ആശ വർക്കർമാരുടെ സമരം; സർക്കാർ നിലപാടിനെതിരെ കെ സച്ചിദാനന്ദൻ, സർക്കാർ മുഷ്ക് കാണിന്നുവെന്ന് ജോയ് മാത്യു

തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ സമരത്തിൽ സര്‍ക്കാര്‍ നിലപാടിനെതിരെ സാഹിത്യ അക്കാദമി പ്രസിഡന്‍റും കവിയുമായ കെ സച്ചിദാനന്ദൻ. ആശമാരെ അധിക്ഷേപിക്കുകയോ പരിഹസിക്കുകയോ ചെയ്യരുതെന്നും ചര്‍ച്ചയ്ക്ക് വിളിക്കണമെന്നും സമരത്തിന് പിന്തുണയുമായി സംഘടിപ്പിച്ച ജനസഭയിൽ അദ്ദേഹം പറഞ്ഞു. ആശ വര്‍ക്കര്‍മാരോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നത് മുഷ്കാണെന്നും ഇത് തന്നെയാണ് ഇന്ത്യ ഭരിക്കുന്നവര്‍ സാധാരണക്കാരോട് കാണിക്കുന്നതെന്നും നടൻ ജോയ് മാത്യുവും വിമര്‍ശിച്ചു.

ഓണറേറിയം വര്‍ധന ആവശ്യപ്പെട്ട് ആശ വര്‍ക്കര്‍മാരുടെ സമരം, വീര്യം ചോരാതെ നാൽപത്തിയഞ്ചാം ദിവസവും തുടരുകയാണ്. അനുദിനം സമരത്തിന് പിന്തുണയും കൂടുന്നു. ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്നത് അസംബന്ധമാണെന്നാണ് കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദൻ്റെ വിമര്‍ശനം. സമരക്കാരെ ന്യൂന പക്ഷമായി കാണരുതെന്നും വീഡിയോ സന്ദേശത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. ആശ വര്‍ക്കാര്‍മാരുടെ സമരത്തെ പിന്തുണച്ച് ഒരു പോസ്റ്റിടാൻ പോലുമുള്ള ധൈര്യം ഡിവൈഎഫ്ഐയ്ക്ക് ഇല്ലെന്നായിരുന്നു നടൻ ജോയി മാത്യുവിന്‍റെ പരിഹാസം.

അതേസമയം, സംസ്കാരിക പ്രവര്‍ത്തകരും സാമുദായിക നേതാക്കളും ജനസഭയിൽ പങ്കെടുത്ത് പിന്തുണയറിയിച്ചു. പ്രമേയവും അവതരിപ്പിച്ചു.  ആശ വര്‍ക്കാര്‍മാരുടെ നിരാഹാര സമരം ഏഴാം ദിവസത്തിലേയ്ക്ക് കടന്നു. അതേസമയം സമരമിരിക്കുന്നവരെ  പരിശോധിക്കാൻ മെഡിക്കൽ സംഘത്തെ അയക്കാൻ ഇന്നും സര്‍ക്കാര്‍ തയ്യാറായില്ല.

By admin