കടുപ്പിച്ച് യുഎഇ, പുതിയ ​ഗതാ​ഗത നിയമം മാർച്ച് 29ന് പ്രാബല്യത്തിൽ

ദുബൈ: യുഎഇയിൽ പരിഷ്കരിച്ച ​ഗതാ​ഗത നിയമങ്ങൾ മാർച്ച് 29ന് പ്രാബല്യത്തിൽ വരും. നിയമ ലംഘകർക്കെതിരെ കടുത്ത നടപടി ശുപാർശ ചെയ്യുന്നതാണ് പുതിയ നിയമം. കാബിനറ്റ് ജനറൽ സെക്രട്ടേറിയറ്റ് ബന്ധപ്പെട്ട അതോറിറ്റികളുമായി സംയോജിപ്പിച്ച് വികസിപ്പിച്ച യുഎഇ ലജിസ്ലേഷൻ പ്ലാറ്റ്ഫോം പ്രഖ്യാപിച്ചതനുസരിച്ച് പുതിയ ഫെഡറൽ നിയമ പ്രകാരം മൂന്ന് വിഭാ​ഗങ്ങൾക്ക് യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് ആവശ്യമുണ്ടാകില്ല. വിദേശ രാജ്യത്ത് നിന്നുള്ള സാധുവായ ലൈസൻസ് കൈവശമുള്ളവർ, രാജ്യാന്തര ലൈസൻസ് ഉള്ളവർ, സന്ദർശക വിസയിലെത്തിയവരും മേൽപറഞ്ഞ രണ്ട് ലൈസൻസുകളിൽ ഏതെങ്കിലും ഒന്ന് കൈവശമുള്ളവർ എന്നിവർക്കാണ് യുഎഇ ഡ്രൈവിങ് ലൈസൻസ് ആവശ്യമില്ലാത്തത്. കൂടാതെ, ലൈസൻസ് എടുക്കാനുള്ള കുറഞ്ഞ പ്രായപരിധി 17 വയസ്സുമാണ്. 

പുതിയ നിയമ പ്രകാരം ലഹരി ഉപയോ​ഗിച്ച് വാഹനം ഓടിച്ചാൽ തടവും പിഴയും ലഭിക്കുന്നതായിരിക്കും. കൂടാതെ മറ്റുള്ളവരുടെ ജീവന് ആപത്ത് വരുത്തക്ക വിധത്തിൽ വാഹനവുമായി റോഡിൽ അഭ്യാസ പ്രകടനം നടത്തുന്നതും ​ഗുരുതരമായ കുറ്റമാണ്. ട്രാഫിക് കേസുകളിൽ പിടിക്കപ്പെടുന്നവർ പേരും വിലാസവും നൽകാതിരുന്നാലും തെറ്റായ വിവരങ്ങൾ നൽകിയാലും അധികാരികൾക്ക് അറസ്റ്റ് ചെയ്യാൻ കഴിയും. അപകടമുണ്ടാക്കിയ ശേഷം ഒളിച്ചോടാൻ ശ്രമിച്ചാലും പോലീസ് പരിശോധനയിൽ നിന്ന് കടന്നുകളയാൻ ശ്രമിച്ചാലും അറസ്റ്റ് ചെയ്യാം. 
കേടുപാടുകളുള്ള വാഹനവുമായി നിരത്തിലിറങ്ങിയാൽ വാഹനം പിടിച്ചെടുക്കുന്നതായിരിക്കും. സാധുവായ ലൈസൻസില്ലാതെ വാഹനം നിരത്തിലിറക്കിയാലും പിഴ ലഭിക്കും. ലംഘനം വീണ്ടും ആവർത്തിച്ചാൽ വാഹനം കണ്ടുകെട്ടുകയും ചെയ്യും. വാഹനത്തിന്റെ സ്വാഭാവിക ഘടനയിൽ അനുമതിയില്ലാതെ വരുത്തുന്ന മാറ്റങ്ങൾക്കും വാഹനം പിടിച്ചെടുക്കുന്നതായിരിക്കും. കൂടാതെ ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട വാഹനമാണെങ്കിലും പിടിച്ചെടുക്കാൻ അധികാരമുണ്ട്. 

യുഎഇ അം​ഗീകാരമില്ലാത്ത ലൈസൻസുമായി വാഹനം ഓടിച്ചാൽ ആദ്യ ഘട്ടത്തിൽ 2000 ദിർഹം മുതൽ 10,000 ദിർഹം വരെ പിഴ ലഭിക്കുന്നതായിരിക്കും. ലംഘനം വീണ്ടും ആവർത്തിക്കപ്പെട്ടാൽ 5000 മുതൽ 50,000 ദിർഹം വരെ പിഴയും മൂന്നു മാസം വരെ തടവും ലഭിക്കുന്നതായിരിക്കും. ലൈസൻസിൽ ഉൾപ്പെടാത്ത വിധത്തിലുള്ള വാഹനങ്ങളാണ് ഓടിക്കുന്നതെങ്കിൽ 5000 മുതൽ 50,000 ദിർഹം വരെ പിഴ ലഭിക്കും. ഇതേ ലംഘനം വീണ്ടും ആവർത്തിക്കപ്പെട്ടാൽ പിഴ 20,000 ദിർഹം മുതൽ ഒരു ലക്ഷം ദിർഹമായി ഉയരുകയും മൂന്ന് മാസത്തെ തടവ് ലഭിക്കുകയും ചെയ്യും. പുതിയ നിയമ പ്രകാരം അനുവാദമില്ലാത്ത ഇടങ്ങളിൽ കൂടി റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ചാലും പിടിവീഴും. മണിക്കൂറിൽ 80 കിലോമീറ്റർ വേ​ഗ പരിധിയുള്ള റോഡുകൾ മുറിച്ചു കടക്കാനും പാടുള്ളതല്ലെന്ന് നിയമം പറയുന്നു.   

read more: ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി മരിച്ചു

By admin