ഐപിഎല്ലിൽ ആദ്യ റൗണ്ട് മത്സരങ്ങൾ പൂര്‍ത്തിയായി; പോയിന്റ് ടേബിൾ, ഓറഞ്ച് ക്യാപ്, പര്‍പ്പിൾ ക്യാപ് വിവരങ്ങൾ

ഐപിഎല്ലിന്‍റെ 18-ാം സീസണിൽ എല്ലാ ടീമുകളും ആദ്യ റൗണ്ട് മത്സരങ്ങൾ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, ചെന്നൈ സൂപ്പര്‍ കിംഗ്സ്, പഞ്ചാബ് കിംഗ്സ്, ഡൽഹി ക്യാപിറ്റൽസ് തുടങ്ങിയ ടീമുകൾ ജയത്തോടെയാണ് പുതിയ സീസൺ ആരംഭിച്ചിരിക്കുന്നത്. എല്ലാ ടീമുകളും ആദ്യ മത്സരം പൂര്‍ത്തിയാക്കിയതോടെ പോയിന്‍റ് പട്ടിക എങ്ങനെയാണെന്ന് നോക്കാം. 

ആദ്യ മത്സരത്തിൽ തകര്‍പ്പൻ ജയത്തോടെ തുടങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. രാജസ്ഥാൻ റോയൽസിനെതിരെ 286 റൺസ് അടിച്ചുകൂട്ടി വിജയിച്ചതോടെ റൺറേറ്റിൽ സൺറൈസേഴ്സ് ഒന്നാമത് എത്തുകയായിരുന്നു. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് രണ്ടാം സ്ഥാനത്ത്. ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നേടിയ 7 വിക്കറ്റ് വിജയം ആ‍ര്‍സിബിയെ പോയിന്റ് പട്ടികയിൽ സൺറൈസേഴ്സിന് തൊട്ടുപിന്നിൽ എത്തിച്ചു. 

കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റൻസിനെതിരെ നേടിയ ആവേശകരമായ വിജയത്തോടെ പഞ്ചാബ് കിംഗ്സും അക്കൗണ്ട് തുറന്നിരിക്കുകയാണ്. പോയിന്റ് പട്ടികയിൽ ആര്‍സിബിയ്ക്ക് പിന്നിൽ മൂന്നാമതാണ് പഞ്ചാബിന്റെ സ്ഥാനം. മുംബൈ ഇന്ത്യൻസിനെതിരെ അവസാന ഓവറിലേയ്ക്ക് നീണ്ട ആവേശകരമായ മത്സരത്തിലെ വിജയം ചെന്നൈ സൂപ്പര്‍ കിംഗ്സിനും 2 പോയിന്റ് സമ്മാനിച്ചു. നാലാം സ്ഥാനത്താണ് ചെന്നൈയുള്ളത്. അവസാന ഓവറിലേയ്ക്ക് നീണ്ട ത്രില്ലര്‍ പോരാട്ടത്തിലൂടെ ലഖ്നൗവിനെ പരാജയപ്പെടുത്തിയ ഡൽഹി ക്യാപിറ്റൽസ് അഞ്ചാം സ്ഥാനത്തെത്തി. ലഖ്നൗ, മുംബൈ, ഗുജറാത്ത്,കൊൽക്കത്ത, രാജസ്ഥാൻ എന്നീ ടീമുകളാണ് യഥാക്രമം 6 മുതൽ 10 വരെ സ്ഥാനങ്ങളിൽ. 

ആദ്യ റൗണ്ട് മത്സരങ്ങൾ പൂര്‍ത്തിയായതോടെ ഓറഞ്ച് ക്യാപ്പിന് വേണ്ടിയുള്ള പോരാട്ടവും കടുത്തിരിക്കുകയാണ്. ഈ സീസണിലെ ആദ്യ സെഞ്ച്വറി നേടിയ സൺറൈസേഴ്സ് താരം ഇഷാൻ കിഷനാണ് റൺവേട്ടയിൽ ഒന്നാം സ്ഥാനത്ത്. 106 റൺസാണ് കിഷൻ രാജസ്ഥാനെതിരെ അടിച്ചുകൂട്ടിയത്. പുറത്താകാതെ 97 റൺസ് നേടിയ പഞ്ചാബ് നായകൻ ശ്രേയസ് അയ്യരാണ് രണ്ടാം സ്ഥാനത്ത്. ലഖ്നൗവിന്റെ നിക്കോളാസ് പൂരാൻ (75), ഗുജറാത്തിന്റെ സായ് സുദര്‍ശൻ (74, ലഖ്നൗവിന്റെ തന്നെ മിച്ചൽ മാര്‍ഷ് (72) എന്നിവരാണ് യഥാക്രമം 3 മുതൽ 5 വരെ സ്ഥാനങ്ങളിൽ ഇടംപിടിച്ച ബാറ്റര്‍മാര്‍. 

പര്‍പ്പിൾ ക്യാപ് സ്വന്തമാക്കാനായി ബൗളര്‍മാര്‍ തമ്മിലും വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. ആദ്യ മത്സരത്തിൽ തന്നെ 4 വിക്കറ്റുകൾ വീഴ്ത്തിയ ചെന്നൈ താരം നൂര്‍ അഹമ്മദാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 3 വീതം വിക്കറ്റുകൾ സ്വന്തമാക്കിയ ക്രുനാൽ പാണ്ഡ്യ (ബെംഗളൂരു), ഖലീൽ അഹമ്മദ് (ചെന്നൈ), സായ് കിഷോര്‍ (ഗുജറാത്ത്), വിഘ്നേഷ് പുത്തൂര്‍ (മുംബൈ) എന്നിവരാണ് യഥാക്രമം 2 മുതൽ 5 വരെ സ്ഥാനങ്ങളിൽ. 

READ MORE: ‘എന്റെ സെ‌ഞ്ച്വറിയെ കുറിച്ച് ചിന്തിക്കേണ്ട’; അവസാന ഓവറിന് മുമ്പ് ശ്രേയസ് പറഞ്ഞത് വെളിപ്പെടുത്തി ശശാങ്ക് സിംഗ്

By admin