‘മലയാള സിനിമയുടെ അഭിമാനമാവട്ടെ’; ‘എമ്പുരാന്’ വിജയാശംസകളുമായി മമ്മൂട്ടി

മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം എമ്പുരാന് വിജയാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി. പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം നാളെയാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തുക. സോഷ്യല്‍ മീഡിയയിലൂടെയാണ് റിലീസ് ദിന തലേന്ന് മമ്മൂട്ടിയുടെ കുറിപ്പ്. കുറിപ്പിനൊപ്പം ചിത്രത്തിന്‍റെ പോസ്റ്ററും മമ്മൂട്ടി പങ്കുവച്ചിട്ടുണ്ട്.

എമ്പുരാന്‍റെ മുഴുവന്‍ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ഒരു ചരിത്ര വിജയം ആശംസിക്കുന്നു. ലോകത്തിന്‍റെ അതിരുകള്‍ ഭേദിച്ചുകൊണ്ട് മലയാള സിനിമയ്ക്ക് അഭിമാനം പകരുന്ന ചിത്രമാവും ഇതെന്ന് പ്രതീക്ഷിക്കുന്നു. പ്രിയ ലാല്‍, പൃഥ്വി നിങ്ങള്‍ക്ക് എല്ലാ പിന്തുണയും, മമ്മൂട്ടി കുറിച്ചു. അതേസമയം ഈ സോഷ്യല്‍ മീഡിയ പോസ്റ്റിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.

പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്ന ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ഖുറേഷി അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോൺസിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്‌ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നൽകിയത് ഒരു ഇന്റർനാഷണൽ അപ്പീലാണ്.  

ALSO READ : സംവിധാനം സഹീര്‍ അലി; ‘എ ഡ്രമാറ്റിക്ക് ഡെത്ത്’ ഫസ്റ്റ് ലുക്ക് എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin