ഗാസയില്‍ നിന്ന് ഒഴിഞ്ഞ് പോകണമെന്ന് ഇസ്രയേല്‍; 24 മണിക്കൂറില്‍ കൊല്ലപ്പെട്ടത് 38 പേര്‍

ഗാസ: ഗാസയില്‍ നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട്  ഇസ്രയേല്‍. ഗാസയിലെ സെയ്തൂന്‍, ടെല്‍ അല്‍ ഹവ എന്നിവിടങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്നാണ് നിര്‍ദേശം. ഇസ്രയേല്‍ ആക്രമണം പുനരാരംഭിച്ചതിന് ശേഷം 1.42 ലക്ഷം പലസ്തീനികളെ ഒഴിപ്പിച്ചിട്ടുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 38 പേരാണ് കൊല്ലപ്പെട്ടത്. ബന്ദികളെ ഉടന്‍ മോചിപ്പിച്ചില്ലെങ്കില്‍ ആക്രമണം തുടരും എന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നത്.

പൂര്‍ണ ശക്തിയോടെ പോരാട്ടം വീണ്ടും ആരംഭിച്ചു എന്നാണ് മാര്‍ച്ച് 18 മുതല്‍ ആരംഭിച്ച വ്യോമാക്രമണത്തെ സംബന്ധിച്ച് ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്. ജനുവരി 19ന് തുടങ്ങിയ ഒന്നാം ഘട്ട വെടിനിർത്തലിന്‍റെ സമയ പരിധി അവസാനിക്കുകയും രണ്ടാം ഘട്ട ചർച്ചകൾ അലസിപ്പിരിയുകയും ചെയ്തതോടെ ആണ് ഗാസ വീണ്ടും യുദ്ധഭൂമിയായത്. ലോകം പ്രതീക്ഷയോടെ കണ്ട സമാധാന കരാർ തകർന്നതിനു കാരണക്കാർ ഹമാസ് ആണെന്ന് ഇസ്രയേൽ കുറ്റപ്പെടുത്തുന്നു. മറിച്ചാണെന്ന് ഹമാസും പറയുന്നു. 

രണ്ടാം ഘട്ടത്തിൽ ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് തയ്യാറായില്ലെന്ന് ഇസ്രയേൽ ആരോപിക്കുന്നു. തങ്ങൾ മുന്നോട്ടുവെച്ച ന്യായമായ ഉപാധികൾ ഇസ്രയേൽ അംഗീകരിച്ചില്ലെന്ന് ഹമാസും ആരോപിച്ചു. അങ്ങനെയാണ് ചർച്ച അലസിപ്പിരിഞ്ഞത്. പിന്നാലെയായിരുന്നു ഗാസയിലെ ഇന്നലത്തെ ഇസ്രയേൽ ആക്രമണം. അമേരിക്കയെ മുൻകൂട്ടി അറിയിച്ച ശേഷമാണ് നെതന്യാഹു ആക്രമണത്തിന് ഉത്തരവിട്ടത്. ആക്രമണത്തിന് ഉത്തരവാദി ഹമാസെന്നാണ് അമേരിക്കയുടെ ആരോപണം.

By admin