Book Review: അടിമയില്‍ നിന്ന് ഗിഗ് വര്‍ക്കറിലേക്കുള്ള സഞ്ചാരം, മനുഷ്യരുടെ അവസാനിക്കാത്ത ഗാഥ

Book Review: അടിമയില്‍ നിന്ന് ഗിഗ് വര്‍ക്കറിലേക്കുള്ള സഞ്ചാരം, മനുഷ്യരുടെ അവസാനിക്കാത്ത ഗാഥ

പ്രകൃതിയുടെയും ഭൂമിയുടെയും മനുഷ്യവംശത്തിന്റെയും പുറംതോടും ആവരണവും കാമ്പും വെളിപ്പെടുത്തിയും വിശകലനം ചെയ്തും കഥാപാത്രങ്ങളുടെ ആന്തരികമായ  ഖര-ദ്രവ രൂപങ്ങളുടെ വ്യാപ്തി അനുയോജ്യമായ വിധത്തില്‍ തിരിച്ചറിഞ്ഞും ആഖ്യാനം മുന്നോട്ടുപോകുന്നു. അതുവഴി  വേരുകളിലൂടെ  പ്രവഹിക്കുന്ന സങ്കീര്‍ണ  വ്യവഹാരങ്ങളെ അടയാളപ്പെടുത്തുന്ന നോവലായി ‘വേര്’ മണ്ണില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു.  

Book Review: അടിമയില്‍ നിന്ന് ഗിഗ് വര്‍ക്കറിലേക്കുള്ള സഞ്ചാരം, മനുഷ്യരുടെ അവസാനിക്കാത്ത ഗാഥ

രാഹുല്‍ രാധാകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ എഴുതിയ ലേഖനങ്ങള്‍ ഇവിടെ വായിക്കാം. 
 

‘Fiction is a hypothesis that is always testing itself’: James Wood

‘വേര്’ എന്ന വാക്ക് ഓര്‍മിപ്പിക്കുന്നത് സങ്കീര്‍ണമായ ഘടനയില്‍ പടര്‍ന്നും  പിണഞ്ഞും കിടക്കുന്ന അനവധി ശാഖകളുള്ള വംശാവലിയെയാണ്. കാലത്തിന്റെ പെരുംപാതയോരത്ത് ജീവിതം നെയ്തുകൂട്ടിയ മനുഷ്യവംശം  വേരുകളായി പിരിഞ്ഞു പോകുകയും പിന്നീട് യോജിക്കുകയും ചെയ്യുന്നു. വേര്‍പാടിന്റെ വിഷാദവും സംഗമത്തിന്റെ ആനന്ദവും വേരുകളിലൂടെ പരസ്പരം സംവദിക്കുന്നു. ജീവിതക്രമത്തിന്റെ താളബോധവും കുടുംബവ്യവസ്ഥയുടെ അനിവാര്യതകളും സാമൂഹികധര്‍മത്തിന്റെ ഉത്തരവാദിത്തവും മനുഷ്യവര്‍ഗ്ഗത്തിന്റെ പരിണാമവികാസങ്ങളില്‍ പ്രധാനമാണ്. ഇത്തരം മാനദണ്ഡങ്ങളിലൂടെ മുന്നോട്ടു പോകുന്ന മനുഷ്യചരിത്രത്തിന്റെ ഇടര്‍ച്ചകളെയാണ് ‘വേര്’ എന്ന നോവലില്‍ മിനി പി സി അവതരിപ്പിക്കുന്നത്. 

ഈ നോവലിന് ഇതിലും മികച്ച പേര് സാധ്യമല്ല എന്ന ആലോചന ‘വേര്’ വായിച്ചു  കഴിയുമ്പോള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. നൂറ്റാണ്ടുകളിലായി പരന്നു കിടക്കുന്ന മനുഷ്യരുടെ ഗൂഢ സംജ്ഞകളെ നിര്‍ധാരണം ചെയ്യാനുള്ള ശ്രമമാണ് ഈ ആഖ്യാനം. മറ്റൊരു തരത്തില്‍, മനുഷ്യരുടെ അവസാനിക്കാത്ത ഗാഥയാണ് ‘വേര്’. തായ്വേരിലൂടെ ഉറവയെടുക്കുന്ന സര്‍ഗ്ഗാത്മകവും ഭാവോജ്വലവുമായ  സാരാംശത്തിന്റെ സാന്നിധ്യം സംവേദനക്ഷമതയുള്ള  ആഖ്യാനത്തെ നിര്‍മിക്കുന്നു. അടിമയില്‍ നിന്ന് ഗിഗ് വര്‍ക്കറിലേക്കുള്ള ദൂരം ഏകാന്തമായി സഞ്ചരിക്കുന്ന കഥാപാത്രങ്ങളുടെ മാനസിക വ്യഥകളുടെ പ്രതിഫലനം ‘വേരി’ലെ ഓരോ താളിലും കാണാം. സ്വച്ഛവും സ്വതന്ത്രവുമായ  ജീവിതം കാംക്ഷിച്ചു കൊണ്ട് അതിജീവനത്തിന്റെ സുവര്‍ണാനുപാത (Golden Ratio) വഴികള്‍ തേടുന്ന മനുഷ്യരാണ് നോവലിന്റെ ബലം. സ്‌നേഹത്തിന്റെയും കരുണയുടെയും പ്രണയത്തിന്റെയും വഞ്ചനയുടെയും അധ്യായങ്ങള്‍ക്ക് അതിരുകളില്ല എന്ന് തെളിയിച്ചുകൊണ്ട്, അതിരുകളില്‍ അലിഞ്ഞില്ലാതാകാത്ത വികാരവിചാരങ്ങളെ എഴുത്തുകാരി ആവിഷ്‌കരിക്കുന്നു. സ്ഥലത്തിലും കാലത്തിലും വിന്യസിച്ച മനുഷ്യബന്ധങ്ങളിലൂടെ കരുത്തുറ്റതും  എന്നാല്‍ പരമ്പരാഗതമായ നോവലിന്റെ ഘടനയില്‍ ഉറപ്പിച്ചതുമായ ആഖ്യാനം സാക്ഷാത്കരിക്കാനാണ് നോവലിസ്റ്റ് ശ്രമിക്കുന്നത്. സ്ഥലത്തിന്റെ പ്രാദേശിക മാനങ്ങളിലും വ്യവഹാരങ്ങളിലും അങ്ങേയറ്റത്തെ ആര്‍ജവത്തോടെ ഇടപെടലുകള്‍ നടത്തുന്ന എഴുത്താള്‍ പുരാണ-ഐതിഹ്യങ്ങളിലെ എണ്ണമറ്റ കഥകളിലൂടെ പ്രാദേശികതന്മയ്ക്ക് മിഴിവുണ്ടാക്കുന്നതില്‍ വിജയിക്കുന്നുണ്ട്. മൂകവും വാചാലവുമായ പ്രണയത്തിന്റെ സ്പന്ദനങ്ങള്‍  മഞ്ഞുതുള്ളികള്‍  പൊഴിയുന്ന പോലെ നോവലിലെ സവിശേഷ രംഗങ്ങളുടെ  ഉള്ളൊഴുക്കാവുകയാണ്.

മണ്ണിന്റെ ആഖ്യാനം

യാഥാര്‍ഥ്യത്തെ പ്രയോഗികബോധ്യത്തോടെ സംബോധന ചെയ്യുമ്പോഴും അടുക്കുകളായുള്ള ഉപകഥകളുടെ കെട്ടഴിക്കുന്ന തരത്തിലാണ് എഴുത്തുകാരി നോവലിനെ സമീപിക്കുന്നത്. ഒരു ചൈനീസ് ബോക്‌സ് ഘടനയെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ശൈലിയിലൂടെ ആഖ്യാനം മനോഹരമാവുന്നുണ്ട്.  ഒരു കഥയ്ക്കുള്ളില്‍  മറ്റൊരു കഥ അവിടെ മറ്റൊന്ന് എന്ന നിലയിലുള്ള അനന്തവലയങ്ങളെയാണ് ആഖ്യാനം വിഭാവനം ചെയ്യുന്നത്.  ഇടുക്കി അണക്കെട്ടുമായി ബന്ധപ്പെട്ട ചരിത്രം വിവരിക്കുന്ന ഭാഗത്ത്,  ഭാവനാത്മകമായ ചില കെട്ടുകഥകളെ   ചേര്‍ത്തു വെക്കുന്നുണ്ട്. ശ്രീരാമന്റെയും  സീതയുടെയും  പ്രണയമുഹൂര്‍ത്തവുമായി ബന്ധപ്പെട്ട കഥയാണ് നോവലിസ്റ്റ് ഇവിടെ പറയുന്നത്. കാട്ടാറില്‍ കുളിക്കാനിറങ്ങിയ സീതാദേവിയുടെ സൗന്ദര്യം അവിചാരിതമായി കാണാനിടയായ ഒരു കുറവനെയും ഒരു കുറത്തിയെയും ശ്രീരാമന്‍ ശപിച്ചു രണ്ടു മലകളാക്കുകയായിരുന്നു. കലിയുഗത്തില്‍ അവരെ ഒന്നിപ്പിക്കാനായി  ഒരു മനുഷ്യന്‍ അവിടെ വരുമെന്ന ശാപമോക്ഷവും രാമന്‍ കൊടുത്തിരുന്നു. കാലങ്ങള്‍ക്ക് ശേഷം അണക്കെട്ട് നിര്‍മിക്കാനായി വന്ന സംഘത്തിന്റെ തലവന്‍ ജോണ്‍ സായിപ്പ് ഈ കെട്ടുകഥയുടെ സാധ്യതയെ ചൂഷണം ചെയ്തു. അയാളുടെ വാക്കുകള്‍ വിശ്വസിച്ച ആദിവാസികള്‍ക്ക് മലയിറങ്ങേണ്ടി വന്നു. ആദിമവാസികളുടെ വിശ്വാസങ്ങളെയും അനുഷ്ഠാനങ്ങളെയും ഹനിച്ച ആധുനികമനുഷ്യരുടെ നിക്ഷിപ്ത താല്പര്യത്തെയാണ് നോവലിസ്റ്റ് ശ്രദ്ധയില്‍ കൊണ്ടുവരുന്നത്.  അതുപോലെ മറ്റൊരു കഥാപാത്രമായ  കുഞ്ഞിത്തേയി നീലവെളിച്ചമായി ഇരുന്നിടത്തുനിന്നും പൊങ്ങിപ്പൊങ്ങി പോകുന്നതും ആ വെളിച്ചം ആകാശം തൊടുന്നതും ഒക്കെ പുരാവൃത്തങ്ങളുടെ അജ്ഞേയത വ്യക്തമാക്കുന്നു. 

അലക്‌സ് ഹാലി എഴുതിയ വിഖ്യാത നോവലായ  Roots :The Saga of an American Family പതിനെട്ടാം നൂറ്റാണ്ടില്‍ പടിഞ്ഞാറേ ആഫ്രിക്കയിലെ ആദിമവര്‍ഗ്ഗത്തിലെ  കൗമാരപ്രായത്തിലുള്ളവരെ അടിമകളായി വടക്കേ അമേരിക്കയിലേക്ക് കൊണ്ടുപോയ ചരിതത്തെയാണ് പിന്തുടരുന്നത്. ഉര്‍വ്വരമായ മണ്ണുപേക്ഷിക്കേണ്ടി വരുന്ന മനുഷ്യരുടെ വ്യഥ അനുഭവിച്ചവരുടെ ഹൃദയത്തിലൂടെ പറഞ്ഞു വെയ്ക്കാനുള്ള ധീരശ്രമമായിരുന്നു  ഹാലിയുടേത്. മണ്ണിന്റെ യഥാര്‍ത്ഥ ഉടയോരുടെ കാഴ്ചപ്പാടുകളെ അന്വേഷിക്കുന്ന രീതിയാണ് ‘വേരി’ലും  സ്വീകരിച്ചിരിക്കുന്നത്. അങ്ങനെ വരുമ്പോള്‍ നോവലിസ്റ്റിന്റെ കാഴ്ചകളേക്കാള്‍ മണ്ണില്‍ ചുവടുറപ്പിച്ചു നില്‍ക്കുന്ന മനുഷ്യരുടെ അനുഭവജ്ഞാനത്തിനു മുന്‍ഗണന ലഭിക്കുന്നു. ‘വേര്’ മണ്ണിന്റെ ആഖ്യാനമാവുന്നത് അത്തരം നിലപാടുകളുടെ രാഷ്ട്രീയം മുന്‍നിര്‍ത്തിയാണ്  എന്നതില്‍ സംശയമില്ല.

 

 

ബന്ധങ്ങളുടെ പശിമ
പ്രാഥമികമായി മൂന്ന് സഹോദരിമാരുടെ വേര്‍പിരിയലിന്റെയും അതിജീവനത്തിന്റെയും കഥയാണെന്ന് പറയാമെങ്കിലും അടരുകളിലൂടെ ആവാഹിക്കുന്ന ചരിത്രത്തിന്റെയും ഭൂമിശാസ്ത്രത്തിന്റെയും പാരിസ്ഥിതികബോധത്തിന്റെയും ആഖ്യായിക കൂടിയായി ‘വേര്’ വികസിക്കുന്നു. ഭൂഗര്‍ഭത്തിന്റെ കാണായ്മകളിലേക്കും ആകാശത്തിന്റെ അനന്ത വിസ്തൃതിയിലേക്കും ആഴത്തിലും പരപ്പിലും വ്യാപിക്കുന്ന നോവല്‍ ആത്യന്തികമായി മനുഷ്യബന്ധങ്ങളുടെ അടിമണ്ണിന്റെ പശിമയെയാണ് അവതരിപ്പിക്കുന്നത്. കുടിയേറ്റത്തിന്റെ തിക്തതകളെയും കുടിയൊഴിക്കലിന്റെ വ്യഥകളെയും ആത്മനിരാസത്തിന്റെ മുദ്രകളെയും പ്രണയത്തിന്റെ ആസക്തികളെയും വേര്‍പാടിന്റെ വിതുമ്പലുകളെയും ആഗിരണം ചെയ്യുന്ന വേരിലൂടെ മനുഷ്യസത്തയുടെ അസ്തിത്വവും സ്വത്വബോധത്തിന്റെ സന്ദര്‍ഭങ്ങളും വിരിയുന്നു. 

കാരോത്ത്പറമ്പ് എന്ന ഗ്രാമത്തിന്റെ ചുറ്റുപാടില്‍ നിന്ന് പല ശാഖകളായി പടര്‍ന്നു പന്തലിക്കുന്ന  കുടിയേറ്റവും  ആന്തരിക പലായനവുമാണ് നോവലിന്റെ പ്രധാനപ്പെട്ട ഇതിവൃത്തം. കുറവന്‍താഴം ദാനിയേലിന്റെയും മാര്‍ത്തയുടെയും മൂന്നു പെണ്മക്കളായ ജാസ്മിന്‍, റോസ, ലില്ലി എന്നിവരിലൂടെയാണ് വേരുകള്‍ പടരുന്നത്. ചില സന്ദര്‍ഭങ്ങള്‍ സന്ദേഹങ്ങള്‍ സൃഷ്ടിക്കുന്നതോടെ കുടുംബത്തോട് മുഖം തിരിച്ചു നില്‍ക്കേണ്ടി വന്ന സഹോദരിമാര്‍ പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കണ്ടുമുട്ടുന്നത്. ഓരോ ഭൂഖണ്ഡങ്ങളായി നില നിന്നിരുന്ന വിധത്തില്‍ അവര്‍ ഓരോരുത്തരുടെയും അതിരുകളും മൂലകളും വിഭിന്നവും സംഘര്‍ഷഭരിതവും ആവുകയായിരുന്നു. ഒറ്റപ്പെട്ടതും അതിര്‍ത്തികള്‍ പങ്കു വെയ്ക്കാത്തതുമായ   ഭൂപടങ്ങള്‍ വരച്ചു കൊണ്ട് അവര്‍ വേറിട്ടവരായി. തകര്‍ച്ചയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള ആര്‍ജവം അവരുടെ ജീവരക്തത്തില്‍ ഉണ്ടായിരുന്നു.  സ്വന്തം കാലുകളില്‍ നിന്ന് ഉറച്ച ചുവടുവെയ്പുകളോടെ മുന്നോട്ടു പോകുന്നതിനുള്ള മനോബലവും ഉണര്‍വും പ്രകടമാക്കുന്ന സ്ത്രീകളാണ് ‘വേരി’നെ വ്യത്യസ്തമാക്കുന്നത്. റോസയും ലില്ലിയും അയാനയും ജാസ്മിനും രാധച്ചേച്ചിയും എല്ലാം പുതുലോകത്തെ പ്രതിനിധീകരിക്കുന്ന വനിതകളാണ്. ചുരുക്കത്തില്‍ മനുഷ്യബന്ധത്തിന്റെ പ്രവചിക്കാനാവാത്ത സന്ദിഗ്ധതകള്‍, സാമ്പത്തികമായ പ്രതിസന്ധികള്‍, സ്ഥലവുമായി ബന്ധപ്പെട്ട അസ്ഥിരതകള്‍, കാലാവസ്ഥയുടെ അനിശ്ചിതത്വങ്ങള്‍ എന്നിവയൊക്കെ ചര്‍ച്ച ചെയ്യുന്ന ഇടമായി നോവലിലെ ഭൂമിക പരിവര്‍ത്തനം ചെയ്യുന്നു.

സ്ത്രീയും പ്രകൃതിയും 

ഭൂമി, വീട്, ജൈവവ്യവസ്ഥ എന്നിങ്ങനെയുള്ള സംവര്‍ഗങ്ങളെ സ്ത്രീയുമായി ബന്ധപ്പെടുത്തിയുള്ള പഠനങ്ങള്‍ പാരിസ്ഥിതിക സൗന്ദര്യ ശാസ്ത്രത്തില്‍ ധാരാളമുണ്ടായിട്ടുണ്ട്. സ്ത്രീയും പ്രകൃതിയും കേന്ദ്രസ്ഥാനത്ത്  അവരോധിക്കപ്പെടുന്നതിന്റെ ദൃഷ്ടാന്തങ്ങള്‍ ആവോളം ‘വേരി’ലുണ്ട്. റോസ സൃഷ്ടിച്ച രൂപരേഖ പ്രകാരമുള്ള ആവാസവ്യവസ്ഥയില്‍  സസ്യജാലങ്ങളും ഇഴജന്തുക്കളും മൃഗങ്ങളും ഒത്തൊരുമിച്ച് ജീവിക്കുന്നു. പല തരത്തിലുള്ള മീനുകളും മുയലും പെരുമ്പാമ്പും അവിടെ അന്യരല്ല. മുയലുകള്‍ അവളുടെയടുത്ത് വന്നു പ്രസവിക്കുന്നത് വളരെയധികം സ്വാഭാവികതയോടെയാണ്. അവര്‍ക്ക് എപ്പോഴും തീറ്റയും വെള്ളവും കൊടുക്കാന്‍ അവള്‍ ഏറെ ഔല്‍സുക്യം കാണിച്ചു.  പയറുവള്ളികള്‍ക്ക് മുകളില്‍ വെയിലും കാത്തു കിടന്നുറങ്ങുകയായിരുന്ന പച്ചിലപ്പാമ്പിന്റെ തലയ്ക്ക് മുകളിലൂടെയാണ് മുയല്‍ പ്രസവാനന്തരം ചാടിപ്പോയത്. ഇടയ്ക്കിടെ പാമ്പുമായി സമ്പര്‍ക്കമുണ്ടാവുന്ന റോസ ക്രമേണ അതിനെ അതിഥി എന്ന് വിളിച്ചു തുടങ്ങി. ഇങ്ങനെ പരസ്പരം സമ്പര്‍ക്കം പുലര്‍ത്തുന്ന ജൈവവ്യവസ്ഥ നോവലിലെ മിഴിവുറ്റ ഭാഗമാണ്. കനത്ത മഴയെ തുടര്‍ന്ന് ഗ്രാമങ്ങളും നഗരങ്ങളും വെള്ളത്തിലായ ദാരുണസ്ഥിതിയെ കുറിച്ചും നോവലില്‍ വിവരിക്കുന്നുണ്ട്. പ്രളയക്കെടുതികളെ സംയമനത്തോടെ നേരിടാന്‍ കഴിയുന്നത് പ്രകൃതിയെ ഉപാധികളില്ലാതെ വിശ്വസിക്കുന്നത് കൊണ്ടുകൂടിയാണ്. എന്നാല്‍ അണക്കെട്ടു പൊട്ടുമെന്ന ഭീതിയില്‍ സ്ഥാവര-ജംഗമ വസ്തുക്കളെ ചേര്‍ത്തുപിടിച്ചു വിലപിക്കുന്ന മനുഷ്യരും ‘വേരില്‍ പ്രത്യക്ഷപ്പെടുന്നു. ചിറയില്‍  കുളിക്കാനിറങ്ങിയ റോസയുടെ മേല്‍ ഒരു പാമ്പ് വരിഞ്ഞു മുറുകുന്നതും അതിനെ തത്സമയ ദൃശ്യമായി  പ്രചരിപ്പിക്കുന്ന നാട്ടുകാരും ഇക്കാലത്തെ ‘സാമൂഹിക’ ദൗത്യത്തെ തുറന്നുകാണിക്കുന്ന ഉദാഹരണമാണ്. മൊബൈല്‍ ആപ്പുകളും സാമൂഹിക മാധ്യമങ്ങളും മനുഷ്യരെ ഏതെല്ലാം തരത്തില്‍ ബാധിക്കുന്നുവെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.

 

 

കുടിയേറ്റ പ്രതിസന്ധികള്‍

ഗോവ, വില്ലിങ്ടണ്‍ ഐലന്‍ഡ്, ബംഗാള്‍, ഇന്‍ഡോ-ചൈന അതിര്‍ത്തി പ്രദേശം എന്നിങ്ങനെ ഭൂപ്രകൃതിയുടെ വൈവിധ്യം നോവലില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ പ്രിന്റിങ് പ്രസ് സ്ഥാപിതമായ ഡെന്മാര്‍ക്കില്‍ ഇന്ത്യയിലെ ഒരേയൊരു കോളനിയായിരുന്ന തരംഗംപാടിയും നോവലില്‍ ഇടം കണ്ടെത്തുന്നു. ബനിയന്‍ നഗരം എന്ന പേരിലറിയപ്പെടുന്ന തിരുപ്പൂരിലെ വസ്ത്രനിര്‍മാണം ഏറെ പ്രസിദ്ധമാണ്. അവിടേക്കാണ് ലൂയിസിനൊപ്പം റോസ ഒളിച്ചോടുന്നത്. ഗോവയിലേക്ക്   സൂരജിനൊപ്പം ലില്ലി പോയപ്പോള്‍ ജാസ്മിന്‍ നാരായണിന്റെ കൈപിടിച്ചു അരുണാചല്‍പ്രദേശിലെ ബോമിയില്‍ എത്തിച്ചേര്‍ന്നു. ആന്തരിക കുടിയേറ്റത്തിന്റെ വിവിധ വശങ്ങളെ പറ്റിയും കുടിയേറ്റം ചെയ്യുന്ന മനുഷ്യര്‍ നേരിടുന്ന ഭാഷാപരവും സാംസ്‌കാരികവുമായ പ്രതിസന്ധികളും നോവലില്‍ വെളിപ്പെടുന്നുണ്ട്.  സ്ഥലത്തിന്റെ നാനാവിധത്തിലുള്ള സാദ്ധ്യതകള്‍ക്ക് സമാനമായി ‘വേരി’ലെ  കാലവും ചര്‍ച്ച ചെയ്യേണ്ട ഒരു  ഘടകമാണ്. 

പ്രാചീന യുഗം  മുതല്‍ കോവിഡാനന്തര  നാളുകള്‍  വരെ നീളുന്ന  കാലത്തെ  കൂട്ടിയിണക്കുന്ന അംശമായി കുടിയേറ്റം എന്ന പ്രക്രിയയുടെ വിവിധ ഘട്ടങ്ങളെ കാണാം.  പുരാണങ്ങളിലെ ചില സന്ദര്‍ഭങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പ്രത്യേക രംഗങ്ങള്‍ക്ക് കൂടുതല്‍ തെളിച്ചം നല്‍കാന്‍ നോവലിസ്റ്റ് ശ്രദ്ധിച്ചിട്ടുണ്ട്. ഇടുക്കി അണക്കെട്ട് നിര്‍മാണ സമയത്തെ കുടിയൊഴിക്കലും പതിനാറാം നൂറ്റാണ്ടിലെ സ്പാനിഷ് മതദ്രോഹവിചാരണയുടെ അനന്തര ഫലമായ ഗോവയിലെ തദ്ദേശീയരുടെ പലായനവും തുടങ്ങിയ ചരിത്രസന്ധികളുടെ സമകാല പ്രാധാന്യം കഥാപാത്രങ്ങളിലേക്ക് സന്നിവേശിപ്പിച്ചത് തീര്‍ത്തും ഉചിതമായി.  ഇരുപതാം നൂറ്റാണ്ടില്‍   ഗൂര്‍ഖകളും മറ്റു സംസ്ഥാനവാസികളും ജോലിക്കായി കേരളത്തില്‍ എത്തിച്ചേര്‍ന്നതും എണ്‍പതുകളുടെ തുടക്കത്തിലെ മലയാളികളുടെ  തൊഴിലന്വേഷണ യാത്രകളും ഈ നൂറ്റാണ്ടിലെ വലിയ രീതിയിലുള്ള അന്യദേശ തൊഴിലാളികളുടെ കുടിയേറ്റവുമൊക്കെ  നോവലില്‍ സംവാദവിഷയങ്ങളാവുന്നു. അപരിചിതമായ ഭൂവിടങ്ങളിലേക്ക് അസ്വാഭാവികമായ  തരത്തില്‍ എത്തിപ്പെടുന്ന കഥാപാത്രങ്ങളുടെ മാനസിക വിനിമയങ്ങളില്‍ രൂപപ്പെടുന്ന വ്യതിയാനവും വിച്ഛേദവും തള്ളിക്കളയാനാവില്ല. ആധുനികത, വ്യവസായവല്‍ക്കരണം, ആഗോളീകരണം, പ്രകൃതിനശീകരണം, പാരിസ്ഥിതിക/കമ്പോള ദൃശ്യങ്ങള്‍, ആന്ത്രോപോസീന്‍ എന്നിങ്ങനെയുള്ള തുറസ്സുകളിലൂടെ സഞ്ചരിക്കുന്ന ആഖ്യാനം ആവാസവ്യവസ്ഥയുടെ ഭൗതികവും മാനസികവുമായ ഉള്‍ക്കഥകളുടെ ഊര്‍ജ്ജപ്രവാഹം നിറഞ്ഞ യാനപാത്രത്തെയാണ്  നീറ്റിലിറക്കുന്നത്. പുതിയ ലോകത്തെ സംബോധന ചെയ്യാനായി അടിസ്ഥാനപരമായി സ്വായത്തമാവേണ്ടത് സാങ്കേതിക-രാഷ്ട്രീയ-സാംസ്‌കാരിക ചലനത്തെ സ്വാഗതം ചെയ്യലാണ് എന്ന ഗുണദോഷവിവേചനം ആഖ്യാനം മുന്നോട്ടുവെക്കുന്നു.

കൊളോണിയല്‍ പാതകള്‍

കൊളോണിയല്‍ അധിനിവേശത്തിന്റെ സന്ദിഗ്ധ സന്ധികളെ ബ്രിട്ടിഷുകാര്‍  നേരിട്ട വിധം നോവലില്‍ സൂചിപ്പിക്കുന്നുണ്ട്.   നാണ്യവിള വലിയ രീതില്‍ കയറ്റുമതി ചെയ്യാനായി ഇന്ത്യയിലെ ആദ്യത്തെ മോണോ റെയില്‍ സംവിധാനം മൂന്നാറില്‍ 1902-ല്‍ ആരംഭിച്ചു. കാളയെ പൂട്ടിയായിരുന്നു ഈ മോണോ റെയില്‍ പ്രവര്‍ത്തിച്ചിരുന്നത്.  1924-ലെ വെള്ളപ്പൊക്കത്തില്‍ ഇത് പൂര്‍ണമായി നശിക്കുകയും ചെയ്തു. സാവധാനം മോണോറെയില്‍ വികസിച്ച് ആവി എഞ്ചിന്‍ വലിക്കുന്ന ചരക്ക് ബോഗികള്‍ ഉണ്ടായി. തേയിലച്ചാക്കുകള്‍ കൊണ്ടു പോകുന്നതിന് ഇത് ഏറെ സഹായകമായി. ഈ ചരിത്രത്തോടൊപ്പം  ഒരു സാങ്കല്‍പ്പിക കഥ വിദഗ്ധമായി തുന്നിവെയ്ക്കുന്ന നോവലിസ്റ്റ് അഭിനന്ദനം അര്‍ഹിക്കുന്നു. മോണോറയിലിന്റെ മാതൃക രൂപപ്പെടുത്തിയ എഞ്ചിനീയര്‍ സായിപ്പിന്റെ മകന്‍ എഡ്മണ്ട് സായിപ്പിന്റെയും അയാളെ പ്രണയിച്ച അഴകിയുടെയും കുയിലിയുടെയും ഹൃദയസ്പര്‍ശിയായ  കഥയാണ് ആഖ്യാനത്തില്‍ ചേര്‍ത്തിട്ടുള്ളത്. ഈ സന്ദര്‍ഭത്തില്‍ നീലക്കുറിഞ്ഞിയെ പറ്റിയുള്ള ഒരു ഉപകഥ  കൂടി പരാമര്‍ശിക്കുന്നുണ്ട്. രണ്ടു വിദേശികളായ സസ്യശാസ്ത്രജ്ഞരെ കൂട്ടി എഡ്മന്‍ഡും കുയിലിയും അഴകിയും നീണ്ടു പരന്നു കിടക്കുന്ന പച്ചക്കാട് സന്ദര്‍ശിക്കുന്ന അവസരത്തിലാണ് പഞ്ചപാണ്ഡവരും ദ്രൗപദിയുമായി ബന്ധപ്പെടുത്തിയുള്ള ഐതിഹ്യം കുയിലി പറഞ്ഞു കൊടുക്കുന്നത്. അങ്ങനെ നാം അറിഞ്ഞതും  അറിയാത്തതുമായ ജൈവമണ്ഡലത്തെ വിന്യസിക്കാനായി നോവലിനെ കരുവാക്കുന്ന എഴുത്തുരീതിയാണ് പൊതുവെ ‘വേരി’ല്‍ അവലംബിച്ചിട്ടുള്ളത്.

 


കുടിയേറ്റ/പലായന/ജീവിത ചരിത്രം

പോര്‍ച്ചുഗീസ് അധിനിവേശത്തിനു ശേഷമുള്ള ഗോവയുടെ അവസ്ഥ ചരിത്രപുസ്തകങ്ങളില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കൊച്ചിയില്‍ എത്തിപ്പെട്ട ഗൗഡ സരസ്വത ബ്രാഹ്മണര്‍ പല വ്യവഹാരങ്ങളിലും ഏര്‍പ്പെട്ടു. സ്വര്‍ണപ്പണി കുലത്തൊഴിലായ ദൈവജ്ഞ ബ്രാഹ്മണ വിഭാഗത്തിലുള്ള നോവലിലെ കഥാപാത്രമായ സൂരജിന്റെ പൂര്‍വികര്‍ പോര്‍ച്ചുഗീസുകാരുടെ  ഉപദ്രവം മൂലം പതിനാറാം നൂറ്റാണ്ടില്‍  കൊച്ചി രാജാവിനെ അഭയം പ്രാപിച്ചവരായിരുന്നു.  കൊങ്കിണി സമുദായത്തിലെ ദൈവജ്ഞ ബ്രാഹ്മണ വിഭാഗത്തില്‍ പെട്ട ഭാനുമതിയമ്മയാണ് സൂരജിന്റെ മുത്തശി. ലില്ലിക്കൊപ്പം സൂരജ് ഗോവയിലേക്ക് പോയതും ഈ വേരിന്റെ ബലത്തില്‍ തന്നെയായിരുന്നു. 1790-ല്‍ രാജാവായി അധികാരമേറ്റ രാമവര്‍മ ശക്തന്‍ തമ്പുരാന് കൊച്ചിയുടെ സാമ്പത്തിക സ്ഥിതി തകരാറിലായിരുന്നുവെന്നു വ്യക്തമായി. ഇതിന് ഒരു പോംവഴി എന്ന നിലയ്ക്ക് 1791-ല്‍ മുപ്പതിനായിരം വരാഹന്‍ ഖജനാവിലടയ്ക്കാന്‍ കൊങ്കിണികളോട് രാജാവ് ആവശ്യപ്പെട്ടു. ഇത് കടുത്ത പ്രതിഷേധത്തിന് കാരണമായി. കൊച്ചിയിലും വൈപ്പിനിലും വ്യാപാരം ചെയ്തിരുന്ന കൊങ്കിണികള്‍ സ്ഥാപനങ്ങള്‍ അടച്ചിട്ട് പ്രതിഷേധിക്കുകയും ചെയ്തു.  ഭരണത്തിനെതിരെയുള്ള കേരളത്തിലെ ആദ്യകാല പ്രതിഷേധങ്ങളിലൊന്നായി ഈ സമരം മാറി. ഇങ്ങനെ കേരളത്തിന്റെ വ്യവസായ ചരിത്രത്തിലേക്ക് കൊങ്കിണിമാര്‍ തങ്ങളുടെ അടയാളപ്പെടുത്തല്‍ ശക്തമായി രേഖപ്പെടുത്തിയ കാലത്തിനു തുടക്കം കുറിച്ചു. എന്നാല്‍ ഇത് രണ്ടുകൂട്ടരും തമ്മിലുള്ള സ്പര്‍ദ്ധ ക്രമാതീതമായി അധികരിപ്പിക്കാനേ   ഉതകിയുള്ളു. ശക്തന്‍തമ്പുരാന്റെ പട്ടാളക്കാര്‍ എല്ലാ കൊങ്കിണിവ്യാപാരികളെ കൊന്നൊടുക്കി സ്വത്തുവകകള്‍ കൈവശപ്പെടുത്തുകയാണുണ്ടായത്. ഗത്യന്തരമില്ലാതെ, തങ്ങളുടെ ക്ഷേത്രത്തിലെ വിഗ്രഹവുമെടുത്തുകൊണ്ട്  ജീവന്‍ അവശേഷിച്ച കൊങ്കിണിമാര്‍ കൊച്ചിയില്‍ നിന്ന് തിരുവിതാംകൂറിലോട്ട് പലായനം ചെയ്യുകയായിരുന്നു. എന്നാല്‍ ഭാനുമതിയമ്മയുടെ  പൂര്‍വികര്‍ക്ക് എന്തുകൊണ്ടോ അന്ന് രക്ഷപെടാന്‍ പറ്റിയില്ല. അങ്ങനെ  അവരുടെ  പരമ്പര കൊച്ചിയില്‍ തന്നെ ജീവിച്ചു. 

പുറമേ കാണുമ്പോള്‍ ശാന്തമെന്നു അനുഭവപ്പെടുകയും എന്നാല്‍ ദുഷ്‌കരമായ അനേകം ഘടനകളാല്‍ ചുറ്റപ്പെട്ടു കിടക്കുകയും  ചെയ്യുന്ന മനുഷ്യവര്‍ഗ്ഗത്തിന്റെ കുടിയേറ്റ/പലായന/ജീവിത ചരിത്രത്തെ ‘വേര്’ ഉജ്വലമാക്കുന്നത്  ഇതുപോലെയുള്ള ഒട്ടനവധി രംഗങ്ങളിലൂടെ നം വായിച്ചറിയുന്നു. സത്യമുള്ള ലോഹമായ സ്വര്‍ണത്തെ പോലെയാകണം മനുഷ്യരും എന്നാണ് ഭാനുമതിയമ്മ കരുതുന്നത്.  പലായനചരിത്രത്തിലൂടെ സ്ഫുടം ചെയ്ത വേരുകള്‍ അവരെ തത്വചിന്തകയാക്കുന്നു ‘ഭൂമിയുടെ അടിത്തട്ടില്‍ എല്ലാ മാലിന്യങ്ങളും പുതച്ചു കറുത്തു കിടന്ന പാളികളാണ്. ഉരുക്കിത്തിരിച്ചെടുത്തപ്പോള്‍ എന്തു ഭംഗി! എന്ത് തിളക്കം! അതുപോലെയാണ് നമ്മള്‍ മനുഷ്യരും. ഉള്ളിലുള്ള അസൂയയും അഹംഭാവവുമൊക്കെ ഉരുക്കിക്കളഞ്ഞാലേ ആത്മാവ് പ്രകാശിക്കൂ. ആ പ്രകാശം നമ്മുടെ മുഖത്ത് കാണാന്‍ പറ്റും’ എന്ന ഭാനുമതിയമ്മയുടെ വാക്കുകളിലെ  ദര്‍ശനം ഊതിക്കാച്ചിയ പൊന്ന് പോലെ തിളങ്ങുന്നു.

 


മെറ്റാമോഡേണിസം

ആധുനികതയുടെ കാലത്ത്  ഉയര്‍ന്നു വന്ന അടിസ്ഥാന സൗകര്യങ്ങളുടെ ആന്തരികലോകവും  പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഗിഗ് ജോലിയുടെ സൗകര്യവും വിശകലനം ചെയ്യേണ്ടതുണ്ട്. ഇവയെ  രണ്ടും തമ്മില്‍ ഇണക്കുന്ന ദൃശ്യവും അദൃശ്യവുമായ  ചങ്ങലക്കണ്ണികള്‍ ‘വേരി’ല്‍ ഭദ്രമായ തരത്തില്‍  കൊടുക്കല്‍വാങ്ങലുകള്‍  നടത്തുന്നു. കാളകളെ ഉപയോഗിച്ച് ഓടിച്ചിരുന്ന മോണോറെയില്‍ സംവിധാനത്തില്‍ നിന്ന് ഓണ്‍ലൈന്‍ ടാക്‌സിയിലേക്കുള്ള ദൂരം കേവലം വര്‍ഷങ്ങളുടെ കണക്കല്ല.  മനുഷ്യശാസ്ത്രത്തിലെ മൂല്യങ്ങളുടെ പ്രസക്തിയുടെയും  അതിന്റെ  സ്ഥാനത്തെ  പുനര്‍മൂല്യനിര്‍ണയം ചെയ്ത് ഉപയോഗപ്രദമാക്കുന്നതിന്റെയും  ദൃഷ്ടാന്തമാണ് ഇവയ്ക്കിടയിലെ വളര്‍ച്ചയും വികാസവും. ഓണ്‍ലൈന്‍ ആപ്പുകള്‍ ഉപയോഗിച്ചുള്ള ടാക്‌സി ബുക്കിങ്ങും ഭക്ഷണം  വാങ്ങിക്കുന്നതും കോവിഡിന് ശേഷമാണ്  കേരളത്തില്‍ സജീവമായത്. 

പുരാണകഥകളുമായി ബന്ധമുള്ള വിശ്വാസപ്രമാണങ്ങളില്‍ നിന്ന് മൊബൈല്‍ ആപ്പുകളുടെ കാലത്തേക്കുള്ള  യാത്ര സുഗമമായി വിവരിക്കാന്‍ സാധിക്കുന്നത് നാം കാണാത്ത വേരുകളാല്‍ അവ ബന്ധിതമാകുന്നത് കൊണ്ടാണ്.  ഒപ്പം യന്ത്രങ്ങളുപയോഗിച്ച് പ്രകൃതിയെ ചൂഷണം ചെയ്യാന്‍ തുടങ്ങിയത്  മനുഷ്യനാശത്തിന്റെ വഴിയൊരുക്കുന്നുവെന്ന ലളിതതത്വത്തെയും നോവല്‍ മുറുകെ പിടിക്കുന്നു. ഉത്തരാധുനികതയില്‍ നിന്നുള്ള വിച്ഛേദം ഈ ശൈലിയില്‍ കാണാം. അങ്ങനെ ആധുനികതയുടെയും ഉത്തരാധുനികതയുടെയും രീതികളെ ചേര്‍ത്തുവെയ്ക്കുക എന്ന ഉദ്ദേശ്യത്തോടെ  ഈ നൂറ്റാണ്ടില്‍ ഉദയം കൊണ്ട സാംസ്‌കാരിക വ്യവഹാരമായ മെറ്റാമോഡേണിസത്തിന്റെ സ്വഭാവസവിശേഷതകളായ പ്രതീക്ഷയുടെയും നിരാശാവാദത്തിന്റെയും ആവേശത്തിന്റെയും നിസ്സംഗതയുടെയും ആത്മാര്‍ത്ഥതയുടെയും വിരോധാഭാസത്തിന്റെയും മുന്നോട്ടും പിന്നോട്ടുമുള്ള ഉലച്ചില്‍ നോവലിലെ സന്ദര്‍ഭങ്ങളില്‍ പ്രകടമാകുന്നു. 

ചൂഷണങ്ങളില്‍ നിന്ന് സ്വയം മോചനം നേടിക്കൊണ്ട് സ്വയംപര്യാപ്തമായ ജീവിതം കെട്ടിയുയര്‍ത്താന്‍  ജാതി/ലിംഗ ഭേദമില്ലാതെ മനുഷ്യര്‍ക്ക്  ഇവ്വിധം കഴിയുമെന്ന് ചുറ്റുമുള്ള ലോകം സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. ഗിഗ് സമ്പദ് വ്യവസ്ഥയെ  മുതലാളിത്തത്തിനുള്ളിലെ ഒരു പുതിയ തൊഴില്‍രൂപമായി കാണാന്‍ കഴിയുന്നതോടെ, സാമ്പത്തിക വിവേചനങ്ങള്‍ക്ക് കുറച്ചൊക്കെ മാറ്റം വരും. ബഹുരാഷ്ട്രകുത്തകകളുടെ   ചൂഷണം തന്നെയാണ് ഇപ്പോഴും സംഭവിക്കുന്നതെങ്കിലും പ്രാദേശികമായ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള  മറ്റൊരു സംവിധാനം നടപ്പിലാക്കുന്നത് വരെ ഉപജീവനത്തിനും സ്വതന്ത്രമായി ജീവിക്കാനും ലില്ലിക്കും അയാനയ്ക്കും  ഈ ഒരു മാര്‍ഗമേ ഉണ്ടായിരുന്നുള്ളു. തൊഴിലില്ലായ്മയുടെ അധ്യായങ്ങളെ മറികടക്കാനായി,  സ്വയംഭരണ തൊഴിലിന്റെ ഇക്കാലത്തെ (വരുംകാലങ്ങളിലെയും) മാതൃകയായ  ‘ഗിഗ് വര്‍ക്ക്’ സാമാന്യമായ  തൊഴില്‍ മേഖലയിലെ ഞെരുക്കങ്ങളെ ദൂരീകരിക്കാനുള്ള ഉപാധിയാണ്. മുതലാളി-തൊഴിലാളി സമവാക്യത്തിന്റെ പരമ്പരാഗത നിയന്ത്രണങ്ങള്‍ക്ക് അവയെ സ്വാധീനിക്കാനാവുകയുമില്ല. ഇത്തരം പുതിയ നയങ്ങളെ സാഹിത്യകൃതികളില്‍ ഉള്‍പ്പെടുത്തുക വഴി സാഹിത്യത്തിന്റെ  സാമൂഹികമായ ചായ്വുകള്‍ തീര്‍ത്തും നവീകരിക്കപ്പെട്ടതാണെന്ന  സൂചന പകര്‍ന്നു നല്‍കുന്നു.

 


ഭാഷ എന്ന അമ്മ

ഭാഷയുടെ വൈവിധ്യം പ്രതിഫലിക്കുന്നത് നാനാവിധത്തിലുള്ള ശൈലികളുടെ കൂടിച്ചേരലുകളെയാണ്. ഭാഷയുടെ കലരല്‍ സംസ്‌കാരത്തിന്റെ സംയോജനത്തിനു വഴിയൊരുക്കുന്നു. ഭാഷാശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ പെഗ്ഗി മോഹന്റെ പ്രസക്തമായ ഒരു നിരീക്ഷണം ഈ അവസരത്തില്‍  എടുത്തു പറയണം.(Wanderers, Kings, Merchants: Peggy Mohan) ‘ഭാഷകള്‍, അവ ആരംഭിച്ച അതേ മരത്തില്‍ നിന്ന് നാമ്പിടുന്ന  പുതിയ ശാഖകള്‍ പോലെ തുടര്‍ച്ചയായി മുളയ്ക്കുക മാത്രമല്ല; അവ ശാഖകള്‍ നീട്ടുകയും പരസ്പരം സ്പര്‍ശിക്കുകയും ഘടന പങ്കിടുകയും ചെയ്യുന്ന അയല്‍വാസികളായ വ്യത്യസ്ത മരങ്ങള്‍ പോലെയാണെന്ന് തോന്നി. ഇത്തരത്തിലുള്ള കലരല്‍  നിരവധി ഭാഷകള്‍ ഒരേ സ്ഥലത്ത് ഒത്തു ചേര്‍ന്ന മറ്റ് ഇടങ്ങളിലും  സംഭവിക്കുമോ?’ എന്നാണ് അവര്‍ മുന്നോട്ടുവെയ്ക്കുന്ന ചിന്ത. നോവലിലെ ഭാഷകളുടെ സാന്നിധ്യം ഇതേ ആശയത്തിന്റെ ബഹിര്‍സ്ഫുരണമായി തോന്നാം. 

ഭാഷയെ കുറിച്ചുള്ള പുതിയ ഒരു തിരിച്ചറിവ്  ഗോവയിലെ താമസത്തിനിടയിലാണ് ലില്ലി നേടുന്നത്. ഗോവയില്‍ കൊങ്കിണിയിലെ എഴുത്തുകാരിയായ പ്രൊഫസര്‍ അമൃത ഗഡേക്കര്‍ക്കൊപ്പം  ആയിരുന്നു ലില്ലിയുടെ വാസം. പ്രൊഫസര്‍ അമൃത കൊങ്കിണിയെ ‘കൊങ്കിണിയമ്മ’ എന്ന പേരിലാണ് സംബോധന ചെയ്യുന്നത്. അത്രയ്ക്ക് സ്‌നേഹവും ബഹുമാനവുമാണ് അവര്‍ക്ക് ഭാഷയോടുള്ളതെന്നും അമൃത പറയുന്നുണ്ട്. അധിനിവേശവര്‍ഗ്ഗത്തിന്റെ ചവിട്ടടിയില്‍ ആയിരുന്നത് കൊണ്ട് കാലങ്ങളോളം സ്വന്തം മാതൃഭാഷ സംസാരിക്കാന്‍ കഴിയാത്തതിന്റെ അമര്‍ഷവും വേദനയും നെഞ്ചിലേറ്റിയ ജനതയായിരുന്നു കൊങ്കിണികള്‍. അവര്‍ അനുഭവിച്ച വേദനയുടെ ദൃഷ്ടാന്തമെന്നോണം കാക്കയുടെയും കുരുവിയുടെയും അന്യാപദേശകഥ  അമൃത പറയുന്നുണ്ട്. കുരുവിയുടെ കൂട്ടില്‍ കള്ളം പറഞ്ഞു വന്ന സമര്‍ത്ഥനായ കാക്ക ഒടുവില്‍ കുരുവിക്കുഞ്ഞിന്റെ  കണ്ണ് കൊത്തിത്തിന്ന കല്പിതകഥയാണ് അവര്‍ ഓര്‍മയുടെ സഞ്ചയത്തില്‍ നിന്ന് മടക്കിക്കൊണ്ടു വരുന്നത്. കൊങ്കിണി പോലെ ബീഹാറിയും നേപ്പാളിയും തമിഴും ഹിന്ദിയുമൊക്കെ ആഖ്യാനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. 

പല ഭാഷക്കാരായ ഇടനിലക്കാരിലൂടെ കേരളത്തിലെത്തിച്ചേര്‍ന്ന നിര്‍മാണത്തൊഴിലാളികള്‍ മലയാളം പഠിക്കുന്നുമുണ്ട്. വിവിധ ഭാഷകളുമായി  കൂടിക്കുഴഞ്ഞു സ്വന്തം ഭാഷ പോലും അവര്‍ക്ക് നഷ്ടമാവുന്നു. കേരളത്തില്‍ ജോലി ചെയ്യാന്‍ തുടങ്ങിയതോടെ മൈഥിലി ഭാഷ മാത്രം അറിയാവുന്ന ബൈശാഖിയുടെ  അവസ്ഥയും ഇത് തന്നെയായി. ഇവിടെയാണ് ദേശീയന്‍ എന്ന കഥാപാത്രത്തിന്റെ പ്രാധാന്യം. കേരളത്തില്‍ നിന്ന് ബംഗാളിലേക്ക് നീളുന്ന വേരിലെ ഒരു കണ്ണിയാണ് ദേശീയന്‍. ചണവ്യവസായവുമായി ബന്ധപ്പെട്ട ബംഗാളിലെത്തിയ അയാളുടെ മുത്തശ്ശന്‍ ഒരു ബംഗാളി സ്ത്രീയെയായിരുന്നു വിവാഹം കഴിച്ചത്. 1943-ലെ ക്ഷാമം, 1946-ലെ ആഭ്യന്തര കലാപം, ഇന്ത്യ-പാകിസ്താന്‍ വിഭജനം, ഹിന്ദു- മുസ്ലിം ലഹള എന്നിങ്ങനെയുള്ള പ്രക്ഷുബ്ധമായ സ്ഥിതിഗതികളെ നേരിട്ട് കൊണ്ട് കേരളത്തിലേക്ക് പ്രാണരക്ഷാര്‍ത്ഥം അഭയാര്‍ഥികളായി അയാളുടെ അച്ഛനമ്മമാര്‍  എത്തിച്ചേര്‍ന്നു. സ്‌നേഹം കൊണ്ടേ ലോകത്തെ കാല്‍ക്കീഴിലാക്കാനാവുകയുള്ളു എന്ന തത്വത്തില്‍ വിശ്വസിച്ച ദേശീയന് മുന്നില്‍ സ്‌നേഹത്തിനു ഭാഷകളുടെ അന്തരമില്ലായിരുന്നു. എല്ലാ ഭാഷകളും അയാള്‍ക്ക്  സ്‌നേഹിക്കാനുള്ള വഴികളായി പരിണമിച്ചു. അഭയം തേടിയെത്തുന്നവരെ ആശ്ലേഷിക്കാനുള്ള സിദ്ധി അയാളില്‍ രൂപം കൊള്ളുന്നത് ഭാഷ എന്ന അമ്മയിലൂടെയാണെന്ന് തീര്‍ച്ചപ്പെടുത്താം.

 

ലയങ്ങളുടെ ജാതി 

സാമൂഹിക വ്യവസ്ഥിതി മാറുന്നതോടെ വ്യവസായവല്‍ക്കരണത്തിന്റെയും സാങ്കേതികതയുടെയും  രൂപഭാവങ്ങള്‍ക്ക് വ്യതിയാനമുണ്ടാവുകയാണ്. സമകാലത്ത് ജീവിതശൈലിയിലും അവലോകനത്തിലും സാരവത്തായ പരിവര്‍ത്തനം സംജാതമാവുന്നുണ്ട്.  തേയിലത്തോട്ടവുമായി ബന്ധപ്പെട്ട ലയത്തിലായിരുന്നു നോവലിലെ സഹോദരിമാരുടെ കുട്ടിക്കാലം.  അവിടത്തെ അനുഭവങ്ങള്‍, കൃഷിയുടെ അക്കാലത്തെ രീതികള്‍ എന്നിവയൊക്കെ കാലാന്തരങ്ങളില്‍ പരിഷ്‌കരിക്കുകയോ ഇല്ലാതാകുകയോ ചെയ്തു. കേരളത്തിലെ തോട്ടവ്യവസായവുമായി  ബന്ധപ്പെട്ട  വ്യവസ്ഥയില്‍ ജാതിയ്ക്കനുസൃതമായ ലയങ്ങളാണ് തൊഴിലാളികള്‍ക്ക് പാര്‍ക്കാനായി  കൊടുത്തിരുന്നത്.  ഇവര്‍ക്ക് പുറംപണികള്‍ അനുവദിച്ച്  കൊടുക്കുമ്പോഴും ഇതേ സമ്പ്രദായം തന്നെ പിന്തുടര്‍ന്നിരുന്നു.  ജാതിയുടെയും മതത്തിന്റെയും വൈജാത്യം തൊഴിലാളികള്‍ക്കിടയിലെ വര്‍ഗ്ഗനിര്‍മ്മാണ പ്രക്രിയയ്ക്ക് ഊര്‍ജ്ജിതമായ തടസ്സമായി പ്രവര്‍ത്തിക്കുകയും ഇത് പലപ്പോഴും വിവിധ സമുദായങ്ങള്‍ക്കിടയില്‍ അക്രമം പൊട്ടിപ്പുറപ്പെടുന്നതിലേക്ക് നയിക്കുകയും ചെയ്തു എന്ന് കെ രവിരാമന്‍ (Global Capital and Peripheral Labour) ചൂണ്ടിക്കാട്ടിയത് ദാനിയേലിന്റെ കുടുംബത്തിന് ബാധകമായിരുന്നു

അധിനിവേശ  ഭരണത്തില്‍ നിന്നുള്ള മോചനം ഭൂതകാലത്തിന്റെ വേദനകളെയും വിവേചനങ്ങളെയും അപഗ്രഥിക്കാന്‍ മനുഷ്യരെ പ്രേരിപ്പിച്ചു. പുതിയ സ്വത്വബോധം രൂപീകരിക്കുക എന്നതും അനിവാര്യമായി. ക്രമേണ  ഭാവിയെ തീവ്രമായ ഉല്‍ക്കര്‍ഷച്ഛയോടെ വിഭാവനം ചെയ്യാനും ആരംഭിച്ചു. ചരിത്രത്തെയും  പുരാണത്തെയും  കാലോചിതമായി മാറ്റിയെഴുതുക എന്നാല്‍ അവയെ റദ്ദുചെയ്യുകയോ നിരാകരിക്കുകയോ എന്നല്ല അര്‍ത്ഥമാക്കുന്നത്. ചായ്വുകളെയും വളവുകളെയും വ്യക്തമാക്കിക്കൊണ്ട് നവീകരിക്കാനുള്ള  പരിശ്രമങ്ങള്‍ക്ക് പ്രസക്തിയുണ്ട്. സാഹിത്യാഖ്യാനങ്ങള്‍ അത്തരം ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് ഉത്തരാധുനികതയ്ക്ക് ശേഷമുള്ള ഒരു ശൈലീവിശേഷം കൂടിയാണ്. 

മിനി പി സി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ എഴുതിയ കഥകളും കുറിപ്പും ഇവിടെ വായിക്കാം. 

 

 

സങ്കീര്‍ണ  വ്യവഹാരങ്ങള്‍

മിനി പി സി യുടെ ‘വേര്’ അത്തരത്തില്‍ ഒരു ഉദ്യമം ആണെന്ന് പറയാതെ വയ്യ. വല്യപ്പച്ചനായ കറുമ്പന്റെയും   അപ്പനായ പറങ്കിയുടെയും കഥ, കുറവന്മലയുടെ താഴ്‌വാാരത്തില്‍ നിന്നുള്ള അവരുടെ പലായനത്തിന് കഥ, കുറവന്മലയെയും കുറത്തിമലയെയും കൂട്ടിയിണക്കാന്‍ എന്ന പേരില്‍ ചിലര്‍ നടത്തിയ ചതി മൂലം അണക്കെട്ടിനുള്ളില്‍ പെട്ടു പോയ കുടുമിയുടെയും കൂട്ടരുടെയും കഥ, എണ്ണമില്ലാത്ത ഊരുവിലക്കുകളുടെയും കുടിയേറ്റങ്ങളുടെയും കഥകള്‍, അതിജീവനത്തിന്റെ നവശ്രമങ്ങള്‍. അങ്ങനെ കഥകളതിസാഗരമായി ‘വേരി’ലെ ശാഖകള്‍ പടര്‍ന്നു പന്തലിക്കുന്നു. 

പ്രകൃതിയുടെയും ഭൂമിയുടെയും മനുഷ്യവംശത്തിന്റെയും പുറംതോടും ആവരണവും കാമ്പും വെളിപ്പെടുത്തിയും വിശകലനം ചെയ്തും കഥാപാത്രങ്ങളുടെ ആന്തരികമായ  ഖര-ദ്രവ രൂപങ്ങളുടെ വ്യാപ്തി അനുയോജ്യമായ വിധത്തില്‍ തിരിച്ചറിഞ്ഞും ആഖ്യാനം മുന്നോട്ടുപോകുന്നു. അതുവഴി  വേരുകളിലൂടെ  പ്രവഹിക്കുന്ന സങ്കീര്‍ണ  വ്യവഹാരങ്ങളെ അടയാളപ്പെടുത്തുന്ന നോവലായി ‘വേര്’ മണ്ണില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു.  

By admin