Agricultural Loans Guide: കാര്‍ഷിക വായ്പകള്‍ ഏതൊക്കെ, എങ്ങനെ അപേക്ഷിക്കാം, വേണ്ട രേഖകള്‍ എന്തൊക്കെ?
നമ്മുടെ രാജ്യത്തിന്റെ നട്ടെല്ലാണ് കര്‍ഷകര്‍. അതിനാല്‍ സര്‍ക്കാര്‍ അവര്‍ക്ക് വിവിധ സബ്‌സിഡികള്‍ നല്‍കുന്നു. തടസ്സമില്ലാതെ ലോണുകള്‍ ലഭ്യമാക്കുന്നു. കാര്‍ഷിക വായ്പകള്‍ കര്‍ഷകരെ വിത്തുകള്‍, വളങ്ങള്‍, ഉപകരണങ്ങള്‍, ജലസേചന സംവിധാനങ്ങള്‍ എന്നിവ വാങ്ങാനും പ്രോസസ്സിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കാനും സഹായിക്കുന്നു. സര്‍ക്കാര്‍ സഹായ പദ്ധതികളിലൂടെ പൊതുമേഖല, സ്വകാര്യ മേഖല ബാങ്കുകള്‍ കാര്‍ഷിക വായ്പകള്‍ നല്‍കുന്നു. ഇന്ത്യയില്‍ കാര്‍ഷിക വായ്പയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്ന് നോക്കാം.
കര്‍ഷകര്‍ക്ക് ലഭിക്കുന്ന ലോണുകള്‍ എന്തൊക്കെ?
വിള വായ്പകള്‍: വിള ഉല്‍പാദനത്തിന് ആവശ്യമായ ഹ്രസ്വകാല വായ്പകളാണിവ.
ദീര്‍ഘകാല വായ്പകള്‍: ഭൂമി, കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങുന്നതിനും ജലസേചന സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനും നല്‍കുന്ന വായ്പ.
ഭൂവികസന വായ്പകള്‍: കാര്‍ഷിക ഭൂമി മെച്ചപ്പെടുത്തുന്നതിനുള്ള വായ്പ.
ഡയറി, കോഴി വളര്‍ത്തല്‍ വായ്പകള്‍: ഡയറി ഫാമുകള്‍ അല്ലെങ്കില്‍ കോഴി ഫാമുകള്‍ സ്ഥാപിക്കുന്നതിനോ വികസിപ്പിക്കുന്നതിനോ ഉള്ള വായ്പകള്‍.
കാര്‍ഷിക സംസ്‌കരണ വായ്പകള്‍: കാര്‍ഷിക സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനോ നിലവിലുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനോ നല്‍കുന്ന വായ്പകള്‍.
വിവിധയിനം കാര്‍ഷിക വായ്പകള്‍ ഏതൊക്കെ:
ഹ്രസ്വകാല വായ്പകള്‍ (വിള വായ്പകള്‍): വിത്തുകള്‍, വളങ്ങള്‍, തൊഴിലാളികളുടെ കൂലി തുടങ്ങിയ ഹ്രസ്വകാല കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള വായ്പകളാണിവ. വിളവെടുപ്പിനു ശേഷം തിരിച്ചടയ്ക്കുന്നു.
ഇടത്തരം വായ്പകള്‍: കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങുന്നതിനോ മറ്റ് ഇടത്തരം പ്രവര്‍ത്തനങ്ങള്‍ക്കോ ഉള്ള വായ്പകളാണ്. 1 മുതല്‍ 5 വര്‍ഷം വരെയാണ് തിരിച്ചടവ് കാലാവധി.
ദീര്‍ഘകാല വായ്പകള്‍: ഭൂമി മെച്ചപ്പെടുത്തല്‍, വലിയ യന്ത്രങ്ങള്‍ വാങ്ങല്‍, കൃഷിയില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കല്‍ തുടങ്ങിയ വലിയ പദ്ധതികള്‍ക്കുള്ള വായ്പകളാണ്. 5 മുതല്‍ 15 വര്‍ഷം വരെയാണ് തിരിച്ചടവ് കാലാവധി.
സബ്‌സിഡി വായ്പകള്‍: കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍ നല്‍കുന്ന നിരവധി പദ്ധതികള്‍ ഉണ്ട്. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (PM-KISAN), കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (KCC) എന്നിവ ഉദാഹരണങ്ങളാണ്.
കാര്‍ഷിക വായ്പകള്‍ക്കുള്ള യോഗ്യത എന്തൊക്കെ?
കാര്‍ഷിക വായ്പയ്ക്ക് അപേക്ഷിക്കാന്‍, നിങ്ങള്‍ താഴെ പറയുന്ന അടിസ്ഥാന യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കണം:
അംഗത്വം: അപേക്ഷകന്‍ കര്‍ഷകനോ, കുടിയാന്‍ കര്‍ഷകനോ, കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സഹകരണ സംഘത്തിലെ അംഗമോ ആയിരിക്കണം.
പ്രായം: അപേക്ഷകന് 18 നും 65 നും ഇടയില്‍ പ്രായമുണ്ടായിരിക്കണം.
ഭൂമിയുടെ ഉടമസ്ഥാവകാശം: വിള വായ്പകള്‍ക്കും ഭൂവികസന വായ്പകള്‍ക്കും, അപേക്ഷകന് കൃഷിഭൂമിയില്‍ ഉടമസ്ഥാവകാശമോ പാട്ടത്തിനെടുത്ത അവകാശമോ ഉണ്ടായിരിക്കണം.
തിരിച്ചടയ്ക്കാനുള്ള ശേഷി: വായ്പ തിരിച്ചടയ്ക്കാന്‍ കഴിയുന്ന വരുമാനം ഉണ്ടായിരിക്കണം. കൃഷിയില്‍ നിന്നുള്ള വരുമാനം ഉള്‍പ്പെടെയുള്ളവ ബാങ്ക് വിലയിരുത്തും.
കാര്‍ഷിക വായ്പ ലഭിക്കാന്‍ ആവശ്യമായ രേഖകള്‍
തിരിച്ചറിയല്‍ രേഖ: ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, അല്ലെങ്കില്‍ പാസ്‌പോര്‍ട്ട്.
മേല്‍വിലാസം തെളിയിക്കുന്ന രേഖ: യൂട്ടിലിറ്റി ബില്ലുകള്‍, ആധാര്‍ കാര്‍ഡ്, അല്ലെങ്കില്‍ റേഷന്‍ കാര്‍ഡ്.
ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകള്‍: നിങ്ങള്‍ സ്വന്തമായോ പാട്ടത്തിനെടുത്തോ കൃഷി ചെയ്യുന്ന ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകള്‍ അല്ലെങ്കില്‍ പാട്ടക്കരാറുകള്‍.
സാമ്പത്തിക രേഖകള്‍: കഴിഞ്ഞ ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍, ആദായ നികുതി റിട്ടേണ്‍ (ബാധകമെങ്കില്‍), അല്ലെങ്കില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാന രേഖ.
വിശദമായ വിള പദ്ധതി: വിള വായ്പകള്‍ക്ക് അപേക്ഷിക്കുമ്പോള്‍, കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്ന വിളകള്‍, പ്രതീക്ഷിക്കുന്ന ചിലവുകള്‍, കണക്കാക്കിയ വരുമാനം എന്നിവ വ്യക്തമാക്കുന്ന വിശദമായ കാര്‍ഷിക പദ്ധതി ആവശ്യമാണ്.
ഫോട്ടോകള്‍: സമീപകാലത്ത് എടുത്ത പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍.
കാര്‍ഷിക വായ്പകള്‍ക്ക് എങ്ങനെ അപേക്ഷിക്കാം?
ശരിയായ വായ്പ തിരഞ്ഞെടുക്കുക: നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഒരു വായ്പ കണ്ടെത്തണം. നിരവധി പൊതു, സ്വകാര്യ ബാങ്കുകളും പ്രാദേശിക ഗ്രാമീണ ബാങ്കുകളും (RRB) വിവിധ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി വായ്പകള്‍ വാഗ്ദാനം ചെയ്യുന്നു. പലിശ നിരക്കുകള്‍, തിരിച്ചടവ് വ്യവസ്ഥകള്‍, മറ്റ് നിബന്ധനകള്‍ എന്നിവ താരതമ്യം ചെയ്ത് നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കുക.
യോഗ്യത ഉറപ്പാക്കുക: അപേക്ഷിക്കുന്നതിന് മുമ്പ്, ബാങ്കോ ധനകാര്യ സ്ഥാപനമോ നിശ്ചയിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ നിങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക. ഇതില്‍ നിങ്ങളുടെ പ്രായം, ഭൂമിയുടെ ഉടമസ്ഥാവകാശം, വരുമാന സ്രോതസ്സുകള്‍ എന്നിവ പരിശോധിക്കേണ്ടതുണ്ട്. ആവശ്യമായ രേഖകള്‍ ഉണ്ടെന്ന് ഉറപ്പാക്കുക.
ആവശ്യമായ രേഖകള്‍ ശേഖരിക്കുക: അടുത്തതായി, തിരിച്ചറിയല്‍ രേഖകള്‍, ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകള്‍ അല്ലെങ്കില്‍ പാട്ടക്കരാറുകള്‍, വരുമാന രേഖകള്‍, വിശദമായ കാര്‍ഷിക പദ്ധതി (ആവശ്യമെങ്കില്‍) എന്നിവ ഉള്‍പ്പെടെ വായ്പ അപേക്ഷയ്ക്ക് ആവശ്യമായ എല്ലാ രേഖകളും ശേഖരിക്കുക.
ബാങ്കിലോ ഓണ്‍ലൈനിലോ അപേക്ഷിക്കുക: നിങ്ങള്‍ക്ക് അടുത്തുള്ള ബാങ്ക് ശാഖയില്‍ നേരിട്ട് അപേക്ഷിക്കാം. ബാങ്കിന്റെ വെബ്‌സൈറ്റ് അല്ലെങ്കില്‍ മൊബൈല്‍ ആപ്പ് വഴി ഓണ്‍ലൈനായും അപേക്ഷിക്കാം. പല ബാങ്കുകളും വായ്പ അപേക്ഷാ പ്രക്രിയ ഡിജിറ്റല്‍ ആക്കിയിട്ടുണ്ട്. ഇത് എളുപ്പത്തില്‍ അപേക്ഷിക്കാനും അപേക്ഷയുടെ സ്ഥിതി നിരീക്ഷിക്കാനും സഹായിക്കുന്നു. നേരിട്ടാണ് അപേക്ഷിക്കുന്നതെങ്കില്‍, ആവശ്യമായ എല്ലാ രേഖകളും കൊണ്ടുപോകാന്‍ ഓര്‍ക്കുക.
വായ്പ അപേക്ഷാ ഫോം പൂരിപ്പിക്കുക: ബാങ്ക് നല്‍കുന്ന അപേക്ഷാ ഫോം കൃത്യവും വിശദവുമായ വിവരങ്ങള്‍ നല്‍കി പൂരിപ്പിക്കുക. എല്ലാ കോളങ്ങളും ശരിയായി പൂരിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍, ആവശ്യമായ രേഖകള്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അപ്ലോഡ് ചെയ്യുക.
പരിശോധനയും നടപടിക്രമങ്ങളും:അപേക്ഷ സമര്‍പ്പിച്ച ശേഷം, ബാങ്ക് നല്‍കിയിട്ടുള്ള വിവരങ്ങളും രേഖകളും പരിശോധിക്കും. കൃഷിഭൂമിയും ബിസിനസ് പദ്ധതിയും വിലയിരുത്തുന്നതിന് ഒരു ഫീല്‍ഡ് വിസിറ്റ് നടത്താന്‍ സാധ്യതയുണ്ട്. വായ്പ കൃത്യമായ കാര്‍ഷിക ആവശ്യങ്ങള്‍ക്കാണോ ഉപയോഗിക്കുന്നത് എന്ന് ഉറപ്പാക്കുന്നതിനുള്ള സാധാരണ നടപടിയാണിത്.
വായ്പ അംഗീകാരവും വിതരണവും: ബാങ്ക് വായ്പ അംഗീകരിച്ചുകഴിഞ്ഞാല്‍, വായ്പ തുക, പലിശ നിരക്ക്, കാലാവധി, തിരിച്ചടവ് ഷെഡ്യൂള്‍ എന്നിവ വിശദീകരിക്കുന്ന ഒരു കത്ത് നിങ്ങള്‍ക്ക് ലഭിക്കും. അതിനു ശേഷം എഗ്രിമെന്റില്‍ ഒപ്പിട്ട ശേഷം വായ്പ വിതരണം ചെയ്യും. വായ്പ ചെക്ക്, ഡിമാന്‍ഡ് ഡ്രാഫ്റ്റ് അല്ലെങ്കില്‍ ഡയറക്ട് ബാങ്ക് ട്രാന്‍സ്ഫര്‍ വഴി വിതരണം ചെയ്യാവുന്നതാണ്.
കാര്‍ഷിക വായ്പകള്‍ എങ്ങനെ തിരിച്ചടയ്ക്കാം?
കാര്‍ഷിക വായ്പകളുടെ തിരിച്ചടവ് വ്യവസ്ഥകള്‍ കൃഷിയുടെ രീതി അനുസരിച്ച് രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. വിളവെടുപ്പ് സീസണ്‍ അല്ലെങ്കില്‍ വരുമാനം അനുസരിച്ച് തവണകളായി വായ്പ തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെടാം. പോസ്റ്റ്-ഡേറ്റഡ് ചെക്കുകള്‍, ഇലക്ട്രോണിക് ട്രാന്‍സ്ഫറുകള്‍ ഉള്‍പ്പെടെ വിവിധ തിരിച്ചടവ് രീതികള്‍ ബാങ്കുകള്‍ സാധാരണയായി വാഗ്ദാനം ചെയ്യുന്നു. കൃത്യസമയത്തുള്ള തിരിച്ചടവ് പിഴ ഒഴിവാക്കാനും നല്ല ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്താനും സഹായിക്കും.
കാര്‍ഷിക വായ്പകള്‍ക്കുള്ള സര്‍ക്കാര്‍ സഹായ പദ്ധതികള്‍ എന്തൊക്കെ?
പല സര്‍ക്കാര്‍ പദ്ധതികളും കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നു. കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍ ലഭ്യമാക്കുന്നു.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (KCC) പദ്ധതി: ഈ പദ്ധതി വിള ഉല്‍പാദനത്തിനുള്ള ചെലവുകള്‍ക്കായി കര്‍ഷകര്‍ക്ക് ഹ്രസ്വകാല വായ്പകള്‍ നല്‍കുന്നു.
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (PM-KISAN): ഈ സര്‍ക്കാര്‍ സംരംഭം കര്‍ഷകര്‍ക്ക് വിവിധ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി സാമ്പത്തിക സഹായം നല്‍കുന്നു.
നബാര്‍ഡ് (NABARD) പദ്ധതികള്‍: കാര്‍ഷിക, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നബാര്‍ഡ് കര്‍ഷകര്‍ക്കും ഗ്രാമീണ സംരംഭകര്‍ക്കും ഹ്രസ്വകാല, ദീര്‍ഘകാല വായ്പകള്‍ നല്‍കുന്നു. യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിച്ച്, ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച്, ഉചിതമായ വായ്പാ പദ്ധതി ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കുന്നതിലൂടെ, കൃഷിയില്‍ വിജയിക്കാന്‍ ആവശ്യമായ സാമ്പത്തിക സഹായം നേടാനാകും.
കൂടാതെ, PM-KISAN, KCC പോലുള്ള സര്‍ക്കാര്‍ സഹായ പദ്ധതികള്‍ പ്രയോജനപ്പെടുത്തുന്നത് കുറഞ്ഞ പലിശ നിരക്കുകള്‍, എളുപ്പത്തിലുള്ള തിരിച്ചടവ് വ്യവസ്ഥകള്‍ തുടങ്ങിയ അധിക ആനുകൂല്യങ്ങള്‍ നല്‍കും.
നിങ്ങളുടെ വായ്പ ഫലപ്രദമായി കൈകാര്യം ചെയ്യുകയും കൃത്യ സമയത്ത് തിരിച്ചടയ്ക്കുകയും ചെയ്താല്‍ സാമ്പത്തിക ഭാവിക്കും ഇത് ഗുണം ചെയ്യും.