തമീം ഇഖ്ബാലിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി, താരം അപകടനില തരണം ചെയ്തു
ധാക്ക: മത്സരത്തിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇക്ബാല്‍ അപകടനില തരണം ചെയ്തു. ധാക്ക പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ, ടോസിന് ശേഷമാണ് മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് നായകനായ തമീമിന് ഹൃദയാഘാതം ഉണ്ടായത്. ആന്‍ജിയോപ്ലാസ്റ്റിക് വിധേയനായ തമീം തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. ബംഗ്ലാദേശിനായി 391 അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിച്ചിട്ടുള്ള
താരമാണ് മുപ്പത്തിയാറുകാരനായ തമീം ഇക്ബാല്‍.
ഷൈന്‍പൂര്‍ ക്രിക്കറ്റ് ക്ലബ്ബിനെതിരായ മത്സരത്തിനിടെയാണ് തമീമിന് ഹൃദയാഘാതം അനുഭവപ്പെടുന്നത്. പ്രാഥമിക വൈദ്യസഹായം നല്‍കിയ ശേഷം കൂടുതല്‍ വിലയിരുത്തലുകള്‍ക്കായി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നാലെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. അപകടനില തരണം ചെയ്തതായി ഡോക്റ്റര്‍മാര്‍ അറിയിച്ചു. ആശുപത്രിയിലെ പരിശോധനകള്‍ക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങാന്‍ തമീം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മടങ്ങുന്നതിനിടെ ആംബുലന്‍സില്‍വെച്ച് വീണ്ടും നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നുവെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് വൃത്തങ്ങള്‍ അറിയിച്ചു.
അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനയിലാണ് ക്രിക്കറ്റ് ലോകം. 2023 ജൂലൈയില്‍, വികാരഭരിതമായ ഒരു പത്രസമ്മേളനത്തിനിടെ തമീം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ അന്നത്തെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഇടപെടലിനെത്തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ അദ്ദേഹം തന്റെ തീരുമാനം മാറ്റി. പിന്നീട് ഈ വര്‍ഷം ജനുവരിയില്‍ അദ്ദേഹം രണ്ടാം തവണയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തി.