നികുതി വെട്ടിച്ച് ഇറക്കുമതി ചെയ്ത് ഉപകരണങ്ങൾ ജിയോക്ക് വിറ്റു, സാംസങ്ങിന് 5152. 12 രൂപ പിഴ ചുമത്തി-റിപ്പോർട്ട്

ദില്ലി: ഇലക്ട്രോണിക്സ് ഭീമനും സ്‍മാർട്ട്‌ഫോൺ നിർമാതാക്കളുമായ സാംസങ്ങിൽ നിന്ന് നികുതിയും പിഴയുമായി 5152. 12 കോടി രൂപ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. അവശ്യ ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ താരിഫ് ഒഴിവാക്കിയതിന് സാംസങ്ങും കമ്പനിയുടെ പ്രാദേശിക എക്സിക്യൂട്ടീവുകളും 601 മില്യൺ ഡോളർ നികുതിയും പിഴയും തിരികെ നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. സമീപ വർഷങ്ങളിൽ ഏതെങ്കിലും കമ്പനിക്ക് മേൽ സർക്കാർ ചുമത്തിയ ഏറ്റവും ഉയർന്ന താരിഫ് ആണിതെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം സാംസങ്ങിന്റെ അറ്റാദായം 955 മില്യൺ ഡോളറായിരുന്നു. അതേസമയം ഈ നികുതിയാവശ്യപ്പെട്ടതിനെതിരെ കമ്പനി ട്രിബ്യൂണലിനെ സമീപിച്ചേക്കും. 

മൊബൈൽ ടവറുകളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഇറക്കുമതി ചെയ്തപ്പോൾ നികുതി നൽകാതിരിക്കാനായി തെറ്റായി തരംമാറ്റിയെന്നാണ് പ്രധാന ആരോപണം. ഇതുസംബന്ധിച്ച് 2023ൽ സാംസങ്ങിന് അധികൃതരിൽനിന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇറക്കുമതി ചെയ്ത ഉപകരണങ്ങൾ മുകേഷ് അംബാനിയുടെ ടെലികോം ഭീമനായ റിലയൻസ് ജിയോയ്ക്കാണ് സാംസങ്ങ് വിറ്റത്. 

ഉപകരണങ്ങൾ നികുതി ആവശ്യമുള്ളത് അല്ലെന്നും ഉദ്യോഗസ്ഥർക്ക് വർഷങ്ങളായി അതിന്റെ വർ​ഗീകരണ രീതി അറിയാമെന്നും ചൂണ്ടിക്കാട്ടി സാംസങ് ഇന്ത്യ നികുതി അതോറിറ്റിയെ പരിശോധനയിൽ നിന്ന് പിന്മാറാൻ നിർബന്ധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. അന്വേഷണം നടത്താതിരിക്കാൻ സാംസങ് അധികൃതർ ഉദ്യോ​ഗസ്ഥരിൽ സമ്മർദ്ദം ചെലുത്തിയെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 

എന്നാൽ ജനുവരി 8-ന് കസ്റ്റംസ് അധികൃതർ കമ്പനിയുടെ വാദത്തോട് വിയോജിച്ചു. സാംസങ് ഇന്ത്യൻ നിയമം ലംഘിച്ചുവെന്നറിഞ്ഞ് ക്ലിയറൻസിനായി തെറ്റായ രേഖകൾ സമർപ്പിച്ചുവെന്ന് കസ്റ്റംസ് കമ്മീഷണർ സോനാൽ ബജാജ് തന്റെ ഉത്തരവിൽ വ്യക്തമാക്കി. സാംസങ് ധാർമ്മികതകളും വ്യവസായ രീതികളും ലംഘിക്കുകയും സ്വന്തം ലാഭത്തിനായി സർക്കാർ ഖജനാവിനെ വഞ്ചിക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടയ്ക്കാത്ത നികുതിയും 100 ശതമാനം പിഴയും ഉൾപ്പെടെ 520 മില്യൺ ഡോളർ നൽകാൻ സാംസങ്ങിനോട് ഉത്തരവിട്ടു. കമ്പനിയിലെ ഏഴ് ഉദ്യോഗസ്ഥർക്കും 81 മില്ല്യൺ ഡോളർ പിഴ ചുമത്തിയിട്ടുണ്ട്. ഇതിൽ നെറ്റ്‌വർക്ക് ഡിവിഷൻ വൈസ് പ്രസിഡന്റ് സുങ് ബിയോം ഹോംഗ്, സിഎഫ്ഒ ഡോങ് വോൺ ചൂ, ഫിനാൻസ് ജനറൽ മാനേജർ നിഖിൽ അഗർവാൾ എന്നിവർ ഉൾപ്പെടുന്നു. 

അതേസമയം ചരക്കുകൾ തരംതിരിക്കുന്നതിലെ വ്യാഖാനമാണ് പ്രതിസന്ധിക്ക് കാരണമെന്നും ഇന്ത്യൻ നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും സാംസങ് പ്രസ്താവനയിൽ പറഞ്ഞു. ഞങ്ങളുടെ അവകാശങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിയമപരമായി നീങ്ങുമെന്നും കമ്പനി അറിയിച്ചു. അതേസമയം റോയിട്ടേഴ്‌സിന്റെ ചോദ്യങ്ങളോട് ഇന്ത്യയുടെ കസ്റ്റംസ് അതോറിറ്റിയും ധനകാര്യ മന്ത്രാലയവും റിലയൻസും പ്രതികരിച്ചില്ല.  

By admin