ശമ്പളവും മറ്റു ആനുകൂല്യങ്ങളും വര്‍ധിച്ചു; ഒരു എംപിക്ക് എന്ത് കിട്ടും, ഇതാ പൂർണ വിവരങ്ങൾ

എം പിമാരുടെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നു. എം പിമാരുടെ ശമ്പളം 1 ലക്ഷത്തിൽ നിന്ന് 1,24,000 രൂപയായി ഉയർത്തി. പ്രതിദിന അലവൻസ് 2000 രൂപയിൽ ത്തിൽ നിന്ന് 2500 രൂപയാക്കിട്ടും ഉയർത്തിയിട്ടുണ്ട്. എംപിമാരുടെ പ്രതിമാസ പെൻഷൻ 25000 രൂപയിൽ നിന്ന് 31,000 രൂപയാക്കിയും ഉയർത്തി.  2023 ഏപ്രിൽ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പള പരിഷ്കരണം.

ഒരു എംപിക്ക് എന്ത് കിട്ടും?

ശമ്പളമായി മാസം ഒരു ലക്ഷം രൂപയാണ് നേരത്തെ കിട്ടിയിരുന്നത്. ഇതാണ് ഇപ്പോൾ മുൻകാല പ്രാബല്യത്തോടെ 1.24 ലക്ഷം രൂപയായി ഉയർത്തിയത്. 2023 ഏപ്രില്‍ ഒന്ന് മുതല്‍ ആണ് മുൻകാല പ്രാബല്യം. പ്രതിദിന അലവന്‍സ് 2,000 രൂപ
ആയിരുന്നത് 2,500 രൂപയാക്കി മാറ്റി. പാർലമെന്‍റിൽ പങ്കെടുക്കാനായി രാജ്യതലസ്ഥാനത്തായിരിക്കുമ്പോൾ
ആണ് ഇത് ലഭിക്കുക.

എംപിയായിരുന്നവര്‍ക്ക് 25,000 രൂപയായിരുന്നു നേരത്തെ പ്രതിമാസ പെന്‍ഷന്‍. ഇത് 31,000 രൂപയാക്കി ഉയര്‍ത്തി. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ള എംപിമാര്‍ക്ക് അധികമുള്ള ഓരോ വര്‍ഷത്തിനും 2,500 രൂപ വീതം അധികം ലഭിക്കും. നേരത്തെയിത് 2,000 രൂപയായിരുന്നു. ഇത്രയുമാണ് ഇന്നലെ വർധന വരുത്തിയ കാര്യങ്ങൾ.
ഇത് കൂടാതെ എംപിമാർക്ക് ഓഫീസ് ജോലികള്‍ക്കും മണ്ഡലത്തിലെ ഇടപെടലുകള്‍ക്കുമായി മണ്ഡല അലവൻസ്
ഇനത്തില്‍ 70,000 രൂപ പ്രതിമാസം ലഭിക്കും. 60,000 രൂപ ഓഫീസ് അലവൻസും ഓരോ മാസവും ലഭിക്കും.

ഫോണ്‍, ഇന്‍റര്‍നെറ്റ് ഉപയോഗത്തിന് എംപിമാര്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. പ്രതിവർഷം 1,50,000 സൗജന്യ ടെലിഫോൺ കോളുകളാണ് അനുവദിച്ചിട്ടുള്ളത്. വസതികളിലും ഓഫീസുകളിലും സൗജന്യ അതിവേഗ ഇന്‍റർനെറ്റ് കണക്ഷനുകളും ലഭിക്കും.

വര്‍ഷത്തില്‍ 34 സൗജന്യ ആഭ്യന്തര വിമാന യാത്ര എംപിമാര്‍ക്കും കുടുംബങ്ങള്‍ക്കും ലഭിക്കും. ഇത് കൂടാതെ എംപിയുടെ ജീവിത പങ്കാളിക്ക് എംപിയെ കാണാനായി എട്ടു വിമാനയാത്ര സൗജന്യമായി അനുവദിക്കും. ഔദ്യോഗിക, സ്വകാര്യ ആവശ്യങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഫസ്റ്റ് ക്ലാസ് ട്രെയിന്‍ യാത്ര സൗജന്യമായി ലഭിക്കും. യാത്രയിൽ ജീവിത പങ്കാളിയെയോ സഹായിയോ സൗജന്യമായി ഒപ്പം കൊണ്ടുപോകാം.

എംപിമാർക്ക് അവരുടെ നിയോജക മണ്ഡലങ്ങൾക്കുള്ളിൽ റോഡ് മാർഗം യാത്ര ചെയ്യുമ്പോൾ മൈലേജ് അലവൻസ്
ക്ലെയിം ചെയ്യാം. കിലോമീറ്ററിന് 16 രൂപ നിരക്കിൽ ലഭിക്കും. 50,000 യൂണിറ്റ് സൗജന്യ വൈദ്യുതി, 4,000 കിലോലിറ്റര്‍
വെള്ളം എന്നിവയും എല്ലാ എംപിമാർക്കും സൗജന്യമായി ലഭിക്കും. കംപ്യുട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങാനും പ്രത്യേക തുക ലഭിക്കും. എംപിമാർക്ക് അവരുടെ അഞ്ച് വർഷത്തെ സേവന കാലയളവിൽ ദില്ലിയിൽ സൗജന്യ താമസസൗകര്യവുമുണ്ട്.

സീനിയോറിറ്റി അനുസരിച്ച്, ഫ്ലാറ്റുകളോ മുറികളോ ലഭിക്കും. ഇത് വേണ്ടെങ്കിൽ പ്രതിമാസം 2,00,000 രൂപ ഭവന
അലവൻസ് ക്ലെയിം ചെയ്യാം. എംപിമാർക്ക് താമസ സ്ഥലത്ത് ഒരു ലക്ഷം രൂപയുടെ ഫർണിച്ചറുകൾ സൗജന്യമായി നൽകും. എംപിമാർക്കും കുടുംബാംഗങ്ങൾക്കും കേന്ദ്ര സർക്കാർ ഹെൽത്ത് സ്കീമിന് കീഴിൽ മികച്ച സൗജന്യ വൈദ്യസഹായം ലഭിക്കും. എംപിക്ക് വാഹനം വാങ്ങാൻ മുൻകൂർ തുകയായി നാലു ലക്ഷം രൂപ ലഭിക്കും. ഇത് വളരെ കുറഞ്ഞ പലിശ സഹിതം അറുപത് ഗഡുക്കളായി തിരികെ പിടിക്കും. 

By admin