പൊങ്കാല ദിവസം ലുലു മാളിനടുത്ത് കാർ പാ‍ർക്ക് ചെയ്ത് ബസിലും ഓട്ടോയിലും കിഴക്കേകോട്ടയിലേക്ക്; മാല കവർന്ന് മുങ്ങി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീയുടെ മാല ബസിൽ കയറി പൊട്ടിച്ചെടുത്ത കേസിലെ പ്രധാന പ്രതി പിടിയിൽ. തമിഴ്‌നാട് സ്വദേശിയായ തിരുവള്ളൂർ പൊളിവാക്കം വിഘ്‌നേശ്വർ നഗർ സ്വദേശി ഇളയരാജ (46)യെയാണ് തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ നിന്നും തിരുവനന്തപുരം വഞ്ചിയൂർ പൊലീസ് പിടികൂടിയത്.

ആറ്റിങ്ങൽ ചിറയിൻകീഴ് സ്വദേശിനി ശോഭകുമാരിയുടെ 10 പവൻ വരുന്ന സ്വർണമാലയാണ് ആറ്റുകാൽ പൊങ്കാല ദിവസം മോഷണംപോയത്. തിരുവനന്തപുരം ആയുർവേദ കോളേജിനു സമീപത്തു വെച്ചായിരുന്നു മോഷണം. പൊങ്കാല ദിവസം കാറിലെത്തിയ ഇയാൾ ഉൾപ്പെട്ട സംഘം ആക്കുളത്തെ ലുലു മാളിനടുത്ത് കാർ പാർക്ക് ചെയ്ത ശേഷം ബസിലും ഓട്ടോയിലുമായി കിഴക്കേകോട്ടയിലെത്തി. പൊങ്കാലയുടെ തിരക്കിനിടെ ബസിൽ ഉൾപ്പടെ  മോഷണം നടത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. ഇപ്പോൾ പിടിയിലായ ഇളയരാജയുടെ പേരിൽ പൊള്ളാച്ചിയിലും  ചോറ്റാനിക്കര സ്റ്റേഷനിലുംകേസുകളുണ്ട്. ഒപ്പമുണ്ടായിരുന്നവർക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Read also: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം, ഐ ബിക്കും പോലീസിനും പരാതി നൽകി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin