ഹൃദയം നിലച്ച് പോകുന്ന കാഴ്ച; റോഡിലൂടെ പോകവെ പെട്ടെന്നുണ്ടായ ഭീമൻ കുഴിയിലേക്ക് തലകുത്തി വീണ് ബൈക്ക് യാത്രക്കാരൻ

റോഡ് അപകടങ്ങൾ പല വിധമാണ്. ഇടയ്ക്ക് കേരളത്തില്‍ സ്ഥിരമായി കേട്ടുകൊണ്ടിരുന്ന ഒരു റോഡ് അപകടം, റോഡിന് കുറുകെ കെട്ടിയ കയറിലോ മറ്റ് കേബിളുകളിലോ കുരുങ്ങി അപകടത്തില്‍പ്പെടുന്ന ബൈക്ക് യാത്രക്കാരെ കുറിച്ചായിരുന്നു. രാത്രിയില്‍ റോഡിലേക്ക് താഴ്ന്നു കിടക്കുന്ന കയറോ, കേബിളോ ബൈക്ക് യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടെന്ന് വരില്ല. പ്രത്യേകിച്ചും തെരുവ് വിളക്കില്ലാത്ത റോഡാണെങ്കില്‍. ഇത് അപകടങ്ങൾക്ക് കാരണമാകുന്നു. എന്നാല്‍, തെക്കന്‍ കൊറിയയില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു ബൈക്ക് അപകടത്തിന്‍റെ വീഡിയോ നിങ്ങളുടെ ഹൃദയത്തിന്‍റെ പ്രവര്‍ത്തനം ഒരു നിമിഷത്തേക്ക് സ്തംഭിപ്പിക്കാന്‍ കെല്‍പ്പുള്ളതാണ്. 

കാറിന്‍റെ ഡാഷ്ബോര്‍ഡില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. മുന്നില്‍ ഒരു കാറും തൊട്ട് പിന്നെ ഒരു ബൈക്കും റോഡിലൂടെ അത്യാവശ്യം വേഗതയില്‍ സഞ്ചരിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. കാറ് കടന്ന് പോകുന്നതിനിടെ പെട്ടെന്ന് സിനിമകളിലേത് പോലെ റോഡിന്‍റെ ഒത്ത നടുക്ക് ഒരു വലിയ സിങ്ക് ഹോൾ രൂപപ്പെടുന്നു. സിങ്ക് ഹോളിലേക്ക് ആദ്യം വീഴുന്ന കാര്‍ അത്ഭുതകരമായി രക്ഷപ്പെടുന്നു. എന്നാല്‍ തൊട്ട് പുറകെ എത്തിയ ബൈക്ക് യാത്രക്കാരന്‍ ഭീമന്‍ കുഴിയില്‍ അപ്രത്യക്ഷമാകുന്നു. അപകടം മുന്നില്‍ കണ്ട, സംഭവം പകര്‍ത്തിയ കാര്‍ റോഡിന്‍റെ ഒരു വശത്തേക്ക് ഡ്രൈവര്‍ ഓടിച്ച് കയറ്റുന്നതോടെ വീഡിയോ അവസാനിക്കുന്നു. 

Read More: ഹെല്‍മറ്റ് ധരിച്ചില്ല, അഹമ്മദാബാദ് നിയമ വിദ്യാര്‍ത്ഥിക്ക് ലഭിച്ച ഫൈന്‍ 10,00,500 രൂപ !

Watch Video: ബാർ ഹോട്ടലിൽ പാട്ട് ഇടുന്നതിനെ ചൊല്ലി തർക്കം, പിന്നാലെ പൊരിഞ്ഞ തല്ല്; വീഡിയോ വൈറല്‍

അപകടം നടന്ന് രണ്ട് മണിക്കൂറിനുള്ളില്‍ മോട്ടോര്‍ ബൈക്ക് കണ്ടെത്തിയെങ്കിലും യാത്രക്കാരനെ കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീട് 18 മണിക്കൂറുകളോളം സിങ്ക് ഹോളിലെ വെള്ളം പമ്പ് ചെയ്ത് വറ്റിച്ച ശേഷമാണ് ഹൃദയസ്തംഭനം വന്ന് മരിച്ച നിലയിൽ പാര്‍ക്കിനെ സിങ്ക് ഹോളില്‍ നിന്നും പുറത്തെടുത്തത്. തെക്കന്‍ കൊറിയയുടെ തലസ്ഥാനമായ സിയോളിലാണ് അപകടം നടന്നത്. ഏതാണ്ട്  20 മീറ്റർ വീതിയും 20 മീറ്റർ ആഴവുമുള്ള സിങ്ക് ഹോളാണ് റോഡിന്‍റെ ഒത്ത നടുക്ക് രൂപപ്പെട്ടത്. ഗാങ്ഡോങ് വാർഡിലെ ഒരു പ്രൈമറി സ്കൂളിന് സമീപമാണ് സംഭവം നടന്നതെന്ന് കൊറിയ ടൈംസ് റിപ്പോര്ട്ട് ചെയ്തു. സുരക്ഷാ കാരണങ്ങളാൽ നാല് പ്രാദേശിക സ്കൂളുകള്‍ക്ക് അവധി നല്‍കി. പ്രദേശത്തെ ജലവിതരണവും ഗ്യാസ് വിതരണവും നിർത്തിവച്ചെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ഇത്രയും വലിയ കുഴി ഏങ്ങനെ രൂപ്പെട്ടെന്ന് വിശദീകരിക്കാന്‍ അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. 

Watch Video: കാനഡയിലെ റെയിൽവേ സ്റ്റേഷനിലിട്ട് ഇന്ത്യക്കാരിയെ തല്ലുന്ന വീഡിയോ വൈറല്‍; വംശീയാക്രമണമെന്ന് സോഷ്യല്‍ മീഡിയ

By admin