നറുക്കെടുപ്പ് തട്ടിപ്പ് കേസ്; 40 പൗരന്മാരും പ്രവാസികളും സംശയ നിഴലിൽ, പ്രതികൾ രാജ്യം വിടുന്നത് തടയാൻ നടപടി

കുവൈത്ത് സിറ്റി: കുവൈത്തിലെ റാഫിൾ നറുക്കെടുപ്പ് തട്ടിപ്പ് കേസിൽ വാണിജ്യ മന്ത്രാലയത്തിലെ ഒരു ജീവനക്കാരൻ, ഈജിപ്ഷ്യൻ വനിത, ഭർത്താവ് എന്നിവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഈ കേസിൽ ഉൾപ്പെട്ട മറ്റ് വ്യക്തികളെക്കുറിച്ചുള്ള അന്വേഷണം സുരക്ഷാ അതോറിറ്റികൾ തുടരുകയാണ്. നറുക്കെടുപ്പ് തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണം വിപുലീകരിക്കുകയും മന്ത്രാലയത്തിലെ ജീവനക്കാർ, നറുക്കെടുപ്പിൽ വിജയിച്ചവർ, മറ്റുള്ളവർ എന്നിവരുൾപ്പെടെയുള്ള എല്ലാ സാധ്യതയുള്ള പ്രതികളെയും ഉൾപ്പെടുത്തുകയും ചെയ്യും.

അന്വേഷണത്തിന് ആവശ്യമാണെന്ന് കരുതുന്ന ആരെയും മൊഴി നൽകാൻ വിളിച്ചുവരുത്തും. പ്രതികൾ രാജ്യം വിടാൻ ശ്രമിക്കുന്നത് അതോറിറ്റികൾ നിരീക്ഷിക്കുകയും തടയുകയും ചെയ്യുന്നുണ്ട്. വാണിജ്യ മന്ത്രാലയം ഭരണപരമായ നടപടികളുമായി മുന്നോട്ട് പോകുമ്പോൾ, കഴിഞ്ഞ നറുക്കെടുപ്പുകളെക്കുറിച്ചും സമീപ വർഷങ്ങളിലെ വിജയികളുടെ പട്ടികയെക്കുറിച്ചും സമഗ്രമായ അവലോകനം തുടരുകയാണ്. മാനേജർമാരെ പുനർനിയമിക്കുക, നിലവിലുള്ള നിയമനങ്ങൾ റദ്ദാക്കുക, ഒന്നിലധികം തവണ വിജയിച്ച എല്ലാ വ്യക്തികളുടെയും പട്ടിക ഔദ്യോഗിക അന്വേഷണ ഏജൻസികൾക്ക് നൽകുക, അവരെ ചോദ്യം ചെയ്യലിനായി വിളിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ എന്നിവ ഈ നടപടികളിൽ ഉൾപ്പെടുന്നു.

Read Also –  യാ ഹല റാഫിൾ നറുക്കെടുപ്പ് തട്ടിപ്പ് പുറത്ത് കൊണ്ട് വന്ന ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫിന് ആദരം

അതേസമയം സമ്മാന നറുക്കെടുപ്പുകളിലെ തട്ടിപ്പിന്‍റെയും കൃത്രിമത്വത്തിന്റെയും വിവാദം കുവൈത്തിൽ കത്തിപ്പടരുകയാണ്. കേസിനെക്കുറിച്ചുള്ള അന്വേഷണങ്ങൾ വിവിധ തലങ്ങളിൽ തുടരുമ്പോൾ പണമിടപാടുകൾക്ക് പകരമായി ചില വ്യക്തികളുമായി ധാരണയിലെത്തിയ ശേഷം നറുക്കെടുപ്പുകൾ കൃത്രിമമായി നടത്തി അവർക്ക് നൽകിയതിൽ 40 പൗരന്മാരും താമസക്കാരും സംശയത്തിൻ്റെ നിഴലിലാണെന്ന് ബന്ധപ്പെട്ട വൃത്തം വെളിപ്പെടുത്തിയാതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു. നിയമം ഒരു ദാക്ഷിണ്യവുമില്ലാതെ നടപ്പിലാക്കുന്നുവെന്നും കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് തെളിയിക്കപ്പെട്ടവരോ സംശയിക്കപ്പെടുന്നവരോ ആയ ആരെയും ബന്ധപ്പെട്ട അന്വേഷണ അതോറിറ്റികൾക്ക് മുന്നിൽ കൊണ്ടുവരുമെന്നും അധികൃതർ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin