അന്ന് 23500ൽ തീര്‍ന്നേനെ, ഇന്ന് ഉടമയ്ക്കൊപ്പം ഡ്രൈവർക്കും കിട്ടി 38000 വീതം; ടിപ്പറിലെ അമിത ഭാരത്തിന് പിഴ
എറണാകുളം: അമിതഭാരം കയറ്റിയ വാഹനത്തിന്റെ ഉടമസ്ഥനും ഡ്രൈവർക്കും 38000 രൂപ വീതം പിഴ അടക്കാൻ കോടതി വിധി. ആർടിഒ എൻഫോഴ്സ്മെന്റ് നൽകിയ കേസിലാണ് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മേരി ബിന്ദു ഫെർണാണ്ടസ് പ്രതികൾക്ക് പിഴയിട്ടത്.
2021 ഡിസംബർ 20 ന് എറണാകുളം ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറാണ് കോലഞ്ചേരിയിൽ ടിപ്പർ ടോറസ് വാഹനം പരിശോധിച്ചത്. 25 ടൺ മാത്രം അനുവദിച്ചിട്ടുള്ള വാഹനത്തിൽ അമിത ഭാരം കണ്ടെത്തിയതിനാൽ 23500 രൂപ കോമ്പൗണ്ട് ചെയ്യാൻ ഇ ചലാൻ നൽകി. വാഹന ഉടമയും ഡ്രൈവറും ഫീസ് നൽകാൻ തയ്യാറല്ലാത്തതിനാൽ ആർടിഒ യുടെ നിർദ്ദേശപ്രകാരം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയ നിഷാന്ത് ചന്ദ്രൻ കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു.
വാഹന ഉടമയായ വെങ്ങോല ചേലക്കുളം സ്വദേശി സി എച്ച് മരക്കാർ , ഡ്രൈവർ കളമശ്ശേരി തേവക്കൽ സ്വദേശി കെ വി ശ്രീജു എന്നിവർ കോടതിയിൽ കുറ്റം നിഷേധിച്ചതിനാൽ കേസ് വിചാരണയിലേക്ക് നീണ്ടു. മോട്ടോർ വാഹന വകുപ്പിന് വേണ്ടി കോടതിയിൽ അഡ്വ സുമി പി ബേബി ഹാജരായി.
കോമ്പൗണ്ടിംഗ് ഫീ അടച്ച് തീർപ്പാക്കാത്ത എല്ലാ കേസുകളും കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾക്കായി സമർപ്പിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് ഡ്രൈവിംഗ് ലൈസൻസിൽ അയോഗ്യത കൽപ്പിക്കുന്ന നടപടികൾ, വാഹനത്തിന്റെ പെർമിറ്റിൽ നടപടി എടുക്കുന്നതിനു വേണ്ടിയുള്ള നടപടികൾ എന്നിവ നടന്ന് വരുന്നതായി ആർടിഒ കെ മനോജ് അറിയിച്ചു.