തിരുവനന്തപുരം: ആശ വർക്കർമാരുടെ സമരം സംബന്ധിച്ച ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖറിന്‍റെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഐ.എൻ.ടി.യു.സിയെ പിണറായി വിലാസം സംഘടനയായി മാറരുതെന്ന് മുരളീധരൻ കുറ്റപ്പെടുത്തി.
ഐ.എൻ.ടി.യു.സി സ്വതന്ത്ര തൊഴിലാളി സംഘടനയാണ്. അവർക്ക് അവരുടേതായ നിലപാട് എടുക്കാം. എന്നാൽ, കെ. കരുണാകരൻ രൂപീകരിച്ച ഐ.എൻ.ടി.യു.സി പിണറായി വിലാസം സംഘടനയായി മാറരുതെന്നും മുരളീധരൻ പറഞ്ഞു.
ആശവർക്കർമാരുടെ സമരം കോൺഗ്രസ് ഏറ്റെടുത്തതാണ്. അതിനെ തള്ളിപ്പറയുന്നത് ശരിയല്ല. കോൺഗ്രസിന്‍റെ നിലപാട് സ്വീകരിക്കുന്നത് കെ.പി.സി.സി പ്രസിഡന്‍റ് ആണ്. അതിന് മേലെ പ്രസിഡന്‍റ് എ.ഐ.സി.സിക്കേ ഉള്ളൂ. അല്ലാതെ വേറെ പ്രസിഡന്‍റുമാർ കേരളത്തിൽ ഇല്ലെന്നും കെ. മുരളീധരൻ വ്യക്തമാക്കി.
ആശവർക്കർമാരുടെ സമരവേദി സെൽഫി പോയിന്‍റാണെന്ന ഐ.എൻ.ടി.യു.സി പരിഹാസത്തിനും മുരളീധരൻ മറുപടി നൽകി. കേരളത്തിൽ പ്രത്യേകിച്ച സെൽഫി പോയിന്‍റില്ലെന്ന് കെ. മുരളീധരൻ കൂട്ടിച്ചേർത്തു.
ആശസമരത്തെ വിമർശിക്കുന്ന ലേഖനം ഐ.എൻ.ടി.യു.സിയുടെ മുഖമാസികയിൽ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. ആശസമരത്തെ പിന്തുണക്കുന്നില്ലെന്നും രാഷ്ട്രീയക്കാരും സിനിമക്കാരും സമരത്തെ വിറ്റ് കാശാക്കുകയാണെന്നുമാണ് ലേഖനത്തിൽ പറഞ്ഞിരുന്നത്.
ആശമാർക്ക് വേണ്ടത് ഓണറേറിയമല്ല, സ്ഥിരം ശമ്പളമാണ്. സമരം റീൽസിന് വേണ്ടിയല്ലെന്നും ജീവിക്കാൻ വേണ്ടിയാണെന്നുമുള്ള ബോധ്യം ആശമാർക്കും സമരത്തിൽ പങ്കെടുക്കുന്നവർക്കും വേണമെന്നും ലേഖനം ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, ഐ.എൻ.ടി.യു.സി മാസികയിലെ ലേഖനത്തെ പിന്തുണക്കുകയാണ് സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖർ ചെയ്തത്. ലേഖനത്തിൽ ഒരു തെറ്റുമില്ലെന്നാണ് ചന്ദ്രശേഖർ പറഞ്ഞത്. സമരത്തിൽ കോൺഗ്രസിന് പിന്തുണ നൽകുന്നതിൽ തെറ്റില്ല. എന്നാൽ, സമരത്തെ ആഘോഷമാക്കി മാറ്റരുത്. എസ്.യു.സി.ഐ ബോർഡ് വച്ച് നടത്തുന്ന സമരത്തിൽ ഐ.എൻ.ടി.യു.സി എങ്ങനെ കയറിച്ചെല്ലുമെന്നും ചന്ദ്രശേഖർ ചോദിച്ചു.
അതേസമയം, ആശവർക്കർമാർ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന അനിശ്ചിതകാല രാപ്പകൽ സമരം 44-ാം ദിവസത്തിലേക്കും സമരസമിതി നേതാക്കൾ നടത്തുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്കും കടന്നു.
ആശവർക്കർമാർ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന ജനസഭ ഇന്ന് സമരവേദിയിൽ നടക്കുകയാണ്. സാഹിത്യ, സാമൂഹ്യ, കലാ, സാംസ്കാരിക, നിയമ രംഗങ്ങളിലെ പ്രമുഖരും പൊതുജനങ്ങളും ജനസഭയുടെ ഭാഗമാകുന്നുണ്ട്.
സാഹിത്യ അക്കാദമി ചെയർമാൻ കെ. സച്ചിദാനന്ദൻ, ടീസ്റ്റ സെറ്റിൽവാദ്, കല്പറ്റ നാരായണൻ, ബി. രാജീവൻ, ജോയി മാത്യു, ഡോ. എം.പി. മത്തായി, സി.ആർ. നീലകണ്ഠൻ, ശ്രീധർ രാധാകൃഷ്ണൻ, ഡോ. കെ.ജി താര, ഡോ. ആസാദ്, സണ്ണി എം. കപിക്കാട്, റോസ് മേരി, ഫാ. റൊമാൻസ് ആൻറണി, ജോർജ് മുല്ലക്കര തുടങ്ങിയ അനേകം വ്യക്തിത്വങ്ങൾ ജനസഭയിൽ അണിചേരും.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg
evening kerala news
eveningkerala news
eveningnews malayalam
LATEST NEWS
malayalam news
POLITICS
TRENDING NOW
കേരളം
ദേശീയം
വാര്ത്ത