‘വസ്ത്രങ്ങൾ, ഈന്തപ്പഴം, ഡ്രൈഫ്രൂട്‌സ്ര്’; 32 ലക്ഷം മുസ്ലീങ്ങൾക്ക് ‘സൗഗത്ത്-ഇ-മോദി’ റംസാന്‍ കിറ്റുമായി ബിജെപി

ദില്ലി: രാജ്യത്തെ ദരിദ്രരായ 32 ലക്ഷം മുസ്ലീംകള്‍ക്ക് റംസാന്‍ കിറ്റുമായി ബിജെപിയുടെ ‘സൗഗത് ഇ മോദി’ ക്യാംപയിൻ. ബിജെപി ന്യൂനപക്ഷ മോര്‍ച്ചയാണ് ഈദ് ആഘോഷത്തിന് മുന്നോടിയായി രാജ്യത്തുടനീളമുള്ള പാവപ്പെട്ട മുസ്ലീം കുടുംബങ്ങൾക്ക് റംസാൻ കിറ്റ് വിതരണം ചെയ്യുന്നത്. ദരിദ്രരായ മുസ്ലീം കുടുംബങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ പെരുന്നാൾ ആഘോഷിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ബിജെപി പറയുന്നു. 

ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയാണ് ‘സൗഗത് ഇ മോദി’ ക്യാംപയിൻ ഉദ്ഘാടനം ചെയ്തതത്.  പ്രചാരണത്തിന്റെ ഭാഗമായി, 32,000 ന്യൂനപക്ഷ മോർച്ച പ്രവർത്തകർ രാജ്യവ്യാപകമായി 32,000 പള്ളികളുമായി സഹകരിച്ച് റംസാൻ കിറ്റ് ആവശ്യക്കാരിലേക്ക് എത്തിക്കും. ഭക്ഷ്യവസ്തുക്കളോടൊപ്പം, വസ്ത്രങ്ങൾ, വെർമിസെല്ലി, ഈത്തപ്പഴം, ഡ്രൈ ഫ്രൂട്ട്‌സ്, പഞ്ചസാര എന്നിവ കിറ്റുകളിൽ ഉൾപ്പെടും. സ്ത്രീകളുടെ കിറ്റുകളിൽ സ്യൂട്ടുകൾക്കുള്ള തുണിയും പുരുഷന്മാരുടെ കിറ്റുകളിൽ കുർത്തയും പൈജാമയും ഉൾപ്പെടും.  

ഓരോ കിറ്റിലും 600 രൂപ വരെയുള്ള സാധനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുസ്ലിം സമുദായത്തില്‍പെട്ട 32 ലക്ഷം ദരിദ്രരെ തിരിച്ചറിയുന്നതിനും അവര്‍ക്ക് സഹായം നല്‍കുന്നതിനുമായി ബിജെപി പ്രവര്‍ത്തകര്‍ പള്ളികളുമായി ബന്ധപ്പെട്ട് പദ്ധതി ഏകോപിപ്പിക്കും. മുസ്ലീം സമൂഹത്തിൽ ക്ഷേമ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിനും ബിജെപിക്കും എൻഡിഎയ്ക്കും രാഷ്ട്രീയ പിന്തുണ ശേഖരിക്കുന്നതിനുമായി ഭാരതീയ ജനതാ പാർട്ടി (ബിജെപി) ആരംഭിച്ച ഒരു കാമ്പെയ്‌നാണ് ‘സൗഗത്-ഇ-മോദി’ ക്യാംപയിനെന്ന്  ബിജെപി ന്യൂനപക്ഷ മോർച്ചയുടെ ദേശീയ പ്രസിഡന്റ് ജമാൽ സിദ്ദിഖി വ്യക്തമാക്കി. 

Read More :  ബ്രിട്ടനില്‍ ശസ്ത്രക്രിയ വൈകി, കൈക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സക്കായി ഇന്ത്യയിലേക്ക് മടങ്ങി

By admin