നിസാൻ – ഹോണ്ട കൂട്ടുകെട്ട് തുടരുമോ? പുതിയ സിഇഒയുടെ പ്രതികരണം

ഹോണ്ട മോട്ടോർ കമ്പനിയുമായി പങ്കാളിത്തം തുടരാൻ താൻ തയ്യാറാണെന്ന് നിസാൻ മോട്ടോർ കമ്പനിയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഇവാൻ എസ്‍പിനോസ. ബിസിനസിന്റെ കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകാൻ ഈ പങ്കാളികൾ തങ്ങളെ സഹായിക്കുന്നിടത്തോളം കാലം, ഹോണ്ടയുമായോ മറ്റ് പങ്കാളികളുമായോ ചേർന്ന് പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഹോണ്ടയുമായുള്ള ലയന ചർച്ചകളുടെ പരാജയത്തിന് പിന്നാലെ നിലനിലെ സിഇഒ മക്കോട്ടോ ഉച്ചിഡയ്ക്ക് പകരക്കാരനായിട്ടാണ് നിസാൻ അടുത്തിടെ എസ്‍പിനോസയെ പുതിയ സിഇഒ ആക്കിയത്. നിസാൻ, ഹോണ്ട ലയന ചർച്ചകൾ പരാജയപ്പെട്ട് ഏകദേശം ഒരു മാസത്തിന് ശേഷമായിരുന്നു ഈ സംഭവവികാസം. 

കഴിഞ്ഞ വർഷം ഡിസംബറിൽ ജാപ്പനീസ് ഭീമൻ കാർ കമ്പനികളായ നിസാൻ, ഹോണ്ട, മിത്സുബിഷി എന്നിവ ഒന്നിച്ചു ചേരുമെന്ന് പ്രഖ്യാപിക്കുകയും ഒരു ജോയിന്റ് ഹോൾഡിംഗ് കമ്പനിക്കായി ഒരു ധാരണാപത്രത്തിൽ ഒപ്പുവെക്കുകയും ചെയ്തിരുന്നു. എന്നാൽ അടുത്തിടെ ഹോണ്ടയുമായുള്ള ഈ പങ്കാളിത്ത ചർച്ചകൾ അവസാനിച്ചു. ഇത് കമ്പനിക്ക് വലിയ നഷ്‍ടമുണ്ടാക്കി. ഈ കരാർ വിജയിച്ചിരുന്നെങ്കിൽ, ടൊയോട്ട മോട്ടോർ കോർപ്പ്, ചൈനയുടെ ബിവൈഡി കമ്പനി തുടങ്ങിയ കമ്പനികൾക്കെതിരെ ശക്തമായി നിലകൊള്ളാൻ നിസാന് അവസരം ലഭിക്കുമായിരുന്നു. എന്നാൽ അധികാര സന്തുലിതാവസ്ഥയെച്ചൊല്ലി ഇരു കമ്പനികളും തമ്മിൽ തർക്കം നടന്നു.  ഇതൊടുവിൽ 2025 ഫെബ്രുവരിയിൽ പങ്കാളിത്തം അവസാനിപ്പിക്കുന്നതിലേക്ക് നയിച്ചു.

ഇപ്പോൾ നിസ്സാൻ ഒരു പുതിയ പങ്കാളിത്തം തേടുകയാണ്. നിസാൻ ഒരു അമേരിക്കൻ ടെക്നോളജി കമ്പനിയുമായി ഒരു പങ്കാളിത്തത്തിന് പദ്ധതിയിടുന്നതായി അടുത്തിടെ ബ്ലൂംബ‍ഗ് റിപ്പോ‍ട്ട് ചെയ്‍തിരുന്നു. ഹോണ്ട കരാർ പരാജയപ്പെട്ടതിനെത്തുടർന്ന്, ഇലക്ട്രിക് വാഹന നിർമ്മാണത്തിലേക്ക് കടക്കാൻ ആഗ്രഹിക്കുന്ന ഫോക്‌സ്‌കോണുമായി നിസാൻ ചർച്ചകൾ നടത്താനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

By admin