ഹാഫ് ചിക്കന് വില 5500 രൂപ, പാല് കൊടുത്തും സം​ഗീതം കേൾപ്പിച്ചും വളർത്തുന്ന നല്ല ‘സൂര്യകാന്തി കോഴി’? 

ഒരു ഹാഫ് ചിക്കന് 5,500 രൂപ. സങ്കല്പിക്കാനാകുമോ? ഷാങ്ഹായിലെ ഒരു റെസ്റ്റോറന്റാണ് ഹാഫ് ചിക്കന് ഇത്രയധികം രൂപ ഈടാക്കിയത്. എന്നാൽ, എന്തുകൊണ്ടാണ് അതിന് ഇത്രയധികം രൂപ ആയത് എന്നതിന്റെ വിശദീകരണമാണ് ആളുകളെ ശരിക്കും അമ്പരപ്പിച്ചത്. 

ഈ കോഴിയെ പാൽ കൊടുത്തും ശാസ്ത്രീയ സംഗീതം കേൾപ്പിച്ചുമാണോ വളർത്തിയത് എന്ന കസ്റ്റമറുടെ ചോദ്യത്തിന് ആണെന്നായിരുന്നു ജീവനക്കാർ മറുപടി നൽകിയത് എന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

മാർച്ച് 14 -നാണ്, 270,000 ഫോളോവേഴ്‌സുള്ള ഇൻഫ്ലുവൻസറുമായ ബിസിനസുകാരനുമായ യുവാവ് ഷാങ്ഹായ് ക്ലബ് റെസ്റ്റോറന്റ് സന്ദർശിച്ചത്. ഇതിന്റെ ഒരു  വീഡിയോ ഇവിടുത്തെ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ചിക്കന്റെ വില തന്നെ ഞെട്ടിച്ചു എന്നാണ് യുവാവ് പറയുന്നത്. 

വില കേട്ടതോടെ ഇതെന്താ പാല് കൊടുത്തും സം​ഗീതം കേൾപ്പിച്ചും വളർത്തിയതാണോ ഈ കോഴിയെ എന്ന് ഇയാൾ ഹോട്ടൽ ജീവനക്കാരനോട് തമാശയായി ചോദിച്ചു. അതേ എന്നും ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഒരു ഫാമിൽ നിന്ന് മാത്രം ലഭിക്കുന്ന ‘സൺഫ്ലവർ ചിക്കൻ’ എന്നറിയപ്പെടുന്ന അപൂർവ ഇനമാണ് ഈ കോഴിയെന്നും റസ്റ്റോറന്റ് ജീവനക്കാർ പിന്നാലെ വിശദീകരിക്കുകയും ചെയ്യുകയായിരുന്നു. 

സൂര്യകാന്തിയുടെ തണ്ടുകളിൽ നിന്നും മറ്റുമുള്ള നീരെടുത്ത് കൊടുത്ത് വളർത്തുന്ന തരം പ്രത്യേക കോഴിയാണത്രെ ഈ സൺഫ്ലവർ ചിക്കൻ. ഏറെ സവിശേഷമായി കരുതുന്ന ഇതിന് വലിയ വിലയാണ് ഈടാക്കുന്നത്. കിലോയ്ക്ക് 2300 രൂപ വരെ വിലയുണ്ട്. പല റെസ്റ്റോറന്റുകളും ഈ ചിക്കൻ വിഭവങ്ങൾക്ക് 11,500 രൂപ വരെ വാങ്ങാറുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു. 

പിന്നീട്, പ്രാദേശിക മാധ്യമങ്ങൾ ചോദിച്ചപ്പോൾ ഫാമിലെ ജീവനക്കാരൻ, കോഴിക്ക് ശാസ്ത്രീയ സം​ഗീതം കേൾക്കാനുള്ള അവസരമുണ്ടെങ്കിലും പാല് കൊടുക്കുന്നില്ല എന്ന് വിശദീകരിച്ചു. 

(ചിത്രം പ്രതീകാത്മകം)

മഗ്ഷോട്ട് വൈറല്‍, നിരവധി ആരാധകര്‍, കോളേജ് വിദ്യാര്‍ത്ഥിനി വീണ്ടും അറസ്റ്റില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin