ഗാസയില്‍ നടന്ന ഹമാസ് വിരുദ്ധ പ്രതിഷേധം; തങ്ങള്‍ക്കെതിരല്ല എന്ന വാദവുമായി ഹമാസ്
ഗാസ: ഗാസയിലെ ജനങ്ങളുടെ പ്രതിഷേധം ഹമാസിനെതിരെ അല്ലെന്നും മറിച്ച് ഇസ്രയേലിനും യുദ്ധത്തിനും എതിരെയാണെന്നും ഹമാസ്. പ്രതിഷേധത്തെ ഹമാസിനെതിരായി ചിത്രീകരിക്കുകയാണെന്ന് ഹമാസ് വക്താവ് ബാസിം നയിം പ്രതികരിച്ചു. ജനങ്ങള്‍ ഹമാസിന് എതിരാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശത്രുക്കളുടെ ശ്രമമാണ് ഇതെന്നും ബാസിം നയിം പറഞ്ഞു.
ഹമാസ് യുദ്ധം നിർത്തണമെന്നും ജനങ്ങൾക്ക് സമാധാനത്തോടെ ജീവിക്കണമെന്നും മുദ്രാവാക്യം മുഴക്കിയാണ് ആളുകൾ ഗാസയുടെ തെരുവിലിറങ്ങിയതിന്‍റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ‘ഹമാസ് പുറത്തു പോകുക, ഹമാസ് ഭീകരർ’ എന്ന മുദ്രാവാക്യങ്ങളെഴുതിയ ബാനറുകളും പ്രതിഷേധക്കാര്‍ ഉയർത്തിയിരുന്നു. പ്രതിഷേധക്കാരെ മുഖംമൂടി ധരിച്ച ആയുധധാരികകൾ ബലമായി പിരിച്ചുവിടുകയും ആക്രമിക്കുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹമാസിനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കുചേരാനുള്ള അഭ്യർത്ഥനകൾ സോഷ്യൽ മീഡിയ നെറ്റ്‌വർക്കായ ടെലിഗ്രാമിൽ പ്രചരിച്ചതിനെ തുടർന്നാണ് ആളുകൾ ഒത്തുകൂടിയത്.
ഇസ്രായേലുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ ഹമാസ് വിരുദ്ധ പ്രതിഷേധമാണ് നടന്നതെന്നും നൂറുകണക്കിന് പലസ്തീനികൾ വടക്കൻ ഗാസയിൽ തെരുവിലിറങ്ങിയെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിലുള്ള സംഘർഷം അവസാനിപ്പിക്കണമെന്നും ഹമാസ് അധികാരത്തിൽ നിന്ന് പുറത്തുപോകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഗാസ മുനമ്പിന്റെ വടക്കൻ ഭാഗത്തുള്ള ബെയ്റ്റ് ലാഹിയയിലാണ് പ്രകടനങ്ങൾ നടന്നത്. ഏകദേശം രണ്ട് മാസത്തെ വെടിനിർത്തലിന് ശേഷം ഇസ്രായേൽ സൈന്യം ഗാസയിൽ വീണ്ടും ബോംബാക്രമണം ആരംഭിച്ചിരുന്നു.