ന്യൂയോർക്ക്: യെമനിലെ ഹൂതികള്‍ക്കെതിരായ അമേരിക്കൻ സൈനിക നടപടി ചര്‍ച്ച ചെയ്യാന്‍ രൂപീകരിച്ച ട്രംപ് ഭരണകൂടത്തിലെ ഉന്നതരുടെ സോഷ്യൽ മീഡിയ ഗ്രൂപ്പില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഉള്‍പ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സ്. ഈ ഗ്രൂപ്പിൽ നിന്നാണ് അമേരിക്കൻ സൈനിക നടപടികൾ ചോർന്നതെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് വാൾട്സ് ഉത്തരവാദിത്വം ഏറ്റെടുത്തത്. സൈനിക നടപടി ചോരാൻ കാരണമായ ഗ്രൂപ്പ് ഉണ്ടാക്കിയത് താനാണെന്നും അതുകൊണ്ടുതന്നെ സംഭവത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വിവരിച്ചു.
അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് തുടങ്ങി ട്രംപ് ഭരണകൂടത്തിലെ ഉന്നതർ സൈനിക നടപടികൾ ചർച്ച ചെയ്യുന്ന ഗ്രൂപ്പിലാണ് സുരക്ഷാ വീഴ്ച സംഭവിച്ചതെന്നത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. സിഗ്നൽ ചാറ്റിലെ കൂടുതൽ വിവരങ്ങൾ അറ്റ്‍ലാന്റിക് ഇന്നും പുറത്തുവിട്ടിരുന്നു. അതിനിടയിലാണ് സുരക്ഷാ വീഴ്ചയെ കുറിച്ച് അമേരിക്കൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലൂടെ മൈക്ക് വാൾട്സ് കുറ്റസമ്മതം നടത്തിയത്. ചാറ്റ് ഗ്രൂപ്പിൽ നിന്നും വിവരങ്ങൾ ചോർത്തിയ മാധ്യമ പ്രവർത്തകനായ ജെഫ്രി ഗോൾഡ്ബെർഗിനെ തനിക്കു വ്യക്തിപരമായി അറിയില്ലെന്നും അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വ്യക്തമാക്കി.