നായകനായുള്ള ആദ്യ രണ്ട് കളികളിലും തോല്‍വി; റിയാന്‍ പരാഗ് നാണക്കേടിന്‍റെ റെക്കോര്‍ഡില്‍

ഗുവാഹത്തി: ഐപിഎല്‍ പതിനെട്ടാം സീസണില്‍ ഒട്ടും ശുഭമല്ലാത്ത തുടക്കമാണ് രാജസ്ഥാന്‍ റോയല്‍സ് നേടിയിരിക്കുന്നത്. ടീമിന്‍റെ ആദ്യ രണ്ട് കളികളും റോയല്‍സ് തോറ്റു. ഹൈദരാബാദില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് 44 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഗുവാഹത്തിയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ എട്ട് വിക്കറ്റിന്‍റെ ഷോക്കിംഗ് തോല്‍വി. രണ്ട് മത്സരങ്ങളിലും സഞ്ജു സാംസണിന് പകരം റിയാന്‍ പരാഗാണ് രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചത്. തോല്‍വികളോടെ ഒരു നാണക്കേടിലേക്ക് പരാഗ് വഴുതിവീഴുകയും ചെയ്തു. 

റിയാന്‍ പരാഗിന്‍റെ ഐപിഎല്‍ ക്യാപ്റ്റന്‍സി അരങ്ങേറ്റം വലിയ നാണക്കേടായി. നായകനായുള്ള ആദ്യ രണ്ട് ഐപിഎല്‍ മത്സരങ്ങളിലും തോല്‍വി വഴങ്ങിയ ആദ്യ രാജസ്ഥാന്‍ റോയല്‍സ് നായകനാണ് റിയാന്‍ പരാഗ്. റോയല്‍സിന്‍റെ മുന്‍ നായകന്‍മാരുടെ റെക്കോര്‍ഡുകള്‍ ഇങ്ങനെ… പ്രഥമ ഐപിഎല്‍ സീസണില്‍ റോയല്‍സിന് കപ്പ് സമ്മാനിച്ച ഷെയ്ന്‍ വോണിന് കീഴില്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ ഓരോ ജയവും തോല്‍വിയുമാണ് റോയല്‍സിനുണ്ടായിരുന്നത്. അതേസമയം രാഹുല്‍ ദ്രാവിഡിന്‍റെയും സ്റ്റീവ് സ്‌മിത്തിന്‍റെയും നായകത്വത്തില്‍ ആദ്യ രണ്ട് കളികളും രാജസ്ഥാന്‍ റോയല്‍സ് ജയിച്ചു. അജിങ്ക്യ രഹാനെയ്ക്കും സ‌ഞ്ജു സാംസണും ഓരോ ജയവും തോല്‍വിയും വീതമാണുള്ളത്. എന്നാല്‍ റിയാന്‍ പരാഗിന് കീഴില്‍ ടീം ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റു. പരാഗിന്‍റെ ക്യാപ്റ്റന്‍സി ഏറെ ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നു. 

കൈവിരലിലെ പരിക്ക് കാരണമാണ് ഐപിഎല്‍ 2025ല്‍ സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍സി സ്ഥാനത്ത് നിന്ന് താല്‍ക്കാലികമായി മാറിയത്. പകരക്കാരനായി റിയാന്‍ പരാഗിനെ സഞ്ജു തന്നെ പ്രഖ്യാപിക്കുകയും ചെയ്തു. പരാഗ് രാജസ്ഥാന്‍ റോയല്‍സിനെ ആദ്യ രണ്ട് മത്സരങ്ങളിലും നയിച്ചപ്പോള്‍ ടീം തോറ്റു. മാര്‍ച്ച് 30ന് ഗുവാഹത്തിയില്‍ തന്നെ നടക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എതിരായ അടുത്ത മത്സരത്തിലും പരാഗ് തന്നെയായിരിക്കും രാജസ്ഥാന്‍ റോയല്‍സ് നായകന്‍. ഏപ്രില്‍ 5ന് പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിലൂടെ സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ നായക സ്ഥാനം വീണ്ടും ഏറ്റെടുക്കും എന്നാണ് പ്രതീക്ഷ. 

Read more: ’11 കോടിക്ക് നിലനിർത്തിയ താരത്തെ എന്തിനാണ് ഇങ്ങനെ സംരക്ഷിക്കുന്നത്’, ദ്രാവി‍ഡിനെ പൊരിച്ച് സൈമണ്‍ ഡൂൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin