ഗൂഗിള്‍ ടാക്സ് നിര്‍ത്തുന്നു; നടപടി ട്രംപിന്‍റെ ഭീഷണിയെത്തുടര്‍ന്ന്

ഗൂഗിള്‍, മെറ്റ തുടങ്ങിയ കമ്പനികളുടെ ഓണ്‍ലൈന്‍ പരസ്യ സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന 6% ഗൂഗിള്‍ നികുതി (ഇക്വലൈസേഷന്‍ ലെവി) ഏപ്രില്‍ 1 മുതല്‍ പിന്‍വലിക്കും.  ഗൂഗിള്‍ ടാക്സ് എന്ന പേരിലാണ് ഈ നികുതി അറിയപ്പെടുന്നത്. ഏപ്രില്‍ 2 മുതല്‍ യുഎസ് ടെക് കമ്പനികള്‍ക്ക് ഡിജിറ്റല്‍ നികുതി ചുമത്തുന്ന രാജ്യങ്ങള്‍ക്ക് പ്രതികാര തീരുവ ചുമത്തുമെന്ന്  യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം. ധനകാര്യ ബില്ലിന്‍റെ ഭാഗമായാണ് സര്‍ക്കാര്‍ നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. നിലവില്‍ ബില്‍ ലോക്സഭയില്‍ ചര്‍ച്ചയിലാണ്. ഈ നിര്‍ദ്ദേശം പാര്‍ലമെന്‍റ് അംഗീകരിച്ചാല്‍, 2025 ഏപ്രില്‍ 1 മുതല്‍ ഗൂഗിള്‍ നികുതി ബാധകമാകില്ല. ഗൂഗിള്‍ നികുതി ഒഴിവാക്കുന്നത് ഓണ്‍ലൈന്‍ പരസ്യ സേവനങ്ങള്‍ വില്‍ക്കുന്ന കമ്പനികള്‍ക്ക്, പ്രത്യേകിച്ച് ഗൂഗിള്‍, മെറ്റ പോലുള്ള പ്രമുഖ യുഎസ് ടെക് ഭീമന്മാര്‍ക്ക് ഗുണം ചെയ്യും.

എന്താണ് ഗൂഗിള്‍ ടാക്സ് ?

2016-ല്‍ ആണ് ഇന്ത്യയില്‍ ഇക്വലൈസേഷന്‍ ലെവി അല്ലെങ്കില്‍ ഗൂഗിള്‍ ടാക്സ് നിലവില്‍ വന്നത്. ഇന്ത്യയില്‍ നിന്നുള്ള വിദേശ ഇ-കൊമേഴ്സ് കമ്പനികളുടെ വരുമാനത്തിന് നികുതി ചുമത്തുക എന്നതായിരുന്നു ഇതിന്‍റെ ഉദ്ദേശ്യം.  സേവനം ലഭിക്കുന്ന ആള്‍ പണമടയ്ക്കുന്ന സമയത്ത് ചുമത്തുന്ന നികുതിയാണ് ഗൂഗിള്‍ ടാക്സ്. പരസ്യത്തിന് പകരമായി നികുതി അടയ്ക്കുന്ന കമ്പനി വിദേശിയായിരിക്കണം എന്നതാണ് വ്യവസ്ഥ. 

ഗൂഗിള്‍ ടാക്സ് വഴി സര്‍ക്കാരിന് എത്ര വരുമാനം ലഭിക്കും?

2016-17ല്‍ 338.6 കോടി രൂപയും, 2017-18ല്‍ 589.4 കോടി രൂപയും, 2018-19ല്‍ 938.9 കോടി രൂപയും തുല്യതാ ലെവിയായി പിരിച്ചെടുത്തതായി 2021-ല്‍ രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നു. 2019-20 ല്‍ 1,136.5 കോടി രൂപയും 2020-21 ല്‍ (ജനുവരി 30 വരെ) 1,492.7 കോടി രൂപയുമായിരുന്നു വരുമാനം.  2020-21 ല്‍ ആകെ 2,058 കോടി രൂപയും, 2021-22 ല്‍ 3,900 കോടി രൂപയും, 2022-23 ല്‍ 3864 കോടി രൂപയും, 2023-24 ല്‍ 3533 കോടി രൂപയും, 2024-25 ല്‍ (മാര്‍ച്ച് 15 വരെ) 3,342 കോടി രൂപയുമായിരുന്നു ഈ ഇനത്തില്‍ സര്‍ക്കാരിന്‍റെ വരുമാനം

By admin

You missed