മിന്നിച്ച അരങ്ങേറ്റം; വിഗ്നേഷ് പുത്തൂരിന് മുംബൈ ഇന്ത്യന്‍സിന്‍റെ സ്പെഷ്യല്‍ ഗിഫ്റ്റ്

മുംബൈ: ഐപിഎല്‍ അരങ്ങേറ്റത്തില്‍ തിളങ്ങിയ മലയാളി സ്പിന്നര്‍ വിഗ്നേഷ് പുത്തൂരിന് മുംബൈ ഇന്ത്യന്‍സിന്‍റെ ഉപഹാരം. ചെന്നൈ സൂപ്പര്‍ കിംഗ്സിന് എതിരായ മത്സരത്തിലെ മികച്ച ബൗളര്‍ക്കുള്ള ഉപഹാരം വിഗ്നേഷിന് മുംബൈ ടീമുടമ നിത അംബാനി മത്സര ശേഷം സമ്മാനിച്ചു. മത്സരത്തില്‍ അരങ്ങേറ്റ ഓവറിലെ അടക്കം മൂന്ന് വിക്കറ്റ് വിഗ്നേഷ് പുത്തൂര്‍ സ്വന്തമാക്കിയിരുന്നു. 

‘ടീമിന്‍റെ ആദ്യ അവാര്‍ഡ് ഞാന്‍ അരങ്ങേറ്റക്കാരനായ യുവ സ്‌പിന്നര്‍ വിഗ്നേഷിന് സമ്മാനിക്കുകയാണ്’- എന്ന് പറഞ്ഞുകൊണ്ടാണ് നിത അംബാനി പുരസ്കാരം പ്രഖ്യാപിച്ചത്. ‘വെല്‍ ഡണ്‍, വെല്‍ ഡണ്‍’ എന്നും വിഗ്നേഷ് പുത്തൂരിന്‍റെ പ്രകടനത്തെ നിത അംബാനി വാഴ്ത്തി. നിറഞ്ഞ കയ്യടികളോടെയാണ് മുംബൈ ഇന്ത്യന്‍സിലെ സഹതാരങ്ങളും സപ്പോര്‍ട്ടിംഗ് സ്റ്റാഫും പ്രഖ്യാപനം ഏറ്റെടുത്തത്. എല്ലാ പിന്തുണയ്ക്കും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും സഹതാരങ്ങള്‍ക്കും പരിശീലകര്‍ക്കും വിഗ്നേഷ് പുത്തൂര്‍ നന്ദി പറഞ്ഞു. വിഗ്നേഷിന്‍റെ നന്ദിക്ക് സ്കൈയുടെ പ്രതികരണവും ശ്രദ്ധേയമായി. 

മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ വിഗ്നേഷ് പുത്തൂര്‍ മൂന്ന് വിക്കറ്റ് പ്രകടനവുമായി വിറപ്പിച്ചിരുന്നു. നാല് ഓവര്‍ പന്തെറിഞ്ഞ വിഗ്നേഷ് 32 റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്‌ക്‌വാദ്, വെടിക്കെട്ട് ബാറ്റര്‍മാരായ ശിവം ദുബെ, ദീപക് ഹൂഡ എന്നിവരുടെ വിക്കറ്റാണ് വിഗ്നേഷ് വീഴ്ത്തിയത്. 

മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയാണ 24-കാരനായ വിഗ്നേഷ് പുത്തൂര്‍. ലോകത്തെ അപൂര്‍വം ചൈനാമാന്‍ സ്പിന്നര്‍മാരിലൊരാളാണ്. ഐപിഎല്ലില്‍ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് വിഗ്നേഷിനെ സ്വന്തമാക്കിയത്. ഐപിഎല്‍ പതിനെട്ടാം സീസണിന് മുമ്പ് വിഗ്നേഷിന് വിദേശ പരിശീലനത്തിന് ഫ്രാഞ്ചൈസി അവസരം നല്‍കി. സൗത്ത് ആഫ്രിക്ക ട്വന്റി 20 ലീഗില്‍ മുംബൈ ഫ്രാഞ്ചൈസിക്ക് തന്നെ കീഴിലുള്ള എംഐ കേപ്‌ടൗണിന്‍റെ നെറ്റ് ബൗളറായി ലോകോത്തര താരങ്ങള്‍ക്കെതിരെ പന്തെറിഞ്ഞത് വിഗ്നേഷിന് ഐപിഎല്ലില്‍ ഗുണമായി. 

Read more: വിഘ്നേഷ് പുത്തൂര്‍, ചെപ്പോക്കിനെ നിശബ്ദമാക്കിയ മലപ്പുറംകാരൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin