‘എന്റെ സെ‌ഞ്ച്വറിയെ കുറിച്ച് ചിന്തിക്കേണ്ട’; അവസാന ഓവറിന് മുമ്പ് ശ്രേയസ് പറഞ്ഞത് വെളിപ്പെടുത്തി ശശാങ്ക് സിംഗ്

അഹമ്മദാബാദ്: ഐപിഎല്ലിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ തകര്‍ത്ത് പഞ്ചാബ് കിംഗ്സ് ഈ സീസണിൽ അക്കൗണ്ട് തുറന്നിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പ‌ഞ്ചാബ് 5 വിക്കറ്റ് നഷ്ടത്തിൽ 244 എന്ന കൂറ്റൻ സ്കോറാണ് അടിച്ചെടുത്തത്. 97 റൺസുമായി പുറത്താകാതെ നിന്ന നായകൻ ശ്രേയസ് അയ്യരായിരുന്നു പഞ്ചാബിന്റെ ടോപ് സ്കോറര്‍. 

പഞ്ചാബിന്റെ വിജയശിൽപ്പിയായെങ്കിലും അര്‍ഹിച്ച സെഞ്ച്വറി സ്വന്തമാക്കാൻ ശ്രേയസിനായില്ല. 19 ഓവറുകൾ പൂര്‍ത്തിയായപ്പോൾ 97 റൺസിൽ ബാറ്റ് ചെയ്യുകയായിരുന്ന ശ്രേയസിന് അവസാന ഓവറിൽ ഒരു പന്ത് പോലും നേരിടാൻ സാധിച്ചില്ല. തകര്‍പ്പൻ ഫോമിലായിരുന്ന ശശാങ്ക് സിംഗ് മുഹമ്മദ് സിറാജ് എറിഞ്ഞ അവസാന ഓവറിൽ 5 ബൗണ്ടറികൾ സഹിതം 23 റൺസാണ് അടിച്ചുകൂട്ടിയത്. ശശാങ്കിന്റെ വെടിക്കെട്ട് ബാറ്റിംഗിൽ സ്കോര്‍ കുതിച്ചുയര്‍ന്നെങ്കിലും ശ്രേയസിന് സെഞ്ച്വറി നഷ്ടപ്പെടുമെന്ന തോന്നൽ പഞ്ചാബ് ടീം അംഗങ്ങളിലും കോച്ച് റിക്കി പോണ്ടിംഗിന്റെ മുഖത്തും വ്യക്തമായിരുന്നു. പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. 42 പന്തിൽ 5 ബൗണ്ടറികളും 9 സിക്സറുകളും സഹിതം 97 റൺസ് നേടിയ ശ്രേയസ് പുറത്താകാതെ നിന്നു. 

സെഞ്ച്വറി നേടാൻ സാധിച്ചില്ലെങ്കിലും മുഖത്ത് പുഞ്ചിരിയുമായാണ് ശ്രേയസ് കളം വിട്ടത്. ശ്രേയസിന് വേണ്ടി ഒരു സിംഗിളിന് പോലും ശ്രമിക്കാതിരുന്ന ശശാങ്കിനെതിരെ പഞ്ചാബ് ആരാധകര്‍ പോലും സോഷ്യൽ മീഡിയയിൽ വിമര്‍ശനവുമായി രംഗത്തെത്തുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്. എന്നാൽ, അവസാന ഓവറിന് മുമ്പ് ശശാങ്കിനടുത്ത് എത്തിയ ശ്രേയസ് തന്‍റെ സെഞ്ച്വറിയെ കുറിച്ച് ആലോചിക്കണ്ടെന്നും ടീമിന്റെ സ്കോര്‍ പരമാവധി ഉയര്‍ത്താനുമാണ് നിര്‍ദ്ദേശിച്ചത്. മത്സര ശേഷം ശശാങ്ക് തന്നെ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തു. ആവേശകരമായ മത്സരത്തിൽ 11 റൺസിന് ഗുജറാത്ത് ടൈറ്റൻസിനെ പരാജയപ്പെടുത്തിയാണ് പഞ്ചാബ് കിംഗ്സ് ഈ സീസണിൽ വിജയത്തുടക്കം സ്വന്തമാക്കിയത്. 

READ MORE: ഇത് അയ്യരുടെ പഞ്ച്! ഇതുവരെ കാണാത്ത പഞ്ചാബ്; ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മിന്നുന്ന ജയം

By admin