ലോറി കോവളം ബൈപ്പാസിൽ നിയന്ത്രണം വിട്ടു മറിഞ്ഞു, റോഡ് നിറയെ വാഴക്കുല തെറിച്ചുവീണു; ഏറെ നേരം ഗതാഗത കുരുക്കായി
തിരുവനന്തപുരം: ബൈപ്പാസ് റോഡിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. നഗരത്തിലേക്ക് വാഴക്കുല കയറ്റി വന്ന മിനിലോറി ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഇന്ന് ഉച്ചയോടെ വെള്ളാർ ജങ്ഷന് സമീപം ആയിരുന്നു സംഭവം. ഇതോടെ ബൈപ്പാസിൽ ഗതാഗതക്കുരുക്കുണ്ടായി. കോവളം പൊലീസ് സ്ഥലത്തെത്തി, പൊലീസും സമീപവാസികളും ചേർന്ന് മിനിലോറി ഉയർത്തിയ ശേഷമാണ് വാഹനങ്ങൾക്ക് കടന്നു പോകാനായത്. ഡ്രൈവറും ക്ലീനറും ആയിരുന്നു ലോറിയിൽ ഉണ്ടായിരുന്നത്. ആർക്കും പരുക്കുകളില്ല. പൊലീസ് ഗതാഗതം നിയന്ത്രിച്ചു. ലോറി ഉയർത്തിയ ശേഷം മറ്റ് കാര്യമായ തകരാറുകളില്ലാതിരുന്നതിനാൽ യാത്ര തുടർന്നെന്ന് കോവളം പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം