ആറ്റ്ലിയുടെ സിനിമ തല്‍ക്കാലം ഉപേക്ഷിക്കാൻ കാരണം വെളിപ്പെടുത്തി സൽമാൻ

മുംബൈ: തന്റെ പുതിയ ചിത്രമായ സിക്കന്ദറിന്‍റെ തിരക്കിട്ട പ്രമോഷനിലാണ് സല്‍മാന്‍ ഖാന്‍. എ.ആർ. മുരുഗദോസ് സംവിധാനം ചെയ്ത ചിത്രം ഈദ് വാരാന്ത്യത്തിൽ പ്രദർശനത്തിനെത്തുകയാണ്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി താരം ബുധനാഴ്ച മുംബൈയിലെ ഒരു ഹോട്ടലിൽ മാധ്യമപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി. 

അവിടെ വെച്ച് മറ്റൊരു തെന്നിന്ത്യൻ സംവിധായകനായ ആറ്റ്ലിയുമായി നടക്കാനിരുന്ന പ്രൊജക്ട് എന്തുകൊണ്ട് മുടങ്ങിയെന്ന് തുറന്നു പറയുകയാണ് സല്‍മാന്‍ ഖാന്‍. ഷാരൂഖ് ഖാന്റെ ജവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ആറ്റ്‌ലി സല്‍മാന്‍ ചിത്രം ഒരുക്കും എന്ന് അഭ്യൂഹമുണ്ടായിരുന്നു. 

എന്നാൽ പിന്നീട് ചിത്രം മാറ്റിവച്ചതായി റിപ്പോർട്ടുകൾ വന്നു. സംഭാഷണത്തിനിടെ സൽമാൻ ഇക്കാര്യം സ്ഥിരീകരിച്ചു, “അദ്ദേഹം വളരെ വലിയ ബജറ്റ് ആക്ഷൻ ചിത്രമാണ് എഴുതിയിരിക്കുന്നത്. അതിനാല്‍ പടം വൈകുകയാണ്. ബജറ്റ് സിനിമയ്ക്ക് ഒരു പ്രശ്നമാണ്. ഒപ്പം പ്രധാന കഥാപാത്രമായി രജനികാന്ത്, അല്ലെങ്കില്‍ കമല്‍ഹാസന്‍ വേണം, അര് അതിൽ അഭിനയിക്കുക എന്ന് എനിക്കറിയില്ല.” സല്‍മാന്‍ പറഞ്ഞു. 

തന്‍റെ അടുത്ത പടവും ആക്ഷന്‍ ചിത്രമാണ് എന്ന് സല്‍മാന്‍ വ്യക്തമാക്കി. “സിക്കന്ദറിന് ശേഷം ഞാൻ മറ്റൊരു വലിയ ആക്ഷൻ സിനിമ ചെയ്യുകയാണ്. അവിടെ ആക്ഷൻ മറ്റൊരു തലത്തിലാണ്. അതൊരു ഗ്രാമീണ ആക്ഷൻ ചിത്രമാണ്.” ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമോ എന്ന ചോദ്യത്തിന്  സഞ്ജയ് ദത്തിനൊപ്പമാണ് ഈ സിനിമ ചെയ്യുന്നത് എന്ന് സല്‍മാന്‍ വ്യക്തമാക്കി. ചിത്രത്തിന്റെ സംവിധായകനും നിർമ്മാതാവും ആരാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും സല്‍മാന്‍ കൂട്ടിച്ചേർത്തു.

തന്റെ വരാനിരിക്കുന്ന പ്രോജക്ടുകളെക്കുറിച്ച് സംസാരിക്കുന്നതിനിടെ, സൂരജ് ബർജാത്യയ്‌ക്കൊപ്പം ഒരു സിനിമ ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് “സൂരജ് ഇപ്പോൾ ചെയ്യുന്ന കാര്യങ്ങൾ പൂർത്തിയാക്കിയതിന് ശേഷമാണ് അത് സംഭവിക്കുക” എന്ന് സല്‍മാന്‍ പറഞ്ഞു. 2026 ൽ റിലീസ് ചെയ്യാൻ പോകുന്ന ആയുഷ്മാൻ ഖുറാന നായകനാകുന്ന ഒരു ചിത്രത്തിലാണ് സൂരജ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

എമ്പുരാൻ: തീയറ്റര്‍ ഇളക്കി മറിക്കുന്ന മോഹന്‍ലാല്‍ ചിത്രം – റിവ്യൂ

ആര്‍സി16 ഇനി ‘പെഡി’: ഗെയിം ചേഞ്ചര്‍ ക്ഷീണം തീര്‍ക്കാന്‍ രാം ചരണ്‍

By admin