ഇവിടെ സുരക്ഷ മുഖ്യം, ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ രണ്ടാമത്
ദുബൈ: ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് യുഎഇ. ഓൺലൈൻ ഡേറ്റാബേസ് കമ്പനിയായ നംബിയോ പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യുഎഇ ഈ നേട്ടം സ്വന്തമാക്കിയത്. നംബിയോയുടെ 2025ലെ സുരക്ഷാ സൂചിക പ്രകാരം യുഎഇയുടെ സുരക്ഷ സൂചിക സ്കോർ 84.5 ആണ്. 84.7 സ്കോർ നേടിയ അൻഡോറയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
അറബ് രാജ്യങ്ങളായ ഖത്തർ മൂന്നാം സ്ഥാനവും ഒമാൻ അഞ്ചാം സ്ഥാനവും നേടിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. ഖത്തർ, ഒമാൻ രാജ്യങ്ങളുടെ സുരക്ഷ സൂചിക സ്കോർ യഥാക്രമം 84.2, 81.7 എന്നിങ്ങനെയാണ്. സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ 14ാം സ്ഥാനത്താണ് സൗദി അറേബ്യ. ബഹ്റൈൻ 16ാം സ്ഥാനത്തും കുവൈത്ത് 38ാം സ്ഥാനത്തുമുണ്ട്. 56.3 പോയിന്റോട് കൂടി പാകിസ്ഥാൻ 65ാം സ്ഥാനം നേടിയപ്പോൾ 55.7 സുരക്ഷ സൂചിക പോയിന്റുകളുമായി ഇന്ത്യ 66ാം സ്ഥാനത്തുണ്ട്.
200ഓളം രാജ്യങ്ങളിൽ നിന്നുള്ളവർ യുഎഇയിൽ ജീവിച്ചുപോരുന്നുണ്ട്. കൂടാതെ ഉയർന്ന ജീവിത ഗുണനിലവാരത്തിലും സുരക്ഷയിലും യുഎഇ മുൻപന്തിയിലാണ്. 2025ലെ ലോക സന്തോഷ സൂചികയിൽ 21ാം സ്ഥാനത്തും യുഎഇ എത്തിയിരുന്നു. കൂടാതെ 2025ലെ കുറ്റകൃത്യ സൂചികയനുസരിച്ച് ഏറ്റവും കുറവ് കുറ്റകൃത്യ നിരക്കുള്ള രാജ്യവുമാണ് യുഎഇ. രാജ്യത്തിന്റെ ഈ പ്രത്യേകതയാണ് ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയെ മുൻപന്തിയിലെത്തിച്ചത്.
read more: പ്രവാസി മലയാളി സൗദി അറേബ്യയിൽ മരിച്ചു