മിന്നു മണിക്കും സജനയ്ക്കും ബിസിസിഐ കരാറില്ല! ഗ്രേഡ് എയില്‍ മൂന്ന് താരങ്ങള്‍ മാത്രം, പ്രതിഫലം അറിയാം

മുംബൈ: ഇന്ത്യന്‍ വനിതാ താരങ്ങള്‍ക്കുള്ള ബിസിസിഐയുടെ വാര്‍ഷിക കരാറുകള്‍ പ്രഖ്യാപിച്ചു. 30 ലക്ഷം രൂപ വാര്‍ഷിക പ്രതിഫലമുള്ള ഗ്രേഡ് എ പട്ടികയില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന, ദീപ്തി ശര്‍മ്മ എന്നിവരാണുള്ളത്. രേണുക താക്കൂര്‍, ജെമിമ റോഡ്രിഗസ്, ഷെഫാലി വര്‍മ്മ, റിച്ച ഘോഷ് എന്നിവര്‍ ബി ഗ്രേഡ് കരാറില്‍ ഉള്‍പ്പെട്ടു. ഗ്രേഡ് സിയില്‍ അമന്‍ജോത് കൗര്‍, ഉമ ഛേത്രി, പൂജ വസ്ത്രാകര്‍, അരുദ്ധതി റെഡ്ഡി, സ്‌നേഹ് റാണ, ടിറ്റാസ് സാധു, രാധ യാദവ്, ശ്രേയങ്ക പാട്ടീല്‍, യസ്തിക ഭാട്ടിയ എന്നിവരാണുള്ളത്. ഇന്ത്യന്‍ ടീമിലെ

മലയാളിതാരങ്ങളായ മിന്നു മണി, സജന സജീവന്‍, ആശ ശോഭന എന്നിവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ബി ഗ്രേഡിന് 30 ലക്ഷം രൂപയും സി ഗ്രേഡിന് 10 ലക്ഷം രൂപയുമാണ് വാര്‍ഷിക പ്രതിഫലം. ടെസ്റ്റിന് 15 ലക്ഷം രൂപയും ഏകദിനത്തിന് ആറ് ലക്ഷം രൂപയും ട്വന്റി 20ക്ക് മൂന്ന് ലക്ഷം രൂപയുമായിരിക്കും ഓരോ മത്സരത്തിലും പുരുഷ വനിതാ താരങ്ങളുടെ പ്രതിഫലം. അതേസമയം, മിന്നു മണി ഇന്ത്യന്‍ ടീമില്‍ സ്ഥിരം സാന്നിധ്യമല്ല. ഇനി ടീമിലുണ്ടാവുമ്പോള്‍ തന്നെ കളിക്കാനുള്ള അവസരവും ലഭിക്കാറില്ല. സജനയാവട്ടെ ടി20 ടീമില്‍ മാത്രമാണ് അംഗമായിട്ടുള്ളത്. ആശാ ശോഭന അടുത്ത കാലത്തൊന്നും ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടില്ല.

By admin