ഗൂഗിളിന്‍റെ ഏറ്റവും ബുദ്ധിശാലിയായ എഐ മോഡൽ; ജെമിനി 2.5 അവതരിപ്പിച്ചു

കാലിഫോര്‍ണിയ: എഐ മോഡലുകളുടെ കാര്യത്തില്‍ ടെക് കമ്പനികൾക്കിടയിൽ കിടമത്സരമാണ് നടക്കുന്നത്. ഒന്നിനുപുറകെ ഒന്നായി കമ്പനികൾ പുതിയ എഐ മോഡലുകൾ പുറത്തിറക്കുകയും പരസ്‍പരം മോഡലുകളെ വെല്ലുമെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. കമ്പനിയുടെ ഏറ്റവും ബുദ്ധിശാലിയായ എഐ മോഡല്‍ എന്ന അവകാശവാദത്തോടെ ജെമിനി 2.5 അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ അമേരിക്കൻ ടെക് ഭീമനായ ഗൂഗിൾ. ഇത് മികച്ച കോഡിംഗ്, മൾട്ടിമോഡൽ കഴിവുകൾ എന്നിവയോടെയാണ് വരുന്നതെന്നും നിലവിൽ ഈ മോഡൽ ഗൂഗിൾ എഐ സ്റ്റുഡിയോയിലും ജെമിനി അഡ്വാൻസ്‍ഡിലും ലഭ്യമാണെന്നുമാണ് റിപ്പോർട്ടുകൾ.  

ജെമിനി 2.5 അതിന്‍റെ പഴയ പതിപ്പിനേക്കാൾ വിപുലമാണ്. അതിന്‍റെ യുക്തിസഹമായ കഴിവുകൾ മെച്ചപ്പെടുത്തിയിട്ടുണ്ട്, ഏത് വിവരവും വിശകലനം ചെയ്യാനും അതിന്‍റെ സന്ദർഭം മനസ്സിലാക്കാനും യുക്തിസഹമായ നിഗമനത്തിലെത്താനും ഇതിന് കഴിയും എന്നാണ് റിപ്പോർട്ടുകൾ. ഇതിനായി തങ്ങളുടെ അടിസ്ഥാന മോഡലും മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും പരിശീലനത്തിന് ശേഷമുള്ള സാങ്കേതികത പ്രയോഗിച്ചിട്ടുണ്ടെന്നും ഗൂഗിൾ പറഞ്ഞു.

ജെമിനി 2.0 നെ അപേക്ഷിച്ച് മെച്ചപ്പെട്ട കോഡിംഗ് കഴിവുകൾ ജെമിനി 2.5-ൽ സജ്ജീകരിച്ചിരിക്കുന്നു. ഇത് വെബ്, കോഡ് ആപ്ലിക്കേഷനുകൾ സൃഷ്‍ടിക്കുന്നതും കോഡ് പരിവർത്തന ജോലികൾ പൂർത്തിയാക്കുന്നതും എളുപ്പമാക്കുന്നു. കോഡിംഗ് ഏജന്‍റുമാരെ വിലയിരുത്തുന്നതിനായി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളിൽ ഇത് 63.8 ശതമാനം സ്കോർ ചെയ്തു. ഒരു വരി പ്രോംപ്റ്റിൽ നിന്ന് ഒരു വീഡിയോ ഗെയിമിനായി കോഡ് സൃഷ്ടിക്കുന്നതിൽ വിജയിച്ചതായി ഗൂഗിൾ ഒരു ഡെമോയിൽ കാണിച്ചു.

ജെമിനി 2.5-ന്‍റെ മൾട്ടിമോഡൽ ധാരണാ ശേഷിയും മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ഈ മോഡലിന് വലിയ ഡാറ്റാസെറ്റുകൾ, ചിത്രങ്ങൾ, വീഡിയോകൾ, കോഡുകൾ എന്നിവ നന്നായി മനസിലാക്കാനും പ്രോസസ് ചെയ്യാനും കഴിയും. ഇത് ഡെവലപ്പർമാർക്കും സംരംഭങ്ങൾക്കും ബുദ്ധിമുട്ടുള്ള ജോലികൾ പരിഹരിക്കുന്നത് എളുപ്പമാക്കും. നിലവിൽ ഈ മോഡൽ ഗൂഗിൾ എഐ സ്റ്റുഡിയോ, ജെമിനി അഡ്വാൻസ്ഡ് ഉപയോക്താക്കൾക്കായി ജെമിനി ആപ്പിൽ ലഭ്യമാണ്. വരും ആഴ്ചകളിൽ വെർട്ടെക്സ് എഐ വഴിയും ഇത് ലഭ്യമാക്കും. ഇതിന്‍റെ വില ഉടൻ പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ടുകൾ.

Read more: ‘എനിക്ക് ഇന്‍റേണ്‍ഷിപ്പ് വേണം’; പോഡ്‌കാസ്റ്റിനിടെ പെർപ്ലെക്സിറ്റി എഐ സഹസ്ഥാപകനോട് നിഖിൽ കാമത്ത്, രസകരം വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin