വനത്തില്‍ ഡോക്യൂമെന്ററി ഷൂട്ടിങ്; സംവിധായകനും സംഘവും വനംവകുപ്പിന്റെ പിടിയില്‍
കല്‍പ്പറ്റ: വനത്തിനുള്ളില്‍ അതിക്രമിച്ച് കടന്ന് ഡോക്യൂമെന്ററി ഷൂട്ട് ചെയ്ത സംഘത്തെ വനംവകുപ്പ് പിടികൂടി. സൗത്ത് വയനാട് ഡിവിഷന്‍ മേപ്പാടി റെയിഞ്ച് മുണ്ടക്കൈ സ്റ്റേഷന്‍ പരിധിയില്‍ വരുന്ന അരണമല മലവാരത്തെ മാപ്പിള തലമുടി വനഭൂമിയില്‍ അതിക്രമിച്ച് കടന്ന് ഡോക്യുമെന്ററി ഷൂട്ട് ചെയ്യാന്‍ ശ്രമിച്ച സംഘമാണ് പിടിയിലായത്. ഹൈദരാബാദ് രാരന്തപൂര്‍ പുലി ഹരിനാദ് (ഡയറക്ടര്‍), ആന്ധ്രപ്രദേശ് ഗുണ്ടൂര്‍ പെരുകലപ്പുടി താഡെപ്പള്ളി രാമഷ് ബാബു, രാരന്തപൂര്‍ ബനാ പ്രശാന്ത്, (അസി. ക്യാമറാമാന്‍), ഹൈദരാബാദ് രാമന്തപൂര്‍ പുലി ചൈതന്യ സായി (അസി. ഡയറക്ടര്‍), ഹൈദരാബാദ് രാമോജി റാവു ഫിലിംസിറ്റി അനിഷെട്ടി രേവന്ത്കുമാര്‍, എന്നിവരെയും മലയാളികളായ കോട്ടയം വാഴപ്പള്ളി പടിഞ്ഞാറ് ശ്രീഹരി എസ്. പുത്തൂര്‍, ആലപ്പുഴ അമ്പലപ്പുഴ ഗൗരി സദനം എം. സുമേഷ്, കോട്ടയം തുരുത്തി സ്വാതിശ്രീയില്‍ എസ് ശ്രീഹരി, കോട്ടയം ചങ്ങനാശ്ശേരി ശങ്കരമംഗലം തുരുത്തി അഭിരാജ്, കോട്ടയം വാഴപ്പിള്ളി പടിഞ്ഞാറ് പവന്‍ ബി. നായര്‍, കോട്ടയം പുതുപ്പാടി ഷര്‍വിനല്ലൂര്‍ പുതുപ്പാമ്പില്‍ വീട്ടില്‍ പി. പ്രവീണ്‍ റോയ് എന്നിവരും സമീപത്തെ റിസോര്‍ട്ടുകളായ ചെമ്പ്ര മോണ്ടാന, ചെമ്പ്രവാലി എന്നിവയിലെ ജീവനക്കാരായ കോഴിക്കോട് ചിക്കൊന്നുമ്മല്‍ പറമ്പത്ത്മീത്തല്‍ സരുണ്‍കൃഷ്ണ, പാലക്കാട് കൈപ്പുറം തിരുവേഗപ്പുറ തോട്ടക്കര പള്ളിയാലില്‍ മുഹമ്മദ് അബ്ദുള്‍ മാജിദ്, പുത്തുമല കള്ളാടി ഉണ്ണിഭവനം ചഞ്ചല്‍ പ്രസാദ് എന്നിവരെയുമാണ് ഫോറസ്റ്റ് അധികൃതര്‍ കസ്റ്റഡിയിലെടുത്തത്. മുണ്ടക്കൈ സ്റ്റേഷന്‍ പരിധിയിലെ മാപ്പിള തലമുടി വനഭാഗത്ത് അനുമതിയില്ലാതെ ഡോക്യുമെന്ററി ചിത്രീകരണം നടത്തുന്നത് സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ആയ വിനോദ് തടയുകയും ചിത്രീകരണത്തിനുപയോഗിച്ച ക്യാമറ, ഡ്രോണ്‍, സ്‌മോക്ക് ഗണ്‍, ഡമ്മി ഗണ്ണുകള്‍ എന്നിവ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.