മഞ്ഞപ്പടയുടെ നെഞ്ചിലേക്ക് നാല് ഷോട്ടുകൾ, മെസിയില്ലാതിരുന്നിട്ടും ബ്രസീലിനെ 4-1ന് തോൽപ്പിച്ച് അർജന്റീന
ബ്യൂണസ് ഐറിസ്: ലാറ്റിനമേരിക്കൻ ശക്തികളുടെ പോരാട്ടത്തിൽ കരുത്തരായ ബ്രസീലിനെ തോൽപ്പിച്ച് ലോകചാമ്പ്യന്മാരായ അർജന്റീന ലോകകപ്പ് യോഗ്യത നേടി. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് നീലപ്പടയുടെ വിജയം. സൂപ്പർ താരം ലിയോണൽ മെസി ഇല്ലാതെ ഇറങ്ങിയിട്ടും അർജന്റീന സർവാധിപത്യം പുലർത്തി. ഗിയൂലിയാനോ സിമിയോണി, ജൂലിയൻ അൽവാരസ്, അലക്‌സിസ് മാക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ് എന്നിവരാണ് അർജന്റീനക്കായി വല കുലുക്കിയത്. ആദ്യ മൂന്ന് ഗോളുകൾ ഒന്നാം പകുതിയിലും നാലാം ഗോൾ രണ്ടാം പകുതിയിലുമാണ് നേടിയത്. കളി തുടങ്ങി നാലാം മിനിറ്റിൽ അൽവാരസാണ് ഗോൾവേട്ടക്ക് തുടക്കമിട്ടത്.
മഞ്ഞപ്പടയുടെ ഞെട്ടൽ മാറും മുമ്പേ 12-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസും ലക്ഷ്യം കണ്ടു. 37-ാം മിനിറ്റിൽ അലക്‌സിസ് മാക് അലിസ്റ്ററിന്റെ വകയായിരുന്നു മൂന്നാം ഗോൾ. ഇതിനിടെ 26ാം മിനിറ്റിൽ മാത്തിയാസ് കൂനിയ ബ്രസീലിനായി ഗോൾ മടക്കി. വിജയത്തോടെ യോഗ്യതാ പട്ടികയിൽ അർജന്റീന ഒന്നാം സ്ഥാനം നിലനിർത്തി. തോൽവിക്ക് ശേഷം ബ്രസീൽ മൂന്നാം സ്ഥാനത്തേക്ക് വീണു. ബൊളീവിയ ഉറുഗ്വേയ്‌ക്കെതിരെ സമനില വഴങ്ങിയതിനെത്തുടർന്നാണ് അർജന്റീന 2026 ഫിഫ ലോകകപ്പിന് യോഗ്യത ഉറപ്പിച്ചത്. അതേസമയം, യോഗ്യത ഉറപ്പാക്കാൻ ബ്രസീലിന് ഇനിയും വിജയങ്ങൾ ആവശ്യമാണ്.