ജിഎസ്ടി അടയ്ക്കുന്നതില്‍ വീഴ്ചയുണ്ടായോ? പ്രത്യേക ആംനസ്റ്റി പദ്ധതിയുമായി ജിഎസ്ടി വകുപ്പ്
ചരക്ക് സേവന നികുതി അടയ്ക്കാന്‍ കഴിയാത്തവര്‍ ഓര്‍ക്കേണ്ട ഒരു തീയതി ഉണ്ട്. ജൂണ്‍ 30 ആണ് ആ നിര്‍ണായകമായ സമയ പരിധി. ജിഎസ്ടി അടയ്ക്കുന്നതില്‍ പരാജയപ്പെടുകയാണെങ്കില്‍ ജിഎസ്ടി ആംനസ്റ്റി സ്കീം സെക്ഷന്‍ 128 എ പ്രകാരം അപേക്ഷ സമര്‍പ്പിക്കേണ്ടത് ജൂണ്‍ 30 ന് മുമ്പാണ്. അതേ സമയം ടാക്സ് ഡിമാന്‍റ് തുക മാര്‍ച്ച് 31ന് മുമ്പ് അടയ്ക്കണം. നടപടി ക്രമങ്ങള്‍ കൃത്യമായ സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കിയാല്‍ ചരക്ക് സേവന നികുതി വകുപ്പ് വിവരങ്ങള്‍ പരിശോധിക്കുകയും പിഴ, പലിശ എന്നിവ ഒഴിവാക്കി നല്‍കുന്നത് അടക്കമുള്ള ആശ്വാസ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും. 2025 മാര്‍ച്ച് 31-നകം തുക അടയ്ക്കുകയാണെങ്കില്‍, മാത്രമേ നികുതി ഡിമാന്‍ഡുകളില്‍ പലിശയും പിഴയും ഈ പദ്ധതി പ്രകാരം ഒഴിവാക്കപ്പെടൂ
ജിഎസ്ടി ആംനസ്റ്റി പദ്ധതിയുടെ ആനുകൂല്യങ്ങള്‍
2025 മാര്‍ച്ച് 31-നകം നികുതി അടച്ചാല്‍ പലിശയും പിഴയും ഒഴിവാക്കുന്നതിലൂടെ നികുതി ദായകരുടെ സാമ്പത്തിക ബാധ്യതകള്‍ കുറയ്ക്കുന്നു.
നികുതിദായകരെ കുടിശ്ശിക തീര്‍ക്കാനും ജിഎസ്ടി ഫയലിംഗുകള്‍ ക്രമപ്പെടുത്താനും പ്രോത്സാഹിപ്പിക്കുന്നു, അതുവഴി കേസുകള്‍ കുറയ്ക്കുന്നു.
ഫയല്‍ ചെയ്യാത്തതിനാല്‍ ജിഎസ്ടി രജിസ്ട്രേഷന്‍ റദ്ദാക്കിയ ബിസിനസുകള്‍ക്ക് വീണ്ടും രജിസ്റ്റര്‍ ചെയ്യാനും എളുപ്പത്തില്‍ നടപടി ക്രമങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കാനും കഴിയും.
ജിഎസ്ടി ആംനസ്റ്റി ഇളവിന് അര്‍ഹതയുള്ളത് ആര്‍ക്കൊക്കെ?
സെക്ഷന്‍ 73 പ്രകാരം വഞ്ചനാപരമല്ലാത്ത ജിഎസ്ടി ഡിമാന്‍ഡ് നോട്ടീസുകള്‍ ലഭിച്ചവര്‍
2017-18 സാമ്പത്തിക വര്‍ഷം മുതല്‍ 2019-20 സാമ്പത്തിക വര്‍ഷം വരെയുള്ള കാലയളവില്‍ ഫയലിംഗ് തെറ്റുകള്‍ വരുത്തിയവര്‍
ഫോമുകള്‍ ഏതൊക്കെ?
ഓണ്‍ലൈന്‍ ഫയലിംഗിനായി 2025 ജനുവരി മുതല്‍ ജിഎസ്ടി പോര്‍ട്ടലില്‍ GST SPL-01 & SPL-02 എന്നിവ ലഭ്യമാണ്.