ഓരോ പെണ്‍കുട്ടിയുടെയും ഉള്ളില്‍ അവളുണ്ട്, എത്ര വീണാലും ഉയിര്‍ത്തെണീക്കുന്ന ഒരുവള്‍!  

ഓരോ പെണ്‍കുട്ടിയുടെയും ഉള്ളില്‍ അവളുണ്ട്, എത്ര വീണാലും ഉയിര്‍ത്തെണീക്കുന്ന ഒരുവള്‍!  

പക്ഷേ, ഇപ്പോള്‍ അവള്‍ അതില്‍ അസ്വസ്ഥയല്ല. ജീവിതം അങ്ങനെയുമാണ് എന്നവള്‍ക്കറിയാം. നിര്‍ഭാഗ്യവും ജീവിതത്തിന്റെ ഭാഗമാണ് എന്നവള്‍ അംഗീകരിക്കുന്നുണ്ട്.

ഓരോ പെണ്‍കുട്ടിയുടെയും ഉള്ളില്‍ അവളുണ്ട്, എത്ര വീണാലും ഉയിര്‍ത്തെണീക്കുന്ന ഒരുവള്‍!  

ഓരോ പെണ്‍കുട്ടിയിലുമുണ്ട് ഞാനിനി പറയുന്ന ‘അവള്‍’. ഒരുവളെ അവളാക്കുന്ന പെണ്‍മയുടെ സത്ത. എന്റെ ജീവിതത്തിലെ സ്ത്രീ ആരെന്ന് ആലോചിക്കുമ്പോള്‍ ഞാന്‍ എത്തിപ്പെടുന്നത്, ഓരോ സ്ത്രീയിലുമുള്ള ആ പെണ്‍മയിലേക്ക് തന്നെയാണ്. അല്ലെങ്കില്‍ എന്നിലേക്ക് തന്നെയാണ്. 

തീര്‍ത്തും സാധാരണക്കാരിയാണ് ‘അവള്‍’. അസാധാരണമോ മികച്ചതോ ആയ ഒന്നും അവളിലില്ല. പുഞ്ചിരിക്കുന്ന ചുണ്ടുകള്‍. നിറഞ്ഞ കണ്ണുകളിലും പുറമേ തുളുമ്പുന്ന പുഞ്ചിരി. അമ്മ, സഹോദരി, സ്‌നേഹിത… സാധ്യമായ ഏത് റോളിലും അവള്‍ അകം പുറം ഇങ്ങനെ തന്നെയാവും. 

തീര്‍ച്ചയായും, ചിരി മാത്രമല്ല അവള്‍. മനോവ്യഥകളും ആധിവ്യാധികളും അവളിലുറഞ്ഞുകിടക്കുന്നുണ്ട്. ജീവിതത്തെ നയിക്കുന്ന മൂന്ന് പ്രധാന ഘടകങ്ങളായ കുടുംബജീവിതം, പ്രണയ ജീവിതം, കരിയര്‍ എന്നിവയില്‍ അവള്‍ ചിലപ്പോള്‍ തികഞ്ഞ പരാജയമാവും. നിരന്തരം വിമര്‍ശിക്കുന്ന ആളുകളുടെ ഇടയില്‍ അവള്‍ തനിച്ചാവും. പതിയെ അവള്‍ സ്വയം വെറുക്കും. ഭയത്തില്‍ മൂടും. തീവ്രസ്‌നേഹവുമായി ഒപ്പമുള്ള മനുഷ്യര്‍ പൊടുന്നനെ ജീവിതത്തില്‍ നിന്നും അപ്രത്യക്ഷമാവുമ്പോള്‍ അവള്‍ സാമൂഹിക ജീവിതത്തില്‍ നിന്നും ഒറ്റപ്പെടും. അതിജീവിക്കാനാവാത്ത കയങ്ങളില്‍നിന്നും ഈ പെണ്‍കുട്ടി എങ്ങനെ സ്വയം മറികടക്കുമെന്ന് അത്ഭുതപ്പെടും. 

അന്നേരം ആ കണ്ണുകള്‍ കരഞ്ഞു കലങ്ങും. ഇരുട്ടെന്നോ വെളിച്ചെമെന്നോ അറിയാതെ ഉതിര്‍ന്നിറങ്ങിയ കണ്ണുനീരിലും പ്രതീക്ഷകളുടെ തരികള്‍ മയങ്ങിക്കിടക്കുന്നുണ്ടാവും. മനോഹരമായ ഒരു ജീവിതത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങളും പ്രതീക്ഷകളും ആഗ്രഹങ്ങളും. അതെ, അതാണ് അവള്‍ക്കു മുന്നിലെ രക്ഷാഗേഹം. അതിലൂടെയാണ് അവള്‍ സ്വയം മറികടക്കുക. ഒരുപാടു സമയമെടുക്കുമെങ്കിലും അവള്‍ വീണ്ടും മനസ്സറിഞ്ഞു ചിരിക്കും. പുസ്തകങ്ങളിലൂടെ അറിയാത്ത വിദൂര ജീവിതങ്ങളെ അടുത്തറിയും. സ്വന്തം ഇഷ്ടങ്ങള്‍ തിരിച്ചറിയും. അവയെ ചേര്‍ത്ത് നിര്‍ത്തും. ജീവിതത്തിന്റെ യഥാര്‍ത്ഥ പാത കണ്ടെത്തും. 

അതിലൂടെ അവള്‍ ശാരീരികവും മാനസികവുമായ ആരോഗ്യം ശ്രദ്ധിക്കുന്നവളായി. കൂടുതല്‍ അനുകമ്പയുള്ളവളായി. ചെറിയജീവിതത്തില്‍ സഹജീവികളെ സ്‌നേഹിക്കാനും, സഹായിക്കാനും, ചേര്‍ത്തുനില്‍ക്കുന്നവളായി. അപ്പോഴും ആദ്യം പറഞ്ഞ, ജീവിതത്തെ നയിക്കുന്ന മൂന്ന് ഘടകങ്ങളിലും അവള്‍ ഭാഗ്യവതിയാവണം എന്നില്ല. 

പക്ഷേ, ഇപ്പോള്‍ അവള്‍ അതില്‍ അസ്വസ്ഥയല്ല. ജീവിതം അങ്ങനെയുമാണ് എന്നവള്‍ക്കറിയാം. നിര്‍ഭാഗ്യവും ജീവിതത്തിന്റെ ഭാഗമാണ് എന്നവള്‍ അംഗീകരിക്കുന്നുണ്ട്. ഒരു മൂലയില്‍ കരിഞ്ഞുണങ്ങി തീര്‍ക്കാതെ ജീവിതത്തെ കെട്ടിപ്പുണരുകയാണ് വേണമെന്ന് ജീവിതം കൊണ്ട് അവള്‍ പഠിച്ചു വരുന്നുണ്ട്. കൂടുതല്‍ സ്‌നേഹത്തോടെയും സ്വീകാര്യതയോടെയും അവള്‍ കണ്ണാടിയിലൂടെ സ്വയം നോക്കുന്നുണ്ട്. നിങ്ങളുടെ കണ്ണില്‍ ഞാന്‍ സുന്ദരി അല്ലായിരിക്കാം. പക്ഷെ എന്റെ കണ്ണുകളില്‍ ഞാന്‍ അതിസുന്ദരിയാണ് എന്നവള്‍ ചെറുചിരിയോടെ നിശ്ശബ്ദമായി ലോകത്തോട് മൊഴിയുന്നുണ്ട്. ഒരിക്കലെങ്കിലും സ്വന്തം കണ്ണിലൂടെ കാണാന്‍ ശ്രമിച്ചാല്‍ എല്ലാവര്‍ക്കും അങ്ങനെ സധൈര്യം പറയാമെന്ന് അവള്‍ അറിയുന്നുണ്ട്. കാരണം, സൗന്ദര്യം മറ്റുള്ളവരുടെ കാഴ്ചയിലല്ല, അവളവളില്‍ തന്നെയാണ്. സന്തോഷത്തോടെയും, പ്രതീക്ഷയോടെയുമാണ് ജീവിതത്തെ നോക്കി കാണുന്നതെങ്കില്‍ രൂപത്തിലും മുഖത്തും അത് പ്രകടമാകും. 

എന്നെ ഏറെ സ്വാധീനിച്ച ആ വ്യക്തി ‘അവള്‍’ തന്നെയാണ്. എന്റെ ഉള്ളിലെ ഞാന്‍ എന്ന ശക്തി. എത്ര പ്രതിസന്ധി വന്നാലും, നടന്നു തളര്‍ന്നാലും, മുമ്പോട്ടു നീങ്ങാന്‍ പ്രേരിപ്പിക്കുന്ന ശക്തി. അതിശക്തയായ ഒരു സ്ത്രീ ഓരോ പെണ്‍കുട്ടിയുടെയും ഉള്ളില്‍ ഉണ്ട്. അതിനെ കാണാനുള്ള കണ്ണ് തരിക, കൊടുംവേദനകളാവാമെന്നു മാത്രം.

എന്റെ ജീവിതത്തിലെ സ്ത്രീ വായനക്കാരെഴുതിയ കുറിപ്പുകൾ വായിക്കാം

By admin