ചെന്താമരയുടെ കൊടും ക്രൂരതയിൽ അനാഥമായ സുധാകരന്‍റെ മക്കൾക്ക് കൈത്താങ്ങ്; ഒരു ലക്ഷം രൂപ നൽകി എച്ച്ആർഡിഎസ്

പാലക്കാട്: നെന്മാറ പോത്തുണ്ടിയിൽ കൊല്ലപ്പെട്ട സുധാകരന്‍റെ മക്കള്‍ക്ക് കൈത്താങ്ങ്. അച്ഛനും അമ്മയും കൊല്ലപ്പെട്ട അഖിലയ്ക്കും അതുല്യയ്ക്കും ഒരു ലക്ഷം രൂപ നൽകുമെന്ന് എച്ച്ആര്‍ഡിഎസ് ഇന്ത്യ അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ നമസ്തേ കേരളത്തിലൂടെ കുട്ടികളുടെ അവസ്ഥ അറിഞ്ഞാണ് സഹായം. സഹായ വാഗ്ദാനം അറിയിച്ചതിന് പിന്നാലെ അതുല്യയ്ക്കും അഖിലയ്ക്കും എച്ച്ആര്‍ഡിഎസ് ഇന്ത്യ അധികൃതര്‍ ചെക്ക് കൈമാറി. ചെന്താമര എന്ന കൊടും കുറ്റവാളി ഇല്ലാതാക്കിയ സുധാകരന്‍റെയും സജിതയുടെയും മക്കളായ അതുല്യയും അഖിലയും ഇന്ന് അനാഥരാണ്.

വയോധികയായ മുത്തശ്ശി കൂലി പണിയെടുത്താണ് ജീവിതം മുന്നോട്ടു പോകുന്നത്. ഇവരുടെ കരളുരുക്കുന്ന ജീവിതം നമസ്തേ കേരളത്തിലൂടെ അറിഞ്ഞാണ് സന്നദ്ധ സംഘടനയായ എച്ച്ആര്‍ഡിഎസ് സഹായവുമായി എത്തിയത്. അഖിലയ്ക്കും അതുല്യയ്ക്കും ഒരു ലക്ഷം രൂപ നൽകുമെന്നും ഇതിനുപുറമെ പഠനത്തിനും ചെലവിനുമായി പ്രതിമാസം പതിനായിരം രൂപ നൽകുമെന്നും എച്ച്ആര്‍ഡിഎസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു.ഒരുപാട് നന്ദിയുണ്ടെന്നും എച്ച്ആര്‍ഡിഎസിനും ഏഷ്യാനെറ്റ് ന്യൂസിനും നന്ദിയുണ്ടെന്നും അഖിലയും അതുല്യയും പറഞ്ഞു.

നെന്മാറ പോത്തുണ്ടി ഇരട്ടക്കൊല കേസിൽ അന്വേഷണസംഘം ഇന്ന് ആലത്തൂർ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് സുധാകരന്‍റെ മക്കള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട സുധാകരന്‍റെ മക്കൾ ആവശ്യപ്പെട്ടു. അച്ഛന്‍റെയും മുത്തശ്ശിയുടെയും മരണത്തോടെ തീർത്തും അനാഥരായി.ജോലി അടക്കമുള്ള  വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. ചെന്താമര പുറത്തിറങ്ങിയാൽ വീണ്ടും ആക്രമിക്കുമെന്ന് പേടിയുണ്ടെന്നും മക്കൾ പറഞ്ഞു. 

“അയാൾ പുറത്തിറങ്ങിയാൽ എന്താ ചെയ്യുകയെന്ന് അറിയില്ല. ജാമ്യം ലഭിക്കുമോയെന്ന പേടിയുണ്ട്. അയാൾ ഇറങ്ങിയാൽ ഞങ്ങളിൽ ആരുടെയെങ്കിലും അല്ലെങ്കിൽ നാട്ടുകാരുടെ ജീവൻ പോകും. ഇന്ന് അച്ഛനും അമ്മയും അമ്മമ്മയുമില്ല. ഞങ്ങൾക്ക് ആരുമില്ല. സർക്കാർ ഞങ്ങളെ ഏറ്റെടുക്കണം”- മക്കൾ പറഞ്ഞു. ചെന്താമര ഏക പ്രതിയായ കേസിൽ പൊലീസുകാർ ഉൾപ്പെടെ 133 സാക്ഷികളാണുള്ളത്. മുപ്പതിലധികം രേഖകളും ഫോറൻസിക് പരിശോധനാ ഫലം ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിലുണ്ട്. 

ലക്ഷ്മിയെ ചെന്താമര കൊലപ്പെടുത്തുന്നത് നേരിൽക്കണ്ട ഏക ദൃക്സാക്ഷിയുടെ മൊഴിയും ചിറ്റൂർ കോടതിയിൽ രേഖപ്പെടുത്തിയ എട്ടു പേരുടെ രഹസ്യമൊഴിയും ഉള്ളടക്കമാവും. അന്വേഷണ സംഘം തയാറാക്കിയത്. വ്യക്തി വൈരാഗ്യത്തെ തുടർന്ന് ജനുവരി 27നാണ് പോത്തുണ്ടി സ്വദേശി സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ അയൽവാസിയായ ചെന്താമര വെട്ടി കൊലപ്പെടുത്തിയത്. സുധാകരന്‍റെ ഭാര്യ സജിതയെ 2019 ൽ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ സമയത്താണ് ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്.

ആശ സമരം സാമൂഹ്യ മുന്നേറ്റം; ആരോപണങ്ങൾക്ക് മറുപടിയുമായി എസ്‍യുസിഐ, സമരത്തിന്‍റെ ക്രെഡിറ്റ് എടുത്തിട്ടില്ല

 

By admin