെ തോല്‍വിയിലും ആരാധകരുടെ ഹൃദയം തൊട്ട് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, വൈറലായി ചിത്രങ്ങള്‍

ഗുവാഹത്തി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് എട്ട് വിക്കറ്റ് തോല്‍വി വഴങ്ങിയതിന് പിന്നാലെ വീല്‍ചെയറില്‍ ഗ്രൗണ്ടിലിറങ്ങി പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ആദ്യം ക്രച്ചസില്‍ ഗ്രൗണ്ടിന് പുറത്ത് നിന്ന ദ്രാവിഡ് കൊല്‍ക്കത്ത താരം ക്വിന്‍റണ്‍ ഡി കോക്കിനെ അഭിനന്ദിച്ചു. ഇതിനുശേഷമാണ് ദ്രാവിഡ് വീല്‍ചെയറില്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങി താരങ്ങളോട് സംസാരിച്ചത്. കൊല്‍ക്കത്ത നായകന്‍ അജിങ്ക്യ രാഹാനെയോടും രാജസ്ഥാന്‍ താരം ഷിമ്രോണ്‍ ഹെറ്റ്മെയറോടും ദ്രാവിഡ് വീല്‍ചെറിലിരുന്ന് ദീര്‍ഘനേരം സംസാരിച്ചിരുന്നു.

സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ പോസ്റ്റ് ചെയ്ത ദ്രാവിഡിന്‍റെ ചിത്രങ്ങള്‍ക്കും വീഡിയോക്കും താഴെ ടീമിനോടുള്ള ദ്രാവിഡിന്‍റെ പ്രതിബദ്ധതയെക്കുറിച്ചാണ് ആരാധകര്‍ എടുത്തു പറയുന്നത്. ടീമിനായി എന്തും ചെയ്യാന്‍ തയാറുള്ള പരിശീലകനെന്നാണ് ഒരു ആരാധകന്‍ ദ്രാവിഡിന്‍റെ വീഡിയോക്ക് താഴെ കമന്‍റായി രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം ബെംഗളൂരുവില്‍ ക്ലബ്ബ് ക്രിക്കറ്റ് മത്സരം കളിക്കുന്നതിനിടെയാണ് ദ്രാവിഡിന്‍റെ കാലിന് പരിക്കേറ്റത്.

 

കഴിഞ്ഞ മാസം 22ന് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍റെ ഗ്രൂപ്പ് വണ്‍ ഡിവിഷന്‍ 3 ലീഗ് മത്സരമായ നാസുര്‍ മെമ്മോറിയല്‍ ട്രോഫിയില്‍ മകന്‍ അന്‍വയിനൊപ്പം വിജയ് ക്രിക്കറ്റ് ക്ലബ്ബിനായി ദ്രാവിഡ് കളിക്കാനിറങ്ങിയിരുന്നു. 2011 മുതല്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ താരവും ക്യാപ്റ്റനും മെന്‍ററുമെല്ലാമായിരുന്ന ദ്രാവിഡ് കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാമ്പ്യൻമാരാക്കിയശേഷമാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്.

ഐപിഎല്ലില്‍ ഇന്നലെ നടന്ന കൊല്‍ക്കത്തക്കെതിരെയും തോല്‍വി വഴങ്ങിയതോടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയുമായി രാജസ്ഥാന്‍ റോയല്‍സ് പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്ക് വീഴുകയും ചെയ്തു. രാജസ്ഥാന്‍ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത അടിച്ചെടുക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin